പരപ്പ വനത്തില്‍ നിന്നു തേക്കുതടി മുറിച്ചു കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: പരപ്പ റിസര്‍വ് വനത്തില്‍പ്പെട്ട പഞ്ചിക്കല്ലില്‍ നിന്നു കൂറ്റന്‍ തേക്കുമരം കര്‍ണാടകയിലേക്കു മുറിച്ചു കടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മരം മുറിക്കാന്‍ സഹായിച്ചതുമായി ബന്ധപ്പെട്ടു സുള്ള്യയിലെ വിനായക ഓട്ടോ മെക്കാനിക് കട ഉടമ ഭാസ്‌കരന്‍ ബെള്ളിപ്പാടി(35)യെയാണ് സെക്ഷന്‍ ഫോറസ്റ്റര്‍ പി.വി രാജഗോപാലന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
സുള്ള്യയിലെ കാര്‍ ആക്‌സസറിസ് ഉടമ ഐവര്‍നാട്ടിലെ അരുണ്‍ മഠത്തില്‍ (35), ജാല്‍സൂരിലെ ബെസ്റ്റ് വുഡ് വേള്‍ഡ് ആന്റ് വുഡ്‌ലാന്റ് ഫര്‍ണിച്ചര്‍ ഉടമ കനകമജിലു വീട്ടിലെ മധുകുമാര്‍ (32) എന്നിവരാണു മറ്റു പ്രതികള്‍. ഇരുവരും ഒളിവിലാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. ഈ മാസം ഒന്നിനു രാത്രിയാണ് മരം മുറിച്ചു കടത്തിയത്. പിറ്റേന്ന് രാവിലെയാണ് കൂറ്റന്‍ മരത്തടി മുറിച്ചു കൊണ്ടു പോയ നിലയില്‍ വനം വകുപ്പ് കണ്ടെത്തിയത്.
സമീപത്തെ മരമില്ലുകള്‍ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷിച്ചത്. മരമില്ലുകളില്‍ കണ്ടെത്താനാവത്തതിനെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജാല്‍സൂറിലെ മധുകുമാറിന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റില്‍ നിന്ന് മര ഉരുപ്പടികള്‍ കണ്ടെത്തിയത്. ഉടമ മധുകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. അന്വേഷണത്തില്‍ അരുണും ഭാസ്‌കരനും ചേര്‍ന്നാണ് മരം ജാല്‍സൂറിലെത്തിച്ചതെന്നു വനം വകുപ്പിനു വിവരം ലഭിച്ചു. ഭാസ്‌കരനെ അറസ്റ്റു ചെയ്തതോടെയാണു മരം കൊള്ളയുടെ ചുരുള്‍ അഴിയുന്നത്. അരുണ്‍ ഐവര്‍ നാട്ടില്‍ പണിയുന്ന വീടിനു കട്ടിള ഉണ്ടാക്കാനാണത്രെ മരം മോഷ്ടിച്ചത്. മെയ് ഒന്നിനു വൈകുന്നേരം ആറരയോടെ ഓമ്‌നി വാനിന്റെ സീറ്റുകള്‍ അഴിച്ചു മാറ്റി സുള്ള്യയില്‍ നിന്ന് ഇരുവരും പുറപ്പെടുകയായിരുന്നുവത്രെ.
മരം മുറിച്ചു കഷണങ്ങളാക്കി വാനിലാണു കടത്തിയത്. വാന്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പത്തരമണിയോടെ മരത്തടികള്‍ ജാല്‍സൂരിലെ ഫര്‍ണിച്ചര്‍ കടയിലെത്തിച്ചതായും ഭാസ്‌കരന്‍ മൊഴി നല്‍കി. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."