റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇ-ടിക്കറ്റുമായി കെ.എസ്.ആര്‍.ടി.സി
കൊച്ചി: കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ഇ ടിക്കറ്റ് പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി രംഗത്ത്. മെട്രോ ട്രെയിനുകളില്‍ ഉപയോഗിക്കുന്ന രീതിയിലുള്ള റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇ ടിക്കറ്റാണ് കെ.എസ്.ആര്‍.ടി.സി പുറത്തിറക്കുന്നത്. ഇതിനായുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞതായി എം.ഡി ടോമിന്‍ തച്ചങ്കരി സുപ്രഭാതത്തോട് പറഞ്ഞു.
7000 ടിക്കറ്റ് മെഷിനുകളാണ് ഇതിനുവേണ്ടി പുതുതായി വാങ്ങേണ്ടിവരുന്നത്. ജി.പി.എസ് സംവിധാനത്തോടൊപ്പം കാര്‍ഡ് സൈ്വപ്പ് ചെയ്യനും ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും ഇതില്‍ സൗകര്യമുണ്ടാകും. ഇതിനായി ടെണ്ടര്‍ വിളിച്ചിരുന്നെങ്കിലും ഒരു കമ്പനിമാത്രമാണ് ഇതില്‍ പങ്കെടുത്തത്. അവര്‍ സമര്‍പ്പിച്ച തുക വളരെ കൂടുതലായിരുന്നു. ടെണ്ടര്‍ നിബന്ധനകളായിരുന്നു ഇതിനുകാരണം. മുന്‍പ് ഏതെങ്കലും ആര്‍.ടി.സിക്ക് 5000 മെഷിന്‍ ഒരുമിച്ച് വിതരണം ചെയ്തവര്‍ക്കു മാത്രമേ ടെണ്ടറില്‍ പങ്കെടുക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. ഇക്കാരണത്താല്‍ ടെണ്ടര്‍ നിബന്ധനകളില്‍ ഭേദഗതി വരുത്തി ഈ ആഴ്ച്ചതന്നെ റീടെണ്ടര്‍ വിളിക്കുമെന്നും എം.ഡി പറഞ്ഞു.
രാജമാണിക്യം എം.ഡിയായിരുന്ന സമയത്താണ് റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ടിക്കറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി പരീക്ഷിക്കുന്നത്. 1500, 3000, 5000 എന്നീ നിരക്കിലുള്ള കാര്‍ഡുകളായിരുന്നു അന്ന് ഇറക്കിയത്.
ഈ കാര്‍ഡില്‍ ഒറ്റത്തവണ റീചാര്‍ജ് ചെയ്താല്‍ ഒരു മാസം ഉപയോഗിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍, ഇതുപയോഗിച്ച് മാസം മുഴുവന്‍ പരിധിയില്ലാതെ യാത്ര നടത്താന്‍ സാധിക്കുമായിരുന്നു. ഇതു കോര്‍പറേഷനു നഷ്ടമായതോടെ കാര്‍ഡ് സംവിധാനം പിന്‍വലിക്കുകയായിരുന്നു. നിരവധി സ്ഥിരയാത്രക്കാര്‍ ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നു. കാര്‍ഡ് പിന്‍വലിച്ചതോടെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതിരുന്നത് ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇതിന് പരിഹാരമായാണ് പുതിയ സംവിധാനം.
പഴയ കാര്‍ഡുകളേക്കാള്‍ പുതിയ കാര്‍ഡുകള്‍ക്ക് മെച്ചമേറെയാണ്. പഴയ കാര്‍ഡില്‍ ഓരോന്നിനും ദൂരപരിധിയുണ്ടായിരുന്നു. എന്നാല്‍, പുതുതായി വരുന്ന കാര്‍ഡില്‍ അതില്ല. മാത്രമല്ല, പുതിയ കാര്‍ഡില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പണമടക്കാനും സാധിക്കും.
ഇതോടൊപ്പം യാത്രക്കാരുടെ സ്മാര്‍ട്ട്‌ഫോണ്‍ ടിക്കറ്റാക്കിമാറ്റാനുള്ള സംവിധാനവും കെ.എസ്.ആര്‍.ടി.സി നടപ്പാക്കുന്നുണ്ട്. കാര്‍ഡിന് അപേക്ഷിക്കുമ്പോള്‍ ഒരു ക്യൂ.ആര്‍ കോഡ് മൊബൈലില്‍ ലഭിക്കും. കണ്ടക്ടറുടെ കൈയിലുള്ള ടിക്കറ്റ് മെഷിനിലെ ക്യൂ.ആര്‍ സ്‌കാന്‍ ചെയ്ത് പണം ഈടാക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം. കാര്‍ഡ് വേണ്ടാത്തതിനാല്‍ ഇത് യാത്രക്കാര്‍ക്കും ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."