രാഷ്ട്രപതി സ്ഥാനാര്‍ഥി: പ്രതിപക്ഷവുമായി ചര്‍ച്ചനടത്തുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: ഭരണകക്ഷിയായ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ പ്രതിപക്ഷവുമായി കൂടിയാലോചന നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു. പാര്‍ട്ടി ഇതുവരെ ഏതെങ്കിലും പേര് തീരുമാനിച്ചിട്ടില്ലെന്നും എന്‍.ഡി.എ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്ത് അവരുടെ കൂടി അഭിപ്രായം ആരായേണ്ടതുണ്ടെന്നും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷത്തിനു കൂടി സ്വീകാര്യമായ സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. പൊതുസമ്മതന്‍ എന്നത് വളരെ അര്‍ഥങ്ങളുള്ള പദമാണ്. പ്രതിപക്ഷമടക്കമുള്ള എല്ലാ കക്ഷികളോടും ഞങ്ങള്‍ ചര്‍ച്ചചെയ്യും- അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം പൊതുസമ്മതസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ശക്തമാക്കിയിരിക്കെയാണ് അമിത്ഷായുടെ പ്രസ്താവന.
എം.എല്‍.എമാരും എം.പിമാരും മാത്രം വോട്ടര്‍മാരായ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആകെ 11,04,546 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിക്ക് 5,38,000 വോട്ടുശക്തിയുണ്ട്. ആകെ വോട്ടര്‍മാരുടെ എണ്ണം 4,896 ആണ്. ഒരു എം.പിയുടെ വോട്ടുമൂല്യം 7098 ആണ്. സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാവശ്യമായ വോട്ട് മൂല്യം ഇല്ലാത്തതിനാല്‍ ചെറിയ കക്ഷികളുടെ നിലപാട് നിര്‍ണായകമാവും.
ഈ സാഹചര്യത്തില്‍ ടി.ആര്‍.എസ്, ബി.ജെ.ഡി, അണ്ണാ ഡി.എ.ംകെ തുടങ്ങിയ ഇരു പക്ഷത്തുമില്ലാത്ത പാര്‍ട്ടികളുടെ നിലപാടുകള്‍ പ്രധാനമാകും. ബി.ജെ.പി, ശിവസേന, തെലുങ്കുദേശം പാര്‍ട്ടി, അകാലിദള്‍, ലോക്ജനശക്തിപാര്‍ട്ടി, പി.ഡി.പി എന്നിവയെക്കൂടാതെ മറ്റ് 14 ചെറു പാര്‍ട്ടികളും കൂടി ചേര്‍ന്നതാണ് എന്‍.ഡി.എ. നിലവില്‍ വിജയിക്കാനുള്ളതില്‍ 11,828 വോട്ടിന്റെ കുറവുണ്ട് എന്‍.ഡി.എക്ക്. പ്രതിപക്ഷ ഐക്യത്തിനെല്ലാം കൂടിയുള്ളത് 4,02,230 വോട്ടാണ്. അതായത് 1,47,212 വോട്ടിന്റെ കുറവ്. അണ്ണാ ഡി.എം.കെ, ബി.ജെ.ഡി, ടി.ആര്‍.എസ്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, എ.എപി, ഐ.എന്‍.എല്‍.ഡി എന്നിവയ്‌ക്കെല്ലാം കൂടി 1,59,038 വോട്ടുണ്ട്. ഈ പാര്‍ട്ടികള്‍ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ ഭാഗമല്ല. ഇതില്‍ അണ്ണാ ഡി.എം.കെയുടെ മാത്രം പിന്തുണ കിട്ടിയാല്‍ എന്‍.ഡി.എയ്ക്ക് 5,96,838 വോട്ടുകളോടെ സ്വന്തം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനാവും. ഇതിനെ മറികടക്കാന്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥി എന്നതാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതിനാല്‍ പാര്‍ട്ടിയുടെ മുഴുവന്‍ വോട്ടും ഒരുപക്ഷത്തേക്ക് ഏകീകരിക്കുന്നത് ബുദ്ധിമുട്ടാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."