സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന വര്‍ഗീയവാദിയാണ് പിണറായി: കെ.പി.എ മജീദ്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി മുസ് ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന വര്‍ഗീയവാദിയാണ് പിണറായി വിജയനെന്ന് അദ്ദേഹം വിമര്‍ശിച്ചു.
രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തില്‍ രാഷ്ട്രീയമാണ് പറയേണ്ടത്. അല്ലാതെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള വര്‍ഗീയ പ്രചരണമല്ല നടത്തേണ്ടത്. വര്‍ഗീയ ചിന്താഗതി മനസില്‍ കൊണ്ടുനടക്കുന്ന പിണറായിയെപ്പോലുള്ള ഒരു നേതാവ് സി.പി.എമ്മില്‍ ഉണ്ടായത് നിര്‍ഭാഗ്യകരമാണ്. തമിഴ്‌നാട്ടില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാന്‍ മുസ് ലിം ലീഗിന്റെ പിന്തുണ തേടിയത് സി.പി.എം നേതാക്കളാണെന്ന് ലീഗിനെ കുറ്റം പറയുന്ന പിണറായി വിജയന്‍ ഓര്‍ക്കണമെന്നും മജിദ് പറഞ്ഞു.
അലന്‍, താഹ എന്നിവര്‍ക്കെതിരെയുള്ള യു.എ.പി.എ കേസില്‍ അടക്കം സി.പി.എം കേന്ദ്രനേതൃത്വം നിര്‍ദ്ദേശം കൊടുത്തതാണ്. ഇങ്ങനെ പല കാര്യങ്ങളിലും സി.പി.എം കേന്ദ്രനേതൃത്വം പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയതാണ്. എന്നാല്‍ അതൊന്നും വകവെക്കാതെ ഏകാധിപതിയായാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയെ പോലും മറികടന്നാണ് മുഖ്യമന്ത്രി പോകുന്നത്.
ഏതെങ്കിലും സമൂഹത്തിന് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിലും ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യു.ഡി.എഫ് സന്നദ്ധമാണ്. അതിന് തയ്യാറായി തന്നെയാണ് യു.ഡി.എഫ് മുന്നോട്ടുപോകുന്നത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ചരിത്രപരമായ വിജയം ഉണ്ടാകുമെന്നും കെ.പി.എ മജീദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."