ബ്രൂവറി: 1999ലെ ഉത്തരവ് ആ വര്‍ഷത്തെ അപേക്ഷകള്‍ക്ക് മാത്രം ബാധകമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്ലെന്റിങ്, കോംപൗണ്ടിങ് ആന്‍ഡ് ബോട്ടിലിങ് യൂനിറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കില്ലെന്ന് 1999ല്‍ ഉത്തരവിറക്കിയത് അന്നുലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും, ആ ഉത്തരവ് അതിന് മാത്രമായിരുന്നു ബാധകമെന്നും മുഖ്യമന്ത്രി. ഉത്തരവില്‍ ബ്രൂവറികളെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
98ല്‍ ബ്രൂവറി യൂനിറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. തുടര്‍ന്ന് 99ല്‍ ഇത്തരം യൂനിറ്റുകള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാരിന് മുന്‍പിലെത്തിയത് നൂറിലധികം അപേക്ഷകളാണ്. അപേക്ഷകള്‍ വന്നപ്പോള്‍ ശരിയായ രീതിയില്‍ പരിശോധിച്ച് അര്‍ഹത ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് നല്‍കുന്നതിനായി ഒരു ഉദ്യോഗസ്ഥതല കമ്മിറ്റിയെ അന്നത്തെ ഇടതുസര്‍ക്കാര്‍ നിയമിച്ചിരുന്നു. നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്നു ആ കമ്മിറ്റിയുടെ കണ്‍വീനര്‍.
ഈ കമ്മിറ്റിയോട് സംസ്ഥാനത്തിന്റെ ആവശ്യത്തിന് അനുയോജ്യമായ എണ്ണം കോംപൗണ്ടിങ്, ബ്ലെന്റിങ് ആന്‍ഡ് ബോട്ടിലിങ് യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കുന്നതിന് നിര്‍ദേശിച്ചിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പെര്‍മിറ്റ് നല്‍കി കൊണ്ടുവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് ആവശ്യമുള്ള യൂനിറ്റുകള്‍ ആരംഭിക്കുന്ന കാര്യം പരിശോധിക്കാനും കമ്മിറ്റിയോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് അപേക്ഷകള്‍ പരിശോധിച്ച് കമ്മിറ്റി ചില ശുപാര്‍ശകള്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ശുപാര്‍ശകള്‍ 99 സെപ്റ്റംബര്‍ 24ന് ചേര്‍ന്ന മന്ത്രിസഭാ യോഗം പരിശോധിക്കുകയും ചെയ്തു.
സര്‍ക്കാരിന് ലഭിച്ച യൂനിറ്റുകള്‍ സ്ഥാപിക്കാനുള്ള എല്ലാ അപേക്ഷയും നിരസിക്കാമോ, മന്നം ഷുഗര്‍മില്ലിന്റെ ഐ.എം.എഫ്.എല്‍ യൂനിറ്റ് സ്ഥാപിക്കുന്നതിനുള്ള അപേക്ഷ പരിഗണിക്കാമോ, നിലവിലുള്ള ഡിസ്റ്റിലറികളുടെ ശേഷി അവര്‍ ആവശ്യപ്പെടുന്ന പക്ഷം ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് വര്‍ധിപ്പിച്ചു നല്‍കാമോ എന്നീ ശുപാര്‍ശകളാണ് പരിഗണിച്ചത്. ഇതിലെ തീരുമാനമാണ് സര്‍ക്കാര്‍ ഉത്തരവായി 1999 സെപ്റ്റംബര്‍ 29ന് പുറപ്പെടുവിച്ചത്.
അന്നത്തെ അപേക്ഷകളെ അടിസ്ഥാനപ്പെടുത്തിയാണ് ഉത്തരവുണ്ടായത്. എന്നാല്‍ പിന്നീട് ഒന്നും പുതുതായി അനുവദിക്കേണ്ടതില്ല എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുമില്ല. അതായത് 1999 ലെ ഉത്തരവ് സ്ഥാപനം തുറക്കരുതെന്നല്ല, യുക്തമായവര്‍ക്ക് നല്‍കണമെന്നാണ്. അതേസമയം, ബ്രൂവറികളെ സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിക്കുന്നുമില്ല. അതായത് ബ്രൂവറി അനുവദിക്കുന്നതില്‍ ഒരു കാലത്തും ഇത്തരമൊരു പരിശോധനയുടെ സ്ഥിതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."