ദേശീയപാത നാലുവരിയാക്കല്‍: സ്ഥലമെടുപ്പ് ത്വരിതപ്പെടുത്തണമെന്ന് എം.പി
കാസര്‍കോട്: ദേശീയപാത വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പ് സുതാര്യമാക്കണമെന്നും നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ പി. കരുണാകരന്‍ എം.പി നിര്‍ദേശിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു അധ്യക്ഷനായി.
ദേശീയപാത വീതികൂട്ടുന്നതിനു ജില്ലയില്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ 101.34 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 64.85 ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു. ഇതിന്റെ വില നിശ്ചയിക്കുന്നതുള്‍പ്പെടെയുളള ജോലികള്‍ പുരോഗമിച്ചു വരികയാണ്.
ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സുതാര്യമാക്കുന്നതിനു ജില്ലയിലെ എം.പി, എം.എല്‍.എമാര്‍, മറ്റു ജനപ്രതിനിധികള്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥന്മാര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരുടെ യോഗം ജൂണ്‍ എട്ടിനു വിളിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. ഏറ്റെടുക്കാന്‍ അവശേഷിക്കുന്ന 35.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടിയുളള സര്‍വേ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഏറ്റെടുത്ത ഭൂമിയിലുള്ള കെട്ടിടങ്ങളുടെ വില നിര്‍ണയിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭൂമിയിലെ വൃക്ഷങ്ങളുടെ വില നിര്‍ണയിക്കുന്നതിനായി കൃഷി, വനം വകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചു.
മഴയ്ക്കു മുമ്പ് റോഡുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. പല റോഡുകളും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ റോഡുകള്‍ സഞ്ചാര യോഗ്യമല്ലാതായി മാറും. റോഡ് നിര്‍മിക്കുമ്പോള്‍ അനുബന്ധമായി ഓടകള്‍ നിര്‍മിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
ജില്ലയില്‍ അംഗീകാരമില്ലാത്ത 97 വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നു വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ അറിയിച്ചു. നോട്ടിസ് നല്‍കിയിട്ടുള്ള വിദ്യാലയങ്ങളിലെ കുട്ടികളെ അംഗീകാരമുള്ള സ്‌കൂളുകളിലോ സര്‍ക്കാര്‍ സ്‌കൂളുകളിലോ ചേര്‍ക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ജലചൂഷണവുമായി ബന്ധപ്പെട്ടു ലഭിച്ച പരാതികളില്‍ നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഗുണഭോക്താക്കള്‍ക്കു നിര്‍മാണാവശ്യത്തിനുള്ള മണല്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നു മാന്വല്‍ ഡ്രഡ്ജിങ് പുനരാരംഭിക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുന്നതായി പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
സര്‍ക്കാര്‍ പുതിയ മാന്വല്‍ ഡ്രഡ്ജിങ് നയം പ്രഖ്യാപിക്കുകയും നിലവില്‍ ഡ്രഡ്ജിങ് നടത്തി മണല്‍ വിതരണം ചെയ്തു വരുന്ന സൊസൈറ്റികളുടെ സേവനം അവസാനിപ്പിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഡ്രഡ്ജിങ് നടത്തി മണല്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതായും പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. മണലിന്റെ അടിസ്ഥാനവിലയും വില്‍പന വിലയും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഉത്തരവു പ്രകാരം മണല്‍ വിതരണം ചെയ്യുന്നതിനു തുറമുഖ വകുപ്പിന്റെ ഓണ്‍ലൈന്‍ സൈറ്റ് തയാറാക്കണം.
കാസര്‍കോട് പാലത്തിന്റെ താഴെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ നഗരസഭാധികൃതരോട് യോഗം ആവശ്യപ്പെട്ടു. ബാങ്കുകള്‍ പശു വളര്‍ത്തലിനു നല്‍കുന്ന വായ്പയ്ക്കു കൂടുതല്‍ പലിശ ഈടാക്കുന്നതായി പരാതിയുണ്ടെന്നു ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, എ.ഡി.എം കെ. അംബുജാക്ഷന്‍, പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എ.എ ജലീല്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."