വിജയരാഘവന് മറുപടിയുമായി മുല്ലപ്പള്ളി
കോഴിക്കോട്: എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവനു മറുപടിയുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്. വിജയരാഘവന്റെ പ്രസ്താവന മത്സ്യത്തൊഴിലാളി സമൂഹത്തെ അധിക്ഷേപിച്ചെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവരാണ് പ്രളയസമയത്ത് കേരളത്ത് കൈപ്പിടിച്ചുയര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം യൂനിവേഴിസിറ്റി കോളജ് വിദ്യാര്‍ഥിയെ എസ്.എഫ്.ഐ നേതാക്കള്‍ കുത്തിവീഴ്ത്തിയ സംഭവം വെറും അടിപിടിയാണെന്നും വിഷയത്തില്‍ കെ.എസ്.യു നടത്തിവരുന്ന സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരാണെന്നും എ. വിജയരാഘവന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് മുല്ലപ്പള്ളി പ്രതികരിച്ചത്.
കെ.എസ്.യു സമരത്തിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും സംസ്ഥാനത്തെ ഇന്റലിന്‍സ് സംവിധാനം പരാജയമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
അതേസമയം വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരേ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തും രംഗത്തെത്തിയിരുന്നു. ''നിങ്ങള്‍ക്ക് ആളു തെറ്റിപ്പോയി. നിങ്ങള്‍ കണ്ണുരുട്ടുമ്പോള്‍ മുട്ടിലിഴയാന്‍ ഇത് പിണറായി വിലാസം ഫാന്‍സ് അസോസിയേഷനല്ലെന്നും'' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
''എ.കെ.ജി സെന്ററിലെ ഇരുട്ടുമുറിയില്‍ ഇരുന്ന് കോടിയേരി ബാലകൃഷ്ണന്റെ സന്തതികളില്‍ മൂത്തവനാണോ ഇളയവനാണോ കൂടുതല്‍ ഹീറോയെന്ന് വാദിച്ച് ഇരു ഗ്രൂപ്പായി തിരിഞ്ഞ് ബെറ്റുവെക്കുന്നവരുടെ അടുക്കള കലാപമല്ല അവിടെ നടന്നത്. ഒരു വിദ്യാര്‍ത്ഥിയെ കൊല്ലാനായി കുത്തിമലര്‍ത്തിയ, സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."