ബംഗാള്‍: മതേതര രാഷ്ട്രീയത്തിന് വകതിരിവുണ്ടാവട്ടെ...
ബംഗാളില്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തൊട്ടുടനെ വരുന്ന അസംബ്ലി തെരഞ്ഞെടുപ്പിലും പുതിയ 'ഉല്‍പ്പന്ന'ങ്ങളെ രംഗത്തിറക്കാനും 'സേവന - വിതരണ' ശൃംഖലകള്‍ എതിര്‍പാര്‍ട്ടി നേതാക്കളിലൂടെ വിപുലീകരിക്കാനുമൊക്കെയുള്ള ബഹളത്തിലാണ് ബി.ജെ.പി. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും മമതയുടെ ഏറ്റവും അടുപ്പക്കാരില്‍ ഒരാളായ സുവേന്ദു അധികാരിയെയും നാല് എം.എല്‍.എമാരെയും നിരവധി നേതാക്കളെയും മറുകണ്ടം ചാടിക്കുന്നതില്‍ പാര്‍ട്ടി വിജയിച്ചിരിക്കുന്നു. നേതാവ് എന്ന ഏതോ രാഷ്ട്രീയ പ്രക്രിയയുടെ ഉല്‍പ്പന്നത്തെ ബി.ജെ.പിയുടെ വര്‍ണക്കടലാസില്‍ പൊതിഞ്ഞ് പ്രസിദ്ധം ചെയ്യാനായി ഡല്‍ഹിയില്‍ നിന്നെത്തുന്ന കേന്ദ്രമന്ത്രിമാരും മറ്റു പാര്‍ട്ടികളില്‍നിന്ന് ഒഴിപ്പിച്ചെടുക്കാനുള്ള 'സ്വത്തുവക'കളെ തേടിപ്പിടിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സികളും തേരാപ്പാര ഓടിനടക്കുന്നുണ്ട്. നേരത്തെ മമതയുടെ വലംകൈയ്യായിരുന്ന, വിവാദമായ ശാരദാ ചിട്ടി ഫണ്ട് അഴിമതി കേസില്‍ മുഖ്യ കുറ്റവാളികളിലൊരാളായി ബി.ജെ.പി തന്നെയും ചൂണ്ടിക്കാട്ടിയിരുന്ന മുന്‍ പാര്‍ലമെന്റംഗം മുകുള്‍ റോയി ഉദാഹരണം. റോയിയെ ബി.ജെ.പിയില്‍ എത്തിച്ചത് ഒന്നിനു പുറകെ മറ്റൊന്നായി വന്ന അഴിമതി കേസുകളായിരുന്നുവെന്നതാണ് വസ്തുത. റെയില്‍വേ ബോര്‍ഡില്‍ അംഗത്വം നല്‍കാമെന്നു പറഞ്ഞ് 70 ലക്ഷം രൂപ കൈക്കൂലി വാങ്ങി ആരെയോ വഞ്ചിച്ചതിന് റോയിക്കെതിരേ ഏറ്റവുമൊടുവില്‍ കൊല്‍ക്കത്തയിലെ ഒരു കോടതി കേസെടുക്കാന്‍ ഉത്തരവിടുക പോലുമുണ്ടായി. സി.ബി.ഐ റോയിയെ ചോദ്യം ചെയ്ത് വിരട്ടുകയും ചെയ്തു. ഡല്‍ഹിയില്‍ അപ്പീല്‍ നല്‍കിയാണ് ഈ കേസില്‍ നിന്നു റോയി രക്ഷപ്പെട്ടതും എസ്.ഐ.ടിയുടെ ചാര്‍ജ് ഷീറ്റില്‍നിന്ന് അപ്രത്യക്ഷനായതും. പുതിയ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ ഒഴുക്ക് ശ്രദ്ധിച്ചാല്‍ ഇത് കുറെക്കൂടി വ്യക്തമാകും. സത്യസന്ധമായ പൊതുപ്രവര്‍ത്തനം നടത്തിയ ഒരുത്തന്‍ പോലും ഇക്കൂട്ടത്തിലില്ല. ഭരണം മാറിയാല്‍ ജയിലില്‍ പോകാനിടയുള്ള കൂട്ടരാണ് കോണ്‍ഗ്രസെന്നോ തൃണമൂലെന്നോ കമ്മ്യൂണിസ്റ്റെന്നോ വ്യത്യാസമില്ലാതെ കുപ്പായവും ഉത്തരീയവും മാറ്റിയുടുത്ത് ബി.ജെ.പിയില്‍ അഭയം തേടുന്നത്. അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും തൃണമൂല്‍ കോണ്‍ഗ്രസില്‍ മമത മാത്രമേ കാണൂ എന്നുള്ള ഭീഷണിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉയര്‍ത്തി കഴിഞ്ഞു. സ്വാഭാവികമാണത്. തൃണമൂല്‍ കോണ്‍ഗ്രസിനെ പോലെ അഴിമതിയില്‍ മുങ്ങിക്കുളിച്ച മറ്റൊരു സര്‍ക്കാരും സമീപകാല ഇന്ത്യയിയിലില്ല. എന്നാല്‍ ഈ അഴിമതി വീരന്‍മാരെ ചോര്‍ത്തിയെടുക്കാനായി രാജ്യം ഭരിക്കുന്ന, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ബംഗാളിലെത്തി സകലമാന കൂറുമാറ്റക്കാരുടെയും വക്കാലത്ത് ഏറ്റുപിടിക്കുന്നത് അതിനേക്കാളേറെ അരോചകമായാണ് മാറുന്നത്.
നന്ദിഗ്രാം പ്രക്ഷോഭ കാലത്ത് മേദിനിപ്പൂരിലെ ചോട്ടാ നേതാവു മാത്രമായിരുന്ന സുവേന്ദു അധികാരി ബി.ജെ.പിയില്‍ എത്തിപ്പെട്ടത് ഒരുപക്ഷേ സ്വാഭാവികം മാത്രമാണ്. അക്കാലത്ത് ഭൂമി ഉഛഡ് പ്രതിരോധ് കമ്മിറ്റിയുടെ (ബി.യു.പി.സി) നേതാവായിരുന്ന സുവേന്ദുവിനൊപ്പം അന്നത്തെ സി.പി.എം മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്കെതിരേ ബി.ജെ.പിയും ആര്‍.എസ്.എസും കോണ്‍ഗ്രസും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദുമൊക്കെ തോളോടു തോള്‍ ചേര്‍ന്ന് രംഗത്തുണ്ടായിരുന്നു. സുവേന്ദു പഴയ ബന്ധങ്ങള്‍ പില്‍ക്കാലത്തും തുടര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. നന്ദിഗ്രാം പ്രക്ഷോഭമായിരുന്നു സുവേന്ദുവിനെയും മമതയെയും ബംഗാളില്‍ വളര്‍ത്തിയത്. മമതക്കു ശേഷം തനിക്കായിരിക്കണം പാര്‍ട്ടിയുടെ നേതൃത്വമെന്നാണ് സുവേന്ദു അതിന് നിശ്ചയിച്ച പ്രതിഫലം. മമതയാകട്ടെ സ്വന്തം അനന്തരവനെ വാഴിക്കാനുള്ള തത്രപ്പാടിലും. അധികാരമോഹം കൊണ്ടാണ് സുവേന്ദു തൃണമൂലില്‍നിന്നു അകലാന്‍ തുടങ്ങിയതെങ്കിലും അതാണ് അദ്ദേഹത്തെ ബി.ജെ.പിയില്‍ എത്തിച്ചതെന്ന് പറയാന്‍ കഴിയില്ല. അവിടെ നേരത്തെ തന്നെ മുഖ്യമന്ത്രി കസേരയില്‍ കണ്ണു നട്ടിരിക്കുന്ന ദിലീപ് ഘോഷിനെ സുവേന്ദു അധികാരി മറികടക്കുക എളുപ്പമല്ല. സാമ്പത്തികവും ഇ.ഡിയുമൊക്കെ തന്നെയാവും കൂറുമാറ്റത്തിന്റെ കാരണം. അന്നത്തെ സുവേന്ദുവിനെ നേരിട്ടു കണ്ടവര്‍ക്കറിയാം അദ്ദേഹത്തിന് പില്‍ക്കാലത്തുണ്ടായ സാമ്പത്തിക വളര്‍ച്ച. സുവേന്ദുവിനെ ഇ.ഡിയോ മറ്റോ പിടികൂടിയോ എന്നത് ഇതുവരെ പുറത്തു വന്നിട്ടില്ല. പക്ഷേ അപഹാസ്യമായിരുന്നു ആ കൂറുമാറ്റം. സിംഗൂരും നന്ദിഗ്രാമും ഒരു കാലത്ത് ഇന്ത്യയിലടുനീളം കര്‍ഷകരുടെ അവകാശ സമരങ്ങളുടെ പ്രതീകമായിരുന്നുവെങ്കില്‍ ഇന്ന് കര്‍ഷക വിരുദ്ധതയുടെ മൂര്‍ത്തരൂപമായ ബി.ജെ.പിയിലേക്കാണ് അന്നത്തെ സമരനായകന്‍ കൂറുമാറിയെത്തുന്നത്. ദുര്‍ഗാചക്കിലെവിടെയോ ഒരു കവല യോഗത്തിനിടെ ആദ്യമായി സുവേന്ദുവിനെ കാണുമ്പോള്‍ തംലൂക്കും ഹല്‍ദിയയും നന്ദിഗ്രാമുമൊക്കെ ബംഗാളിലെ കര്‍ഷകരെ സംബന്ധിച്ചിടത്തോളം എന്തുമാത്രം കണ്ണായ കൃഷി ഭൂമികളാണെന്നും അവ എന്തുകൊണ്ട് സ്‌പെഷല്‍ എക്കണോമിക് സോണ്‍ ആവരുതെന്നുമാണ് അദ്ദേഹം വിശദീകരിച്ചുകൊണ്ടിരുന്നത്. ഡല്‍ഹി അതിര്‍ത്തിയിലെ തിക്രിയിലോ സിംഗുവിലോ ഔച്ചണ്ടിയിലോ ഒക്കെ വന്ന് കൊടിയും ബാനറുമായി ഇരിക്കേണ്ടിയിരുന്ന അന്നത്തെ ആ ചെറുപ്പക്കാരനാണ് മേദിനിപ്പൂരിലെ അമിത് ഷായുടെ റാലിയില്‍ വന്ന് കുങ്കുമഷാളും പുതച്ച് 'മോദിജീ കീ ജയ്' വിളിച്ച് മടങ്ങിപ്പോകുന്നത്. രാഷ്ട്രീയത്തില്‍ അവസരവാദം എന്നൊന്നില്ലെന്നും ആര്‍ക്കും എന്തും ആവാമെന്നും അമിത് ഷാ ഈ റാലിയില്‍ പ്രസംഗിച്ചത് ശ്രദ്ധിക്കുക. മമതാ ബാനര്‍ജി ഒരു കാലത്ത് കോണ്‍ഗ്രസ് വിട്ട് തൃണമൂല്‍ രൂപീകരിച്ചുവെങ്കില്‍ മറ്റുള്ളവര്‍ക്കും ഇഷ്ടമനുസരിച്ച് ഏത് പാര്‍ട്ടിയിലും ചേരാനാവുമെന്നാണ് ഷാ സമര്‍ഥിച്ചത്.
ബംഗാളിലെ പ്രതിപക്ഷത്തിന് പക്ഷേ ഇനിയും നേരം വെളുത്തിട്ടില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ വര്‍ഗീയതയും ജാതീയതയുമൊക്കെ പരസ്യമായി ഉപയോഗപ്പെടുത്തുകയും കോര്‍പറേറ്റുകളുടെ കള്ളപ്പണമുപയോഗിച്ച് പ്രചാരണം നടത്തുകയും അതേപണമുപയോഗിച്ച് വോട്ടുകള്‍ മാത്രമല്ല മറ്റു പാര്‍ട്ടികളുടെ ടിക്കറ്റില്‍ ജയിച്ചവരെ പോലും ഇപ്പുറത്തെത്തിച്ച് ഭരണം പിടിക്കുകയും സാധ്യമായ എല്ലാ തെരഞ്ഞെടുപ്പ് കൃത്രിമങ്ങളും പ്രയോഗിക്കുകയും എന്നിട്ടൊടുവില്‍ നരേന്ദ്ര മോദിയുടെ പ്രതിഛായയുടെയും വികസന മാതൃകയുടെയും തൃപ്പാദങ്ങളില്‍ വിജയം സമര്‍പ്പിക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ 'ചാണക്യ' തന്ത്രത്തിനു മുമ്പില്‍ അവനവനെ കുറിച്ച ആദര്‍ശ പ്രസംഗം നടത്തുന്ന പണി പ്രതിപക്ഷം ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഇന്ന് രണ്ട് മുഖങ്ങളേയുള്ളൂ. കോടികളുടെ നിക്ഷേപം ആവശ്യമുള്ള പടുകൂറ്റന്‍ ബിസിനസാണ് സ്ഥാനാര്‍ഥിത്വം എന്ന് സാധാരണക്കാര്‍ പോലും തിരിച്ചറിയുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ എന്നത് ഒരല്‍പ്പം പോലും വോട്ടുകിട്ടാന്‍ സഹായിക്കുന്ന സംഗതിയല്ലെന്നും വള്‍ഗീയതയാണ് വോട്ടെടുപ്പിന്റെ ആണിക്കല്ലെന്നുമാണ് രാജ്യം അംഗീകരിക്കേണ്ട രണ്ടാമത്തെ തിരിച്ചറിവ്. മറിച്ചായിരുന്നെങ്കില്‍ വര്‍ഗീയവാദികളും കൂറുമാറ്റക്കാരും അഴിമതിക്കാരും അവസരവാദികളുമൊന്നും തെരഞ്ഞെടുപ്പ് ജയിക്കുമായിരുന്നില്ലല്ലോ. വര്‍ഗീയത എന്ന ഒറ്റ വേര്‍തിരിവ് മാത്രമേ ബി.ജെ.പിയുടെ രാഷ്ട്രീയത്തിനും അല്ലാത്തവരുടേതിനും തമ്മിലുള്ളൂ. ബിസിനസ് താല്‍പര്യങ്ങളും അതിനനുസരിച്ച മുതല്‍മുടക്കും എല്ലാവരുടേതും ഒന്നു തന്നെയാണ്. തെരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ടി ലക്ഷങ്ങളും കോടികളുമൊക്കെ പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റിലേക്കു വരെ എല്ലാവരും മുടക്കുന്നുണ്ട്. ഇറക്കിയ മുതല്‍ മുടക്ക് തിരിച്ചുകിട്ടാന്‍ എല്ലാവരും അഴിമതിയും നടത്തുന്നുണ്ട്. അതുകൊണ്ടു തന്നെ അഴിമതിയെ തത്വത്തില്‍ അംഗീകരിക്കുകയും വര്‍ഗീയതയെ എതിര്‍ക്കുകയുമാണ് പുതിയ കാലത്ത് ആകെക്കൂടി വോട്ടര്‍മാര്‍ക്ക് ചെയ്യേണ്ടി വരുന്നത്. വര്‍ഗീയതയുടെ ഏറ്റക്കുറച്ചിലുകള്‍ മാത്രമാണ് ആകെയുള്ള വ്യത്യാസം. ഈ പ്രക്രിയയെ തലതിരിച്ചിട്ട് അവതരിപ്പിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്. അഴിമതി രഹിതമായ, എല്ലാവരോടും തുല്യനീതി പുലര്‍ത്തുന്ന ഭരണമെന്ന് പ്രസംഗിക്കുകയും അപ്പറയുന്നതിന്റെ നേര്‍വിപരീതം പ്രവര്‍ത്തിക്കുകയുമാണ് മോദി-അമിത് ഷാ-നദ്ദാ കൂട്ടുകെട്ട് ചെയ്യുന്നത്. മറുഭാഗത്ത് ബി.ജെ.പിയുടെ അഴിമതിയെ കുറിച്ച് അപകടകരമായ നിശബ്ദത പുലര്‍ത്തുകയും എല്ലാവരും ഒരുപോലെ അവസരോചിതമായി ഉപയോഗപ്പെടുത്തുന്ന വര്‍ഗീയതയെ കുറിച്ച് ഗിരിപ്രഭാഷണങ്ങള്‍ നടത്തുകയുമാണ് ശേഷിച്ചവരുടെ പണി. പര്‍വതാകാരം പൂണ്ടു കഴിഞ്ഞ ബി.ജെ.പിയുടെ അഴിമതികളെ കുറിച്ച് ലളിതമായ കണക്കുകള്‍ സംഘടിപ്പിക്കാന്‍ പോലും ഇത്രയും കാലം കേന്ദ്രം ഭരിച്ചിട്ടും കോണ്‍ഗ്രസിനാവുന്നില്ല എന്നതാണ് യഥാര്‍ഥ ദുരന്തം.
ബംഗാളില്‍ ബി.ജെ.പി തോല്‍ക്കണമെന്ന് അവിടത്തെ പ്രതിപക്ഷം ആഗ്രഹിക്കുന്നുവെങ്കില്‍ ഒറ്റ വഴിയേ അവരുടെ മുന്നിലുള്ളൂ. തൃണമൂലും കോണ്‍ഗ്രസും ഇടതു സംഘടനകളും എന്തു വില കൊടുത്തും ഒന്നിച്ചുനില്‍ക്കുക. ഒറ്റക്ക് മത്സരിച്ച് ജയിക്കുമെന്ന മൂഢവിശ്വാസവുമായി മണ്ഡലങ്ങളിലെ ആത്മഹത്യാ മുനമ്പില്‍ ഊഴം കാത്തുനില്‍ക്കുന്നതിനു പകരം ഇനിയെങ്കിലും വകതിരിവ് കാണിക്കുക. ബംഗാളില്‍ ആര്‍ക്കും ഒന്നും എളുപ്പമല്ല. കായികശേഷിയുടെ പ്രകടനത്തിലൂടെ ജയിച്ചു കയറുന്ന ശൈലി പോലും തൃണമൂലിനെ ഇത്തവണ രക്ഷിക്കില്ലെന്നാണ് ബി.ജെ.പിയുടെ ശരീരഭാഷ വ്യക്തമാക്കുന്നത്. മേദിനിപ്പൂര്‍, ബാങ്കുറ, പുരുലിയ, മുര്‍ഷിദാബാദ്, മാല്‍ദ, ബര്‍ദ്വാന്‍ ജില്ലകളില്‍ നിന്നൊക്കെ കക്ഷിരാഷ്ട്രീയത്തിനതീതമായി ബി.ജെ.പിയിലേക്ക് എം.എല്‍.എമാരുടെയും ചില എം.പിമാരുടെയുമൊക്കെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സുനില്‍ മണ്ഡല്‍ എം.പി ഉദാഹരണം. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മാത്രം പ്രതിസന്ധിയാവില്ല. മാല്‍ദയിലും മുര്‍ഷിദാബാദിലുമൊക്കെ തൃണമൂല്‍ വളര്‍ന്നുണ്ടായത് സുവേന്ദു അധികാരിയുടെ മാത്രം നേതൃപാടവത്തിന്റെ പിന്‍ബലത്തിലാണ്. അദ്ദേഹം പോകുമ്പോള്‍ ജനം പുറകെ പോകുന്നതിന്റെ കാരണം മുകളില്‍ പറഞ്ഞതാണ്. സുരക്ഷയും അല്‍പ്പമെങ്കിലും ജീവിതസാഹചര്യങ്ങളില്‍ മാറ്റമുണ്ടാവുന്നതുമാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. ബി.ജെ.പിക്കെതിരേ നില്‍ക്കാന്‍ എന്തെങ്കിലും കാരണങ്ങളുള്ള ജനങ്ങളെ ഒരുമിപ്പിക്കുക എന്നതാണ് മമതയും ബിമന്‍ ബസുവും അധീര്‍ രഞ്ജന്‍ ചൗധരിയും അസദുദ്ദീന്‍ ഉവൈസിയുമൊക്കെ ചെയ്യേണ്ടത്. 75 സീറ്റുകളിലേക്ക് ബിഹാറില്‍നിന്ന് നിതീഷ് വരുന്നത് മമത വിരുദ്ധ വോട്ടുകളെ ഭിന്നിപ്പിക്കാനാണ്. അതുതന്നെയാവരുത് ബാക്കിയുള്ളവരുടെ ലക്ഷ്യവും. ഈ തിരിച്ചറിവുണ്ടാകാന്‍ മാര്‍ച്ച് മാസത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരെ കാത്തുനില്‍ക്കേണ്ട കാര്യമൊന്നുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."