വാഗമണിലെ മയക്കുമരുന്ന് നിശാപാര്‍ട്ടി: നാലു പേര് അറസ്റ്റില്‍; മുറിയെടുത്തത് പിറന്നാളാഘോഷത്തിനെന്ന് പറഞ്ഞാണെന്ന് റിസോര്‍ട്ട് ഉടമ
ഇടുക്കി: വാഗമണില്‍ നിശാപാര്‍ട്ടി നടക്കുന്നിടത്തുനിന്നും മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തില്‍ നാലു പേര് അറസ്റ്റില്‍. നിശാപാര്‍ട്ടി സംഘടിപ്പിച്ച നാലു പേരാണ് അറസ്റ്റിലായത്. കേസില്‍ റിസോര്‍ട്ട് ഉടമയെ പൊലിസ് ചോദ്യം ചെയ്തു.
പിറന്നാള്‍ ആഘോഷം എന്നുപറഞ്ഞാണ് പ്രതികള്‍ റിസോര്‍ട്ടില്‍ മുറിയെടുത്തതെന്ന് റിസോര്‍ട്ട് ഉടമയായ ഷാജി കുറ്റിക്കാടന്‍ പറഞ്ഞു. രാത്രി 8 മണിയ്ക്ക് മുന്‍പ് തിരികെ പോകുമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതായും പൊലിസിന് നല്കിയ മൊഴിയില്‍ ഷാജി പറയുന്നു.
ഞായറാഴ്ച വാഗമണ്ണിലെ ഒരു റിസോര്‍ട്ടില്‍ ലഹരിമരുന്നു നിശാപാര്‍ട്ടി നടക്കുമെന്ന് രണ്ടുദിവസം മുന്‍പ് ഇടുക്കി എസ്.പി. അടക്കമുള്ളവര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ റിസോര്‍ട്ട് കഴിഞ്ഞ രണ്ടുദിവസമായി പൊലിസിന്റെ നിരീക്ഷണത്തിലായിരുന്നു.വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടി നടന്നത്.
വലിയ രീതിയിലുള്ള പാര്‍ട്ടി സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഒന്‍പത് പേര് ചേര്‍ന്ന് നടത്തിയത്.സമാന രീതിയിലുള്ള പാര്‍ട്ടി ഇവര്‍ മുമ്പും നടത്തിയിട്ടുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ ഉറവിടം സംബന്ധിച്ച അന്വേഷണം നടന്നുവരികയാണ് അതിനാല്‍ തന്നെ റെയ്ഡുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലിസ് പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."