മുഖ്യമന്ത്രി വര്‍ഗീയാഗ്നിക്ക് തിരികൊളുത്തരുത്
കേരളീയ സമൂഹത്തില്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ പഠിച്ചപണി പതിനെട്ടും സംഘ്പരിവാര്‍ പയറ്റിയിട്ടും വിജയിക്കാത്തയിടത്ത് സി.പി.എം ആ ചുമതല ഏറ്റെടുത്തിരിക്കുകയാണോ? തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയതുതന്നെ മുസ്‌ലിം സമുദായത്തിന്റെ നെഞ്ചിലേക്ക് വര്‍ഗീയവിഷം പുരട്ടിയ അസ്ത്രം തൊടുത്തുകൊണ്ടായിരുന്നു. അതിന്റെ മധുരിക്കുന്ന ഫലമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ അഭൂതപൂര്‍വമായ വിജയമെന്ന് സി.പി.എം ധരിച്ചതിനാലാണോ കോടിയേരി താഴെവച്ച വിഷബാണം വീണ്ടും തൊടുത്തുവിടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറായത്.
പണ്ട് മാതൃഭൂമി പത്രാധിപരെ എടോ ഗോപാലകൃഷണായെന്നുംക്രിസ്ത്യന്‍ മതപുരോഹിതനെ നികൃഷ്ടജീവിയെന്നും ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രനെ പരനാറിയെന്നും വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയല്ല ഇന്ന് പിണറായി വിജയന്‍. ഇടയ്ക്കിടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന കോടിയേരി ബാലകൃഷണന്റെയും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും സി.പി.എം ആക്ടിങ് സെക്രട്ടറി വിജയരാഘവന്റെയും നിലവാരമല്ല സംസ്ഥാനത്തിന്റെ ഭരണത്തലവനില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. വര്‍ഗീയ ധ്രുവീകരണം ഇന്ത്യയിലൊട്ടാകെ പടര്‍ത്താന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത, കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ സി.എ.എ നിയമത്തിനെതിരേ ധീരമായ നിലപാടെടുത്ത മുഖ്യമന്ത്രി പിണറായി വിജയനെയാണ് കേരള ജനതയ്ക്ക് വേണ്ടത്.
സംസ്ഥാന ജനസംഖ്യയില്‍ 27 ശതമാനം വരുന്ന മുസ്‌ലിം സമുദായത്തെ അവഗണിച്ചുകൊണ്ട് കേരളത്തില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും മുന്‍പോട്ടുപോകാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം. യു.ഡി.എഫിന്റെ നിയന്ത്രണം മുസ്‌ലിം ലീഗ് ഏറ്റെടുക്കാന്‍ പോകുകയാണെന്നും കോണ്‍ഗ്രസില്‍ ആരാണ് നേതൃസ്ഥാനത്ത് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്നുമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ താങ്ങായിനിന്ന ചിലരെ ആഹ്ലാദിപ്പിച്ചിരിക്കാം. കേരളം ഭരിക്കാന്‍പോകുന്നത് ഹസനും കുഞ്ഞാലിക്കുട്ടിയും അമീറുമാണെന്ന കോടിയേരിയുടെ മാരക വാക്കുകള്‍ക്കൊപ്പം നില്‍ക്കുന്നതാണ് മുഖ്യമന്ത്രിയുടെയും നാവില്‍നിന്ന് വീന്നത്.
മുസ്‌ലിം ലീഗിനെ മുന്നില്‍നിര്‍ത്തി സമുദായത്തെ മൊത്തത്തില്‍ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്‌ലിംകളുടെയുംകൂടി നെഞ്ചിലാണ് അത് പതിക്കുന്നതെന്ന് സി.പി.എം ഓര്‍ക്കണം. കേരളത്തിലെ മുസ്‌ലിംകള്‍ മുഴുവന്‍ ലീഗുകാരല്ല. അവരില്‍ കോണ്‍ഗ്രസുകാരും സി പി.എമ്മുകാരും ബി.ജെ.പിക്കാരുമുണ്ട്. ഇതര രാഷ്ട്രീയപ്പാര്‍ട്ടികളെപോലെ തന്നെയാണ് ലീഗും. മതേതര, ജനാധിപത്യപാര്‍ട്ടിയായി തന്നെയാണ് ലീഗും തെരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അമീറും ഹസനും കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നാണ് കേരളം ഭരിക്കാന്‍ പോകുന്നതെന്ന് കോടിയേരിയും യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ആരാണ് വരേണ്ടതെന്ന് ലീഗാണ് തീരുമാനിക്കുന്നതെന്ന് പിണറായിയും പറയുമ്പോള്‍ അതിന്റെ കുന്തമുനകള്‍ എങ്ങോട്ടാണ് പായുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകം കേരളീയ സമൂഹത്തിനുണ്ട്.
സി.പി.എമ്മിനെപ്പോലെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് യു.ഡി.എഫ് തലപ്പത്ത് വരികയാണെങ്കില്‍ അതിലെന്താണിത്ര കുഴപ്പം? അതെങ്ങനെയാണ് മഹാ അപരാധമായിത്തീരുന്നത്? സി.പി.എം പൊതുബോധത്തില്‍ രൂപപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മനോഘടനയുടെ ദുഃസൂചനയായി മാത്രമേ മുഖ്യമന്ത്രിയുടെ വാക്കുകളെ കാണാനാകൂ. അമീറിനെയും കുഞ്ഞാലിക്കുട്ടിയെയും ഹസനെയും വലിച്ചിഴച്ചുകൊണ്ടുവരുമ്പോള്‍ മുസ്‌ലിം സമുദായത്തെയാണ് അത് മൊത്തത്തില്‍ ബാധിക്കുന്നത്. അത്തരം പ്രവര്‍ത്തനങ്ങളാണ് ഇടത് സര്‍ക്കാരില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എത്രയൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും പാലക്കാട്ടെ കൊച്ചുബാലികയെ വെടിവച്ചുകൊന്നതിന്റെ രക്തംപുരണ്ട കരങ്ങളോടെ രമണ്‍ ശ്രീവാസ്തവ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുക്കുന്ന ഉപദേശങ്ങള്‍ നിരാകരിക്കാന്‍ ഇതുവരെ പിണറായി സന്നദ്ധനായിട്ടില്ല. അതിനാല്‍ തന്നെയായിരിക്കണം ഭരണഘടനാ സ്ഥാപനമായ പാലക്കാട്ടെ നഗരസഭാ കാര്യാലയത്തിന് മുകളില്‍ സംഘ്പരിവാര്‍ സ്ഥാപിച്ച ഫ്‌ളക്‌സിന് പിന്നില്‍ ആരെന്നറിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കുന്നത്. ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് പാലക്കാട്ടെ സ്‌കൂളില്‍ വന്ന് ദേശീയപതാക ഉയര്‍ത്തിയ കേസ് എങ്ങുമെത്താതെ തേഞ്ഞുമാഞ്ഞുകൊണ്ടിരിക്കുന്നതിന് പിന്നിലും ഇതായിരിക്കണം കാരണം. ഇതൊക്കെ തന്നെയായിരിക്കണം കേരളത്തില്‍ വര്‍ഗീയാസ്വാസ്ഥ്യം ഉണ്ടാക്കാന്‍ ആര്‍.എസ്.എസിന് ധൈര്യം കിട്ടുന്നതും. പിണറായി വിജയനെ ലാവ്‌ലിന്‍ അഴിമതിയില്‍ കുറ്റവിമുക്തനാക്കിയതിനെതിരേ സി.ബി.ഐ സുപ്രിംകോടതിയില്‍ നല്‍കിയ അപ്പീല്‍ ഇരുപതിലധികം തവണയായി മാറ്റിവച്ചുകൊണ്ടിരിക്കുകയാണ്. ആ കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഇത്തരം ആനുകൂല്യങ്ങള്‍ ഭരണകൂടത്തില്‍ നിന്ന് സംഘ്പരിവാറിന് കിട്ടിയേക്കാം. അടുത്തിടെയായി തെക്കന്‍ ജില്ലകളില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന ദുഷ്പ്രചാരണങ്ങളില്‍ നിന്ന് കൂടുതല്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് മുഖ്യമന്ത്രിയുടെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ചുള്ള പ്രസ്താവന.
2018ല്‍ സംസ്ഥാനത്തെ ഹിന്ദു സഹോദരന്മാരെ തെറ്റിദ്ധരിപ്പിച്ച് ധ്രുവീകരണമുണ്ടാക്കാന്‍ അന്നത്തെ ബി.ജെ.പി പ്രസിഡന്റായിരുന്ന പി.എസ് ശ്രീധരന്‍ പിള്ള നടത്തിയ പരിശ്രമം പരാജയപ്പെട്ടത് സംസ്ഥാനത്തെ ഭൂരിപക്ഷംവരുന്ന ഹൈന്ദവ സഹോദരന്‍മാര്‍ അത് അവജ്ഞയോടെ തള്ളിക്കളഞ്ഞതിനാലാണ്. അന്ന് ശ്രീധരന്‍പിള്ള പറഞ്ഞത് കേരളത്തിന്റെ അജന്‍ഡ തീരുമാനിക്കുന്നത് ബി.ജെ.പിയാണെന്നായിരുന്നു. അതേ അജന്‍ഡയുടെ തുടര്‍ച്ചയാണ് ക്രിസ്ത്യന്‍ സഹോദരന്മാരെ കരുവാക്കി മുസ്‌ലിംകള്‍ക്കെതിരേ ബി.ജെ.പി ഇപ്പോള്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ശ്രീധരന്‍പിള്ള കഴിഞ്ഞദിവസം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മുസ്‌ലിംകള്‍ അനര്‍ഹമായി സ്‌കോളര്‍ഷിപ്പ് നേടിക്കൊണ്ടിരിക്കുകയാണെന്നും ക്രിസ്ത്യന്‍ സമുദായത്തിന് അവകാശപ്പെട്ടതും കവര്‍ന്നെടുക്കുകയാണെന്നുമുള്ള തെറ്റായ വിവരങ്ങള്‍ നല്‍കിയത്. ഭരണഘടനാനുസൃതമായ ആനുകൂല്യങ്ങള്‍ മാത്രമാണ് മുസ്‌ലിം സമുദായത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു വിഭാഗത്തിന്റെ അവകാശങ്ങള്‍ മറ്റൊരു വിഭാഗം കവര്‍ന്നെടുക്കാന്‍ കേരളം വെള്ളരിക്കാപ്പട്ടണമാണോ? ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് അര്‍ഹതപ്പെട്ട സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെങ്കില്‍ അതുസംബന്ധിച്ച് പഠനം നടത്തി അവരുടെ പരാതികള്‍ പരിഹരിക്കുകയാണ് വേണ്ടത്. അതിന് ആരാണ് ഇവിടെ തടസംനില്‍ക്കുന്നത്. ക്രിസ്ത്യന്‍ വിഭാഗത്തില്‍ ചിലര്‍ ഉന്നയിക്കുന്ന ലൗ ജിഹാദും ബി.ജെ.പി അജന്‍ഡയുടെ ഭാഗമാണ്. യു.പി സര്‍ക്കാര്‍ ചാര്‍ജ് ചെയ്യുന്ന ഇത്തരം കേസുകളെല്ലാം കോടതികള്‍ തള്ളിക്കൊണ്ടിരിക്കുകയുമാണ്.
1982ല്‍ മുസ്‌ലിം ലീഗിലെ രണ്ട് വിഭാഗങ്ങളും ഒന്നിച്ചതിനുശേഷം 1987ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേപോലെ വര്‍ഗീയ കാര്‍ഡിറക്കി കളിച്ചവരാണ് സി.പി.എം എന്നോര്‍ക്കണം. അന്നത്തെ പ്രധാന ആരോപണം രണ്ട് കുവൈത്തി അറബികളെ കെ.കരുണാകരനും ലീഗ് നേതാക്കളും നിയമവിരുദ്ധമായും രഹസ്യമായും സ്വീകരിച്ച് രഹസ്യം കൈമാറിയെന്നായിരുന്നു. പ്രബുദ്ധ ജനത ആ ആരോപണം തള്ളിക്കളയുകയായിരുന്നു. ഇപ്പോഴത്തെ കലങ്ങിയ രാഷ്ട്രീയ കാലാവസ്ഥയില്‍ സി.പി.എം മുഖ്യമന്ത്രിയെ ഓര്‍മിപ്പിക്കേണ്ടത് കേരളീയ രാഷ്ട്രീയാന്ധകാരത്തില്‍ ദിക്കറിയാതെ നട്ടംതിരിഞ്ഞുകൊണ്ടിരിക്കുന്ന ബി.ജെ.പിക്ക് വെളിച്ചമാകരുതെന്നാണ്. കേരളം വര്‍ഗീയാഗ്നിയില്‍ കത്തിച്ചാമ്പലാകുന്നതില്‍ നിന്ന് രക്ഷപ്പെടണമെങ്കില്‍ സി.പി.എം നേതാക്കളും മുഖ്യമന്ത്രിയും കൈയിലേന്തിയ വര്‍ഗീയ തീപ്പന്തം ദൂരെ എറിയുക തന്നെ വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."