നിര്‍ദിഷ്ട കപ്പല്‍പാത മത്സ്യസമൃദ്ധ മേഖലയിലൂടെ
മലപ്പുറം: ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരേ വരാനിരിക്കുന്ന കപ്പല്‍പാത കടന്നുപോകുന്നത് സമൃദ്ധമായി മത്സ്യം ലഭിക്കുകയും വന്‍തോതില്‍ മത്സ്യബന്ധനം നടക്കുകയും ചെയ്യുന്ന മേഖലയിലൂടെ. കപ്പല്‍പാത നിലവില്‍ വന്നാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പ്രവേശനം നിഷേധിക്കപ്പെടുമെന്ന ആശങ്ക വ്യാപകമാണ്. മത്സ്യബന്ധനം വന്‍തോതില്‍ കുറയുന്നതോടെ രാജ്യത്തിന് ഇതുവഴി ലഭിക്കുന്ന വരുമാനത്തില്‍ ഗണ്യമായ കുറവു സംഭവിക്കാനുമിടയുണ്ട്.
കടലില്‍ തുടര്‍ച്ചയായുണ്ടാകുന്ന ബോട്ടപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കപ്പല്‍പാതയ്ക്കു രൂപം നല്‍കുന്നത്. കരയില്‍നിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലെ 20 നോട്ടിക്കല്‍ മൈല്‍ വീതിയിലാണ് കപ്പല്‍പാത വരുന്നത്.
നിലവിലുള്ള അന്താരാഷ്ട്ര സമുദ്രനിയമം അനുസരിച്ചു നിശ്ചിത പാതയിലൂടെ സ്വദേശ, വിദേശ കപ്പലുകള്‍ക്കു സഞ്ചരിക്കാം. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങള്‍ക്കോ ബോട്ടുകള്‍ക്കോ തടസം സൃഷ്ടിക്കാതെയാവണം കപ്പല്‍ കടന്നുപോകേണ്ടതെന്നു വ്യവസ്ഥയുണ്ട്. കപ്പലുകളുടെ സഞ്ചാരപഥം അടക്കമുള്ള വിവരങ്ങള്‍ സംസ്ഥാനങ്ങളിലെ ഷിപ്പിങ്, ലൈറ്റ് ഹൗസ് അധികൃതരെയും പോര്‍ട്ട് ട്രസ്റ്റിനേയും അറിയിക്കണം. കപ്പലിടിച്ച് അപകടമുണ്ടായാലും വിവരമറിയിക്കണം. എന്നാല്‍ പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല. ഇതുമൂലം കടലില്‍ അപകടങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് പുതിയ കപ്പല്‍പാത വരുന്നത്. പാത യാഥാര്‍ഥ്യമാകുന്നതോടെ ഈ മേഖലയില്‍ മത്സ്യബന്ധന യാനങ്ങള്‍ക്കു പ്രവേശനം നിഷേധിക്കപ്പെടും. കന്യാകുമാരി മുതല്‍ ഗുജറാത്ത് വരെ വള്ളവും യന്ത്രവല്‍കൃത ബോട്ടുമുപയോഗിച്ചു മീന്‍പിടിക്കുന്നവരെ ഇതു പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുകയാണ്.
തീരക്കടലില്‍ മത്സ്യസമ്പത്ത് കുറഞ്ഞ സാഹചര്യത്തില്‍ ആഴക്കടലില്‍ പോയി മത്സ്യം പിടിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. ഇതു കണക്കിലെടുത്ത് കരയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈലെങ്കിലും അകലെ മാത്രമേ കപ്പല്‍പാത അനുവദിക്കാവൂ എന്നാണ് മത്സ്യത്തൊഴിലാളി സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."