കാമുകനെ തേടിയെത്തിയ യുവതിയെ പൊലിസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു
ബദിയടുക്ക: കാമുകനെ തേടി ബദിയടുക്കയിലെത്തിയ ബംഗളൂരു സ്വദേശിനിയായ യുവതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ ബദിയടുക്കക്ക് സമീപം മൂക്കംപാറയിലാണ് സംഭവം. പര്‍ദ്ദ ധരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ കാര്യം അന്വേഷിച്ചപ്പോള്‍ യുവതി കന്നടയിലും ഹിന്ദിയിലും മറുപടി പറയുകയായിരുന്നു. നാട്ടുകാര്‍ കൂടുതല്‍ അന്വേഷിച്ചപോള് താന്‍ മഞ്ജുളയാണെന്നും ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണെന്നുമായിരുന്നു മറുപടി. കര്‍ണാടകയിലെ മാവോയിസ്റ്റ് നേതാവ് മഞ്ജുളയാണെന്നു തെറ്റിദ്ധരിച്ചു നാട്ടുകാര്‍ പൊലിസില്‍ വിവരമറിയിച്ചു. പൊലിസ് സ്ഥലത്തെത്തുന്നതിനിടയില് പര്‍ദ്ദ മാറ്റിയ യുവതി പുത്തൂര്‍ ഭാഗത്തേക്കുള്ള ബസില്‍ ഓടി കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബസിനെ പിന്തുടര്‍ന്ന പൊലിസ് പെര്‍ളയില്‍ ബസ് തടഞ്ഞു നിര്‍ത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ കൊണ്ടു വന്ന് ചോദ്യം ചെയ്തപ്പോള്‍ ബംഗളുരു സ്വദേശിനിയാണെന്നും പേര് മഞ്ജുള എന്നാണെന്നും നഴ്സായി ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ബാഞ്ചത്തടൂക്ക സ്വദേശിയായ യുവാവുമായി പ്രണയത്തിലാണെന്നും അയാളെ അന്വേഷിച്ചാണ് ഇവിടെ എത്തിയതെന്നും യുവതി പറഞ്ഞു. യുവാവിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇയാള്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്ന് പൊലിസ് കണ്ടെത്തി. പിന്നിട് യുവതിയുടെ ബന്ധുക്കളെ വിവരം അറിയിക്കുകയും അവര്‍ എത്തുന്നത് വരെ യുവതിയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെ ബദിയടുക്ക സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ യുവതിയെയും കൊണ്ട് നാട്ടിലേക്കു മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."