HOME
DETAILS

അന്നാ ഹസാരെയുടെ സമരനാടകങ്ങള്‍

  
backup
October 03 2018 | 21:10 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be-%e0%b4%b9%e0%b4%b8%e0%b4%be%e0%b4%b0%e0%b5%86%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95

 

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ അന്നാ ഹസാരെ പ്രഖ്യാപിച്ച രണ്ട് നിരാഹാര സമരങ്ങളും അപ്രതീക്ഷിതമായി അവസാനിപ്പിച്ചത് പൊതുസമൂഹത്തില്‍ സംശയങ്ങള്‍ക്കിടം നല്‍കുന്നതാണ്. ലോക്പാല്‍ നിയമം നടപ്പാക്കുക, കര്‍ഷക പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടികളെടുക്കുക, സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഗാന്ധിജയന്തി ദിനത്തില്‍ നിരാഹാര സമരമിരിക്കുവാന്‍ അന്നാ ഹസാരെ തീരുമാനിച്ചത്. എന്നാല്‍, കേന്ദ്രത്തിന്റെയും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും പ്രതിനിധിയായി മന്ത്രി ഗിരീഷ് മഹാജന്‍ ഹസാരെയെ സന്ദര്‍ശിച്ചു ചര്‍ച്ചനടത്തിയ ഉടന്‍തന്നെ നിരാഹാരമിരിക്കാതെ ഹസാരെ സമരം പിന്‍വലിച്ചു. ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ ഗാന്ധിയുടെ രക്തസാക്ഷിത്വ വാര്‍ഷികമായ ജനുവരി 30നകം സമരം പുനരാരംഭിക്കുമെന്ന് അന്നാ ഹസാരെ ഓര്‍മിപ്പിച്ചിട്ടുണ്ടെങ്കിലും അത് വിശ്വാസത്തിലെടുക്കുവാന്‍ പറ്റുകയില്ല. കഴിഞ്ഞ മാര്‍ച്ചിലും ഇതുപോലെ പാതിവഴിയില്‍ സമരം ഉപേക്ഷിക്കുകയായിരുന്നു അന്നാഹസാരെ. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ ബലത്തിലായിരുന്നു ഹസാരെ അന്നും സമരം പിന്‍വലിച്ചത്. അതേ ഉറപ്പ് സര്‍ക്കാര്‍ വീണ്ടും ഒക്ടോബര്‍ രണ്ടിന് ആവര്‍ത്തിച്ചപ്പോള്‍ നിരാഹാര സമരത്തിന് തുനിയാതെ തന്നെ സമരത്തില്‍ നിന്ന് പിന്‍വാങ്ങി.
രണ്ടാം യു.പി.എ സര്‍ക്കാരിനെതിരേ 2012 ജൂണില്‍ ഡല്‍ഹിയില്‍ നിരാഹാര സമരം തുടങ്ങിക്കൊണ്ടായിരുന്നു ഹസാരെ ജനശ്രദ്ധ പിടിച്ചുപറ്റിയത്. പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയാന്‍ ലോക്പാല്‍ നിയമം പാസാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ആവശ്യം. കല്‍ക്കരിപ്പാട കുംഭകോണം, ടു ജി സ്‌പെക്ട്രം തുടങ്ങിയ അഴിമതികളില്‍ യു.പി.എ സര്‍ക്കാരിനെതിരേ ബി.ജെ.പിയുടെ നേതൃത്വത്തില്‍ രൂക്ഷമായ സമരപരമ്പരകള്‍ അരങ്ങേറിക്കൊണ്ടിരുന്ന ഒരുവേളയില്‍ തന്നെയായിരുന്നു ഹസാരെയുടെയും സമരം. ബി.ജെ.പി നടത്തിക്കൊണ്ടിരുന്ന സമരത്തിന് ഊര്‍ജവും ഇന്ധനവും പകരുന്നതായി ഹസാരെയുടെ നിരാഹാര സമരം.സമരത്തിനൊടുവില്‍ 2013 ഡിസംബറില്‍ യു.പി.എ സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ച് ലോക്പാല്‍ നിയമം പാര്‍ലമെന്റില്‍ പാസാക്കി. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ അധികാരത്തിലേറ്റുവാന്‍ ഹസാരെയുടെ സമരമാണ് മുഖ്യ ഇന്ധനമായത് എന്നതിന് സംശയമില്ല. ആ സമരത്തിന്റെ ഗുണഭോക്താക്കളായി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍വന്നു.
പാര്‍ലമെന്റ് പാസാക്കിയ ലോക്പാല്‍ നിയമവും നിയമസഭകളിലേക്കുള്ള ലോകായുക്ത നിയമവും നടപ്പാക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ സന്നദ്ധമായില്ല. 2014ല്‍ അധികാരത്തില്‍വന്ന ബി.ജെ.പി സര്‍ക്കാര്‍ ലോക്പാല്‍ നിയമം നടപ്പാക്കാത്തതിനെതിരേ ഹസാരെ ഒരക്ഷരം ശബ്ദിച്ചതുമില്ല. 2018 മാര്‍ച്ചില്‍ വീണ്ടും ഹസാരെ നിരാഹാര സമര കാഹളം മുഴക്കുകയും നിരാഹാരമിരിക്കുകയും ചെയ്തു. സമരം തുടങ്ങി ഏഴു ദിവസത്തിനകം പിന്‍വലിക്കുകയും ചെയ്തു. ബി.ജെ.പി സര്‍ക്കാര്‍ ലോക്പാല്‍ നിയമം പാസാക്കാമെന്ന് ഉറപ്പ് തന്നിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു സമരത്തില്‍നിന്നും പിന്‍വാങ്ങിയതെങ്കില്‍ യു.പി.എ സര്‍ക്കാരിനെതിരേ പന്ത്രണ്ട് ദിവസം നിരാഹാരമിരുന്നു ലോക്പാല്‍ നിയമം പാസാക്കിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഇപ്പോഴിതാ ഒക്ടോബര്‍ രണ്ടിന് സമരത്തിനിരിക്കുംമുന്‍പെ അവസാനിപ്പിച്ചിരിക്കുന്നു. പഴയ ഉറപ്പ് ആവര്‍ത്തിക്കുകയായിരുന്നു ബി.ജെ.പി സര്‍ക്കാര്‍.
ഹസാരെയുടെ ഈ നടപടികള്‍ ബി.ജെ.പി സര്‍ക്കാര്‍ വിരുദ്ധ സമരങ്ങളെ തളര്‍ത്താനായി ബി.ജെ.പി സഹായത്തോടെ സംഘടിപ്പിക്കുന്നതാണെന്ന സംശയമാണ് ബലപ്പെട്ടുകൊണ്ടിരിക്കുന്നത്. ആദ്യത്തെ സമരത്തില്‍ അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിച്ച കിരണ്‍ബേദി നേരെ ചെന്നത് ബി.ജെ.പിയിലാണെന്നത് ഹസാരെക്കെതിരേയുള്ള സംശയങ്ങളെ ഉറപ്പിക്കുന്നതാണ്. കിരണ്‍ബേദി ഇപ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നോമിനിയായി പുതുച്ചേരി ലെഫ്റ്റനന്റ് ഗവര്‍ണര്‍ പദം അലങ്കരിക്കുന്നു. പൊതുസമൂഹത്തിനും മാധ്യമങ്ങള്‍ക്കുംവരെ ഹസാരെയുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയതിനാലായിരിക്കണം അദ്ദേഹത്തിന്റെ ഒക്ടോബര്‍ രണ്ടിലെ നിരാഹാര സമരത്തിന് മതിയായ ശ്രദ്ധ കിട്ടാതെപോയത്.
ബി.ജെ.പി സര്‍ക്കാരിന് ഭീഷണിയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ഹസാരെയെ ദുരുപയോഗം ചെയ്യുകയാണോ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ഭാരതീയ കര്‍ഷക യൂനിയന്‍ പ്രക്ഷോഭത്തില്‍ 70,000 കര്‍ഷകരാണ് പങ്കെടുത്തിരുന്നത്. ഹരിദ്വാറിലെ ടിക്കായത്ത്ഘട്ടില്‍ നിന്ന് 23ന് ആരംഭിച്ച കര്‍ഷക പദയാത്ര ബി.ജെ.പി സര്‍ക്കാര്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍ തടയുകയും വ്യാപകമായ മര്‍ദനങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു. ഈ ഘട്ടത്തിലാണ് ഇതേ ആവശ്യം ഉന്നയിച്ച് നിരാഹാരമിരിക്കാനിരുന്ന അന്നാഹസാരെ, മന്ത്രി സന്ദര്‍ശിച്ചതിന്റെ പേരില്‍ സമരത്തില്‍നിന്നും പിന്‍വാങ്ങിയത്. ഇത് ഏറെ ദുരൂഹതയുളവാക്കുന്നു. ഭാരതീയ കിസാന്‍ യൂനിയന്‍ നടത്തിയ കര്‍ഷക സമരത്തെ തളര്‍ത്താന്‍ അരങ്ങേറിയ നാടകമായിരുന്നുവോ ഹസാരെയുടെ നിരാഹാര സമര നാടകം കര്‍ഷകര്‍ ഉന്നയിച്ച അതേ ആവശ്യങ്ങള്‍ തന്നെയായിരുന്നു ഈ പ്രാവശ്യം അന്നാ ഹസാരെയും ഉയര്‍ത്തിയിരുന്നതെന്ന് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.
കര്‍ഷക സമരത്തെയും വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് അവസാനിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കരുത്തേകിയത് ഹസാരെയുടെ പിന്മാറ്റമാണ്. ആറ് മാസത്തിനകം ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി സര്‍ക്കാരിനെതിരേയുള്ള ജനകീയപ്രക്ഷോഭങ്ങളെയും പ്രതിപക്ഷ സമരങ്ങളെയും തളര്‍ത്താന്‍ ഹസാരെ നിരാഹാര സമര നാടകങ്ങള്‍ ഇനിയും ആവര്‍ത്തിച്ചുകൂടായ്കയില്ല. രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയായ റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് ഹസാരെ ഇതുവരെ ഒരക്ഷരം ശബ്ദിച്ചിട്ടില്ലെന്ന് ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago
No Image

100 വര്‍ഷത്തെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി മില്‍ട്ടണ്‍; കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി, ഫ്‌ളോറിഡയില്‍ അടിയന്തിരാവസ്ഥ

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago