'ഓരോ തവണ കാണുമ്പോഴും കൊലയാളികളെ കുറിച്ച് അവര്‍ ചോദിക്കാറുണ്ട്'; കണ്‍മണികള്‍ക്ക് നീതിക്കായി ഷരീഫും ഭാര്യയും സമരത്തിലേക്ക്
മലപ്പുറം: കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ആശുപത്രികളില്‍ ചികിത്സ കിട്ടാത്തതു കാരണം രണ്ടു കണ്‍മണികള്‍ മരണപ്പെട്ട സംഭവത്തില്‍ നീതി തേടി പിതാവ് എന്‍.സി ഷരീഫും ഭാര്യയും സമരത്തിലേക്ക്. ഉത്തരവാദപ്പെട്ടവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് സമരത്തിലേക്കിറങ്ങുന്നത്.
ഒക്ടോബര്‍ ഏഴിന് ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്നും മലപ്പുറം എസ്.പി ഓഫിസിനു മുന്നില്‍ നാളെ സമരത്തിലേക്ക് നീങ്ങുകയാണെന്നും ഷരീഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഷരീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ..
നീതി തേടി ഇറങ്ങുകയാണ്, കൂടെയുണ്ടാകണം.
നാളെ മലപ്പുറം എസ്.പി ഓഫീസിന് മുന്നില്‍ ഞാനും പ്രിയപ്പെട്ടവളും ഉണ്ടാകും..
തവനൂര്‍ പള്ളിപറമ്പില്‍ മുടങ്ങാതെ ചെല്ലാറുണ്ട്. എന്റെ രണ്ട് പൈതങ്ങളോട് ഒത്തിരി നേരം സംസാരിച്ചിരിക്കും. അവരൊന്ന് കരഞ്ഞെങ്കില്‍ മണ്ണറ തുറന്ന് രണ്ടുപേരേയും മാറോട് ചേര്‍ത്ത് പ്രിയപ്പെട്ടവളുടെ അരികിലേക്ക് ഓടാമായിരുന്നല്ലൊ എന്ന് ഓര്‍ത്തുപോകും.
ഓരോ തവണ കാണുമ്പോഴും കൊലയാളികളെ കുറിച്ച് അവര്‍ ചോദിക്കാറുണ്ട്. ഞങ്ങള്‍ക്ക് വേണ്ടി ഉപ്പച്ചി എന്ത് ചെയ്‌തെന്ന ചോദ്യത്തിന് 'ഉപ്പച്ചി തോറ്റുപോയല്ലൊ' മക്കളേ എന്ന മറുപടി മാത്രമേയൊള്ളു. മക്കള്‍ക്ക് വേണ്ടിയെങ്കിലും ജയിക്കേണ്ടെ..
പ്രിയപ്പെട്ടവള്‍ക്ക് ചികിത്സ നിഷേധിച്ച മഞ്ചേരി മെഡിക്കല്‍ കോളജിലെ കുറ്റക്കാര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ ഏഴിനാണ് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കിയത്. പരാതി കണ്ടില്ലെന്ന ഭാവമാണ് അധികൃതര്‍ക്ക്. കണ്ണ് തുറപ്പിക്കണം.
നാളെ മലപ്പുറം എസ്.പി ഓഫീസിന് മുന്നില്‍ ഞാനും പ്രിയപ്പെട്ടവളുമുണ്ടാകും. ഞങ്ങള്‍ നല്‍കിയ പരാതി കണ്ടില്ലെന്ന് നടിക്കുന്നവരെ നേരിലൊന്ന് കാണണം. പ്രതിഷേധം അറിയ്ക്കണം. ജില്ലാ പൊലിസ് മേധാവിയുടെ ഓഫീസിന് മുന്നില്‍ എത്ര മണിക്കൂറുകള്‍ പ്രതിഷേധം നീളുമെന്നറിയില്ല. എന്നാലും ഒന്നുറപ്പുണ്ട്, ഈ പ്രതിഷേധം ഫലം കാണും. കൂടെയുള്ളത് പിറവിയുടെ പാടുകള്‍ മായും മുമ്പേ കണ്‍മണികളെ നഷ്ടമായ അമ്മയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."