ഇണയെ ഇണക്കാന്‍ ചില പൊടിക്കൈകള്‍
അഞ്ചു സ്ത്രീകളായിരുന്നു അവര്‍. ഒരിക്കല്‍ ഒരിടത്ത് അവര്‍ ഒത്തുകൂടിയിട്ടു പറഞ്ഞു: ''ജീവിതത്തില്‍ ഭര്‍ത്താക്കന്മാരോട് ചെയ്തതോ ചെയ്യുന്നതോ ആയ ഏറ്റവും നല്ല പ്രവര്‍ത്തനം നമുക്കു പരസ്പരം പങ്കുവയ്ക്കാം.''
തീരുമാനത്തില്‍ എല്ലാവരും ഐക്യപ്പെട്ടു. അങ്ങനെ ഓരോരുത്തരും തങ്ങളുടെ ദാമ്പത്യജീവിതത്തിലുണ്ടായ ഏറ്റവും മനോഹരമായ അനുഭവം വിവരിക്കാന്‍ തുടങ്ങി.
ഒന്നാമത്തെ സ്ത്രീ പറഞ്ഞു: ''ചത്തുറങ്ങുന്ന എന്റെ ഭര്‍ത്താവിനെ തട്ടിയുണര്‍ത്താന്‍ ഞാന്‍ ചെയ്യുന്ന വേലയുണ്ട്. അതെന്താണെന്നോ..? ആദ്യം ഫ്രിഡ്ജില്‍നിന്ന് തണുത്ത വെള്ളമെടുത്ത് ഞാനെന്റെ കൈകള്‍ കഴുകും. ശേഷം ആ കൈകളില്‍ ഭര്‍ത്താവിനേറ്റം ഇഷ്ടപ്പെട്ട അത്തര്‍ പൂശും. എന്നിട്ട് മൃദുലമായ ആ കൈകള്‍കൊണ്ട് ഭര്‍ത്താവിന്റെ മുഖം അരുമയോടെ തഴുകും. എന്റെ കൈവെള്ളയില്‍നിന്ന് ഇളംതണുപ്പും അത്യാകര്‍ഷകമായ സുഗന്ധവും പ്രസരിക്കുമ്പോള്‍ അദ്ദേഹത്തിന് പിന്നെ ഉറക്കം തുടരാന്‍ കഴിയില്ല. എത്ര വലിയ ക്ഷീണമുണ്ടെങ്കിലും പ്രഭാതപ്രാര്‍ഥനയ്ക്കായി അദ്ദേഹം എഴുന്നേറ്റിരിക്കും.''
രണ്ടാമത്തെ സ്ത്രീ പറഞ്ഞു: ''ഒരിക്കല്‍ എന്റെ ഭര്‍ത്താവ് എന്നോട് പറഞ്ഞു: ''ഇന്നത്തെ എന്റെ ഡിന്നര്‍ കൂട്ടുകാരോടൊപ്പമാണ്. തിരിച്ചുവരുമ്പോള്‍ നിനക്കെന്താണു കൊണ്ടുവരേണ്ടത്..?''
ഞാന്‍ പറഞ്ഞു: ''ചോദിച്ചതിനു നന്ദി. നിങ്ങള്‍ ഒന്നും കൊണ്ടുവരേണ്ടതില്ല. ഒട്ടും വൈകാതെ നിങ്ങള്‍ നിങ്ങളെ കൊണ്ടുവന്നാല്‍ മാത്രം മതി..''
ഭര്‍ത്താവ് ചോദിച്ചു: ''അതെന്താ നീ അങ്ങനെ പറയുന്നത്...?''
ഞാന്‍ പറഞ്ഞു: ''നിങ്ങള്‍ പോയാല്‍ ഈ വീട്ടില്‍ വൈദ്യുതി ഉണ്ടാവില്ല. എവിടെയും ഇരുട്ടു മാത്രമായിരിക്കും..''
അദ്ദേഹം അത്ഭുതത്തോടെ എന്റെ മുഖത്തുനോക്കി. എന്നിട്ട് ചോദിച്ചു: ''വൈദ്യുതി പോകുമെന്ന് ആരാണ് നിന്നോട് പറഞ്ഞത്...?''
ഞാന്‍ പറഞ്ഞു: ''അതാരെങ്കിലും പറയേണ്ടതുണ്ടോ..? നിങ്ങളില്ലെങ്കില്‍ ഈ വീട്ടില്‍ ഇരുട്ടാണ്. ബള്‍ബുകള്‍ കത്തിയാലും ഇരുട്ടുതന്നെയായിരിക്കും. നിങ്ങള്‍ വന്നാലെ വീടിനു വെളിച്ചമുണ്ടാകൂ..''
ഞാനിതു പറഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മുഖം ഒന്നു കാണേണ്ടതുതന്നെയായിരുന്നു. ആ മുഖത്ത് എന്തെന്നില്ലാത്ത പ്രകാശം. അന്നുമുതല്‍ ഇന്നുവരെ ഭര്‍ത്താവ് എന്നോട് കയര്‍ക്കുകയോ എന്റെ മുഖത്തുനോക്കി വിയര്‍ക്കുകയോ ചെയ്തിട്ടില്ല. പലപ്പോഴും എനിക്ക് നഷ്ടമായിരുന്ന ആ സാന്നിധ്യം അതോടുകൂടി നിത്യമായി. പിന്നീട് ഒരു ദിവസം പോലും അദ്ദേഹത്തെ ഞാന്‍ കാണാതിരുന്നിട്ടില്ല.
മൂന്നാമത്തവള്‍ പറഞ്ഞു: ''ഭര്‍ത്താവ് എപ്പോള്‍ വീട്ടില്‍ നിന്നിറങ്ങുകയാണെങ്കിലും ഞാനദ്ദേഹത്തിന്റെ ബാഗില്‍ ഒരു എഴുത്തെഴുതി വയ്ക്കും. ഭര്‍ത്താവിനോടുള്ള എന്റെ അതിയായ സ്‌നേഹവും വാത്സല്യവും അദ്ദേഹം വീട്ടിലില്ലെങ്കിലുള്ള ശോകാവസ്ഥയുമൊക്കെയായിരിക്കും അതില്‍ വിവരിക്കുക. ഒരിക്കല്‍ അദ്ദേഹം ഒരു യാത്രയ്‌ക്കൊരുങ്ങി. ആ യാത്രയോട് എനിക്ക് തീരെ താല്‍പര്യമുണ്ടായിരുന്നില്ല. അതിനാല്‍ ഞാന്‍ ബാഗില്‍ എഴുത്തെഴുതി വച്ചതുമില്ല. രണ്ടുമൂന്നു ദിവസത്തെ യാത്ര കഴിഞ്ഞെത്തിയ ഭര്‍ത്താവ് എന്നോട് പറഞ്ഞു: 'ഞാന്‍ നിന്റെ കത്ത് ബാഗില്‍ പരിശോധിച്ചു. ഒന്നും രണ്ടും തവണയല്ല, പല പ്രാവശ്യം. എനിക്ക് അതു കാണാന്‍ കഴിഞ്ഞില്ല. അതില്‍ ഞാനൊരുപാട് ദുഃഖിച്ചു. എന്റെ യാത്ര മുഴുവന്‍ നിരാശയില്‍ മുങ്ങി. സങ്കടപ്പെട്ടുകൊണ്ടാണ് ഞാനിപ്പോള്‍ തിരിച്ചെത്തിയിട്ടുള്ളത്..''
ഭര്‍ത്താവിന്റെ ദൈന്യം നിറഞ്ഞ ഈ വാക്കുകള്‍ കേട്ടപ്പോള്‍ എനിക്ക് കുറ്റബോധം തോന്നി. ഭര്‍ത്താവിന്റെ ഇഷ്ടം സാധിപ്പിച്ചുകൊടുക്കാത്തതിലുള്ള സങ്കടം താങ്ങാവുന്നതിലപ്പുറമായിരുന്നു. അന്നു മുതല്‍ ഞാനൊരു തീരുമാനമെടുത്തു. പതിവായി ചെയ്യുന്ന നന്മകളൊന്നും ഒരു സാഹചര്യത്തിലും മുടക്കില്ലെന്ന്..''
നാലാമത്തവള്‍ പറഞ്ഞു: ''എന്റെ ഭര്‍ത്താവ് പണം വല്ലാതെ ധൂര്‍ത്തടിക്കുന്ന സ്വഭാവക്കാരനാണ്. ആവശ്യത്തിനും അനാവശ്യത്തിനുമായി കണക്കില്ലാതെ പണം ചെലവാക്കും. അതെന്നില്‍ വല്ലാത്ത മനഃപ്രയാസം സൃഷ്ടിച്ചിരുന്നു. അതിനൊരു പരിഹാരമെന്ന നിലയില്‍ ഞാനൊരു തന്ത്രം പ്രയോഗിച്ചു. എനിക്കില്ലാത്ത പല ആവശ്യങ്ങളും പറഞ്ഞ് ഇടക്കിടെ ഞാന്‍ അദ്ദേഹത്തോട് പണം ചോദിക്കാന്‍ തുടങ്ങി. ചോദിച്ചാല്‍ അദ്ദേഹം തരാതിരിക്കില്ല. തരുന്ന പണമെല്ലാം ഞാന്‍ അദ്ദേഹം അറിയാതെ ഭദ്രമായി സൂക്ഷിച്ചുവച്ചു. വര്‍ഷം പലതു കഴിഞ്ഞു. എന്റെ കൈയ്യില്‍ ലക്ഷങ്ങള്‍ വന്നു ചേര്‍ന്നു. എന്നിട്ടും ഞാന്‍ 'ചോദിച്ചുവാങ്ങല്‍' നിര്‍ത്തിയില്ല. പിന്നെയും പല ആവശ്യങ്ങളും പറഞ്ഞ് പണം വാങ്ങാന്‍ തുടങ്ങി. അങ്ങനെയിരിക്കെ ഒരിക്കല്‍ അദ്ദേഹത്തിന്റെ എല്ലാ ബിസിനസുകളും തകര്‍ന്നു. കടം കയറി. കൈയ്യില്‍ അരക്കാശില്ലാത്ത സ്ഥിതി വന്നു. ആകെ സങ്കടപ്പെട്ട് കഴിയുന്ന ആ നേരത്ത് ഞാന്‍ വീണ്ടും പണം ചോദിച്ചു. അപ്പോള്‍ അദ്ദേഹത്തിന് കൈമലര്‍ത്തുകയല്ലാതെ വഴിയുണ്ടായില്ല. ഞാന്‍ ചോദിച്ചു: ''ഇന്ന് നിങ്ങള്‍ക്ക് എന്റെ വക ഒരു സമ്മാനമുണ്ട്.''
അദ്ദേഹം ചോദിച്ചു: ''ഈ സമയത്ത് എന്തു സമ്മാനം..?''
ഞാനൊന്നും മിണ്ടിയില്ല. അകത്തു ചെന്ന് ആ പണപ്പൊതി എടുത്തുകൊണ്ടുവന്നു. അദ്ദേഹത്തിനു കൈമാറി. കൈമാറുമ്പോള്‍ ഞാന്‍ പറഞ്ഞു: ''ഇക്കാലമത്രെയും നിങ്ങളെനിക്കു തന്ന പണമാണിത്. അഞ്ചു ലക്ഷം രൂപ.''
ഭര്‍ത്താവിന് അതു വിശ്വസിക്കാനായില്ല.
അദ്ദേഹം ചോദിച്ചു: ''ഇതെന്തിനാണ് നീ എടുത്തുവച്ചത്...?''
ഞാന്‍ പറഞ്ഞു: ''നിങ്ങളുടെ ധൂര്‍ത്ത് കുറയ്ക്കാന്‍ തന്നെ. ഇടക്കിടെ ഞാന്‍ നിങ്ങളോട് പണം വാങ്ങി ഇങ്ങനെ സൂക്ഷിച്ചുവച്ചില്ലായിരുന്നുവെങ്കില്‍ അഞ്ചു ലക്ഷം നിങ്ങള്‍ക്കിപ്പോള്‍ കിട്ടുമായിരുന്നോ...?'' എന്റെ ഈ വാക്കുകള്‍ അദ്ദേഹത്തിനു നന്നായി ബോധിച്ചു. എന്റെ കവിളിണകളില്‍ മുത്തം തന്നുകൊണ്ട് അദ്ദേഹം പറഞ്ഞു: ''പ്രിയേ, ഇനി മുതല്‍ ധൂര്‍ത്തിനില്ല; നിര്‍ത്തി.''
അഞ്ചാമത്തെ സ്ത്രീ പറഞ്ഞു: ''എന്റെ ഭര്‍ത്താവ് ദൂഷ്യസ്വഭാവക്കാരനാണെങ്കിലും ഇടക്കിടെ ചില നന്മകള്‍ ചെയ്യാറുണ്ട്. ആ ദൂഷ്യങ്ങള്‍ ഇല്ലാതാക്കാന്‍ ഞാനൊരിക്കല്‍ ഒരു കാര്യം തീരുമാനിച്ചു. നന്മകള്‍ ചെയ്യുമ്പോള്‍ അതൊരു കടലാസിലെഴുതി പെട്ടിയില്‍ സൂക്ഷിക്കുക. ഞാനങ്ങനെ ചെയ്തു. എന്തു നന്മ കണ്ടാലും അതെഴുതി ഒരു പെട്ടിയിലിടും. അങ്ങനെ ഒരു വര്‍ഷം പൂര്‍ത്തിയായി. അദ്ദേഹത്തിന്റെ ജന്മദിനം ജനുവരി പതിനഞ്ചിനായിരുന്നു. അന്നത്തെ ദിവസം ഞാന്‍ പറഞ്ഞു: ''ഈ ജന്മദിനത്തിനു മാര്‍ക്കറ്റില്‍നിന്ന് ഒന്നും വാങ്ങേണ്ടതില്ല. ഞാനുണ്ടാക്കിയ ഗിഫ്റ്റ് നിങ്ങള്‍ക്കു നല്‍കാം.'' ഇതു പറഞ്ഞു ഞാന്‍ അദ്ദേഹം ചെയ്ത നന്മകളെഴുതിയ ആ പെട്ടി വര്‍ണക്കടലാസില്‍ പൊതിഞ്ഞ് അദ്ദേഹത്തിനു കൈമാറി. അതു തുറന്ന് അദ്ദേഹം ഓരോന്നും വായിച്ചു. ഓരോന്നു വായിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്തു പ്രകടമായിരുന്ന ആനന്ദത്തിന്റെ ആന്ദോളനങ്ങള്‍ വിവരണാതീതമായിരുന്നു. അന്നുമുതല്‍ ഞങ്ങളുടെ ദാമ്പത്യജീവിതം സ്വര്‍ഗസമാനം എന്നു തന്നെ പറയാം. അത്രയ്ക്കു സന്തോഷത്തോടെ അതു നിലനിന്നു. ഇപ്പോഴും അതു തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."