കണക്ക് സമര്‍പ്പിക്കാതെ കേരളം; ന്യൂനപക്ഷ ഗ്രാന്റ് അപേക്ഷ കേന്ദ്രംതള്ളി
മലപ്പുറം: ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഐ.ഡി.എം.ഐ ഗ്രാന്റിനുള്ള കേരളത്തിന്റെ അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ തള്ളി.
കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം മുഖേന വിതരണം ചെയ്യുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് ഓഫ് മൈനോരിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ്(ഐ.ഡി.എം.ഐ) ഗ്രാന്റിനുള്ള ഈ വര്‍ഷത്തെ അപേക്ഷയാണ് മുന്‍വര്‍ഷങ്ങളിലെ ചെലവു വിവരങ്ങള്‍ സമര്‍പ്പിച്ചില്ലെന്നു പറഞ്ഞു കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കാതിരുന്നത്.
ന്യൂനപക്ഷങ്ങള്‍ നടത്തുന്ന അണ്‍ എയ്ഡഡ്, എയ്ഡഡ്, പ്രൈമറി, സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ അധിക ക്ലാസ്മുറി, ലൈബ്രറി, സയന്‍സ് ലാബ്, കംപ്യൂട്ടര്‍ ലാബ്, കുടിവെള്ളം, ടോയ്‌ലറ്റ് തുടങ്ങിയവ നിര്‍മിക്കുന്നതിനാണ് 50 ലക്ഷം രൂപവരെ സാമ്പത്തിക സഹായം നല്‍കുന്നത്.
ഇതിനുള്ള അപേക്ഷാ വിവരങ്ങള്‍ ഏറെ വൈകിയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടത്. കുറഞ്ഞ സമയത്തിനുള്ളില്‍ സംസ്ഥാനത്തെ നൂറിലധികം സ്ഥാപനങ്ങള്‍ ഇത്തവണയും അപേക്ഷ നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 20 വരെ സ്വീകരിച്ച അപേക്ഷകളും അനുബന്ധ രേഖകളും 26ന് ഡല്‍ഹിയില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ഇതുപ്രാകാരം പൊതുവിദ്യാഭ്യാസ വകുപ്പു ഡയരക്ടറുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എത്തിച്ച അപേക്ഷകളാണ് കേന്ദ്ര ഗ്രാന്റ് ഇന്‍ എയ്ഡ് കമ്മിറ്റി യോഗം പരിഗണിക്കാതിരുന്നത്.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ ഫയലില്‍ സ്വീകരിച്ച യോഗം ലഭ്യമായ ഗ്രാന്റ് ചെലവഴിച്ച വിവരം നല്‍കാത്ത കേരളത്തിന്റെ നടപടിയെ ശാസിച്ചു.
യു.പി.എ സര്‍ക്കാര്‍ ആരംഭിച്ച ഐ.ഡി.എം.ഐ ഗ്രാന്റ് 2013 വരെ കേരളത്തിനു മുടക്കമില്ലാതെ ലഭിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ലഭിക്കുന്ന തുക ചെലവഴിച്ചതുസംബന്ധിച്ച ധനവിനിയോഗ രേഖ (യു.സി) സമര്‍പ്പിക്കുന്ന മുറയ്ക്കാണ് സ്ഥാപനങ്ങള്‍ക്കുള്ള രണ്ടാം ഗഡു ലഭിക്കുക.
കൃത്യസമയത്ത് കേരളം ഇതുനല്‍കുന്നില്ലെന്നു കാണിച്ചു 2010- 11 മുതലുള്ള രണ്ടാം ഗഡുവാണ് കേന്ദ്രം തടഞ്ഞത്. വര്‍ഷങ്ങള്‍ക്കുശേഷം സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കേന്ദ്രത്തിനു നല്‍കിയതോടെ 2018 മാര്‍ച്ചിലാണ് ഇതിന്റെ രണ്ടാം ഗഡു 2018ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന് നല്‍കിയത്.
2010- 11, 2011- 12 വര്‍ഷങ്ങളില്‍ അപേക്ഷ നല്‍കിയവരില്‍ 2018 മാര്‍ച്ച് 27ന് 17 സ്ഥാപനങ്ങള്‍ക്ക് 3,75,62,000 രൂപ, മാര്‍ച്ച് 29ന് അഞ്ച് സ്ഥാപനങ്ങള്‍ക്ക് 1,08,77,750 രൂപ, അതേദിവസം തന്നെ 31 സ്ഥാപനങ്ങള്‍ക്ക്് 6,49,61,000 രൂപ, മാര്‍ച്ച് 30ന് 78 സ്ഥാപനങ്ങള്‍ക്ക് 16,70,50,900 രൂപ എന്നിങ്ങനെയാണ് ലഭിച്ചത്.
രേഖകള്‍ നല്‍കാത്തതിനാല്‍ നാലുവര്‍ഷം ഗ്രാന്റ് മുടങ്ങിയ ശേഷമാണിത്. എന്നാല്‍ തുടര്‍ന്നുള്ള 2012- 13, 2013- 14 വര്‍ഷങ്ങളിലെ വിനിയോഗ രേഖകള്‍ ഇനിയും കേരളം നല്‍കിയിട്ടില്ല.
എ.ഇ.ഒ, ഡി.ഇ.ഒ തലങ്ങളിലേക്ക് കൃത്യമായ നിര്‍ദേശം നല്‍കി ശേഖരിക്കാവുന്ന വിവരങ്ങളാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം വര്‍ഷങ്ങള്‍ക്ക് ശേഷവും നല്‍കാതെ കിടക്കുന്നത്. ആദ്യഘട്ടത്തില്‍ ലഭിച്ച തുകയുടെ കണക്ക് കൃത്യമായി ലഭ്യമാക്കിയാലേ കേരളത്തിന്റെ പുതിയ അപേക്ഷകള്‍ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രം വീണ്ടും അറിയിച്ചതായി ഡി.പി.ഐ ഓഫിസും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."