മൃഗശാലകളിലെ ഭക്ഷണക്രമത്തെ ബാധിക്കും
തൃശൂര്‍: കന്നുകാലി അറവിന് മൂക്കുകയര്‍ ഇടാനുളള സംഘ്പരിവാര്‍ അജന്‍ഡ മൃഗശാലകളിലെ ഭക്ഷണക്രമത്തെ ബാധിക്കും. മാംസം മാത്രം ഭക്ഷിക്കുന്ന നിരവധി ജീവികളാണ് ഇന്ത്യയിലെ പ്രധാന മൃഗശാലകളില്‍ കഴിയുന്നത്. സിംഹം, കടുവ, പുലി, പരുന്ത്, കഴുകന്‍, കാട്ടുപൂച്ച, ചീങ്കണി, മരപ്പട്ടി തുടങ്ങിയവയെല്ലാം മാംസം മാത്രം ഭക്ഷിച്ച് വിശപ്പ് അകറ്റുന്നവയാണ്. ഇന്ത്യയിലെ മൃഗശാലകളില്‍ മാട്ടിറച്ചിയാണ് നല്‍കിവരുന്നത്.
സംസ്ഥാനത്ത് രണ്ട് മൃഗശാലകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ 178 കിലോ മാംസമാണ് ദിവസവും ഉപയോഗിക്കുന്നത്. തിരുവനന്തപുരത്ത് 130 കിലോയും തൃശൂരില്‍ 48 കിലോയും മാംസമാണ് ദിവസവും മാംസഭുക്കുകളായ ജീവികള്‍ക്ക് നല്‍കിവരുന്നത്. മൃഗശാലകള്‍ ഒരുവര്‍ഷത്തേക്കുള്ള കരാര്‍ മാട്ടിറച്ചി കച്ചവടക്കാരുമായി ഉണ്ടാക്കുന്നതാണ് പതിവ്. ഈ കരാറിനെയും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പ്രതികൂലമായി ബാധിക്കും. മാട്ടിറച്ചി നിരോധനം പ്രാബല്യത്തില്‍ വരുന്നതോടെ മൃഗശാലകളില്‍ മാട്ടിറച്ചിക്കുപകരം ആട്, പന്നി എന്നിവയുടെ മാംസങ്ങള്‍ നല്‍കേണ്ടതായി വരും.
എന്നാല്‍, ഒരു പരിധിയില്‍ അധികം ആട്, പന്നി എന്നിവയുടെ മാംസങ്ങള്‍ നല്‍കിയാല്‍ സന്ദര്‍ശകരുടെ എണ്ണത്തിനെയും ഇത് ബാധിക്കുമെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്. മാട്ടിറച്ചിയുടെ ഗന്ധം സന്ദര്‍ശകര്‍ക്ക് പ്രതികൂലമായി ബാധിക്കുന്നില്ല.
എന്നാല്‍, ആട്, പന്നി എന്നിവയുടെ മാംസത്തിന്റെ ഗന്ധം സന്ദര്‍ശകരെ അകറ്റുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."