ജയ്ശ്രീറാം വിളിച്ച് ബി.ജെ.പി കൗണ്‍സിലര്‍മാര്‍; ദേശീയപതാകയുമായി സി.പി.എം; പാലക്കാട് നഗരസഭയില്‍ പ്രതിഷേധം
പാലക്കാട്: തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ നാടകീയ സംഭവങ്ങള്‍. നഗരസഭയ്ക്ക് മുന്നില്‍ ജയ്ശ്രീറാം വിളിയുമായി ബി.ജെ.പി എത്തിയപ്പോള്‍ ദേശീയ പതാകയുമായി മതേതരത്വം പുലരട്ടെ എന്ന മുദ്രാവാക്യവുമായാണ് സി.പി.എം കൗണ്‍സിലര്‍മാര്‍ എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ബി.ജെ.പി അംഗങ്ങള്‍ പുറത്തിറങ്ങിയ ശേഷം നഗരസഭക്ക് അകത്ത് സി.പി.എം അംഗങ്ങള്‍ ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍ നഗരസഭയ്ക്ക് അകത്ത് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ആകില്ലെന്ന് പൊലിസ് പറഞ്ഞതോടെ ദേശീയ പതാകയുമായി നഗരസഭയ്ക്ക് പുറത്തേക്കിറങ്ങിയ ഇടത് അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ഇതിനെ ജയ്ശ്രീറാം വിളികളോടെ ബി.ജെ.പി അംഗങ്ങളും പ്രവര്‍ത്തകരും നേരിട്ടതോടെ സംഘര്‍ഷ സാധ്യതയായി. പിന്നീട് പൊലിസ് ഇടപെട്ട് സ്ഥിതി നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."