ചാംപ്യന്‍സ് ട്രോഫി: ഇന്ത്യ- ന്യൂസിലന്‍ഡ് സന്നാഹം ഇന്ന്
ലണ്ടന്‍: ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന് നടക്കും. ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം അരങ്ങേറുന്നത്. ചാംപ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന ഇന്ത്യക്ക് താരങ്ങളുടെ ഫോം അളക്കാന്‍ ലഭിക്കുന്ന അവസരമാണിത്. ടി20 ക്രിക്കറ്റിന്റെ ആലസ്യം വിട്ടുമാറി 50 ഓവര്‍ പോരാട്ടത്തിന്റെ മത്സരച്ചൂടിലേക്ക് തിരികെയെത്താനും പരിശീലന മത്സരം സഹായകമാകും.
അതേസമയം ഇന്ത്യന്‍ ടീമിന് ആദ്യ തിരിച്ചടി നേരിടേണ്ടി വന്നു. ടൂര്‍ണമെന്റിന് മുന്നോടിയായുള്ള പരിശീലന സെഷനില്‍ നിന്ന് വെറ്ററന്‍ താരം യുവരാജ് സിങിന് പിന്‍മാറേണ്ടി വന്നത് ഇന്ത്യക്ക് ക്ഷീണമാണ്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ലോര്‍ഡ്‌സില്‍ നടന്ന ടീമിന്റെ ആദ്യ പരിശീലനത്തില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നത്. യുവരാജ് ഒഴികെ മറ്റ് 14 പേരും ആദ്യ പരിശീലന സെഷനില്‍ ഹാജരായി. രണ്ടോ മൂന്നോ ദിവസത്തിനകം യുവരാജ് അസുഖത്തില്‍ നിന്ന് മുക്തനായി തിരിച്ചെത്തുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസിലന്‍ഡിനെതിരേ ഇന്ന് നടക്കുന്ന ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം യുവരാജിന് നഷ്ടപ്പെടുമെന്ന് ഉറപ്പായി. യുവരാജിന്റെ ആരോഗ്യനില ക്രിക്കറ്റ് ബോര്‍ഡ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും രോഗത്തിന്റെ കാഠിന്യം അനുസരിച്ചായിരിക്കും താരത്തിന്റെ ടൂര്‍ണമെന്റിലെ ഭാവിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവരാജിന് ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ സാധിക്കാതെ വന്നാല്‍ റിസര്‍വ് താരങ്ങളില്‍ ഒരാള്‍ക്ക് അവസരം ലഭിക്കും. സുരേഷ് റെയ്‌നക്കാണ് സാധ്യത നിലനില്‍ക്കുന്നത്.
ജൂണ്‍ ഒന്നിനാണ് ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ ജൂണ്‍ നാലിന് ആദ്യ മത്സരത്തിനിറങ്ങും. ചിരവൈരികളായ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."