രാമരാജ്യത്തിലേക്കുള്ള ബില്ലുകള്‍
ബില്ലുകള്‍ ഒന്നിനു പിറകെ ഒന്നായാണ് വരുന്നത്. എതിര്‍പ്പുകള്‍ പ്രതിപക്ഷമുയര്‍ത്തുന്നുണ്ട്. ക്ഷമയോടെ അതെല്ലാം കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറുമാണ്. എന്നാല്‍ അതുകൊണ്ട് കാര്യമൊന്നുമില്ലെന്ന് മാത്രം. ഒരു മാറ്റവുമില്ലാതെ ബില്ലുകള്‍ പാസാകുന്നു. പ്രതിപക്ഷത്തിന് എതിര്‍ക്കാന്‍ അവസരം നല്‍കുകയും ബില്‍ പാസാക്കിയെടുക്കുകയുമാണ് സര്‍ക്കാര്‍ പദ്ധതി. എന്‍.ഐ.എ ഭേദഗതി ബില്‍, യു.എ.പി.എ ഭേദഗതി ബില്‍, മനുഷ്യാവകാശ നിയമഭേദഗതി ബില്‍, വിവരാവകാശ നിയമഭേദഗതി ബില്‍ തുടങ്ങി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലുകള്‍ നോക്കൂ.
രാജ്യത്തെ ജനാധിപത്യത്തെയും ന്യൂനപക്ഷാവകാശങ്ങളെയും വരിഞ്ഞു മുറുക്കുന്നതാണ് ഇവയോരോന്നും. അഴിമതി തടയാന്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ കൊല്ലുന്ന ബില്‍ അവതരിപ്പിക്കുമ്പോള്‍ തന്നെ മോദി സര്‍ക്കാരിന്റെ സുതാര്യതയെയും അഴിമതിവിരുദ്ധ നിലപാടുകളെയും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവില്ലെന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങുക. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ പിന്നെന്തിന് ഭേദഗതിയെന്ന ചോദ്യമുയര്‍ത്താനുള്ള ശേഷി പ്രതിപക്ഷത്തിനില്ല. നോട്ടുനിരോധന കുംഭകോണത്തെക്കുറിച്ച് മിണ്ടില്ല. റാഫേല്‍ അഴിമതിയെക്കുറിച്ച് പറയില്ല.
എഴുപതോളം പേരെ കൊലപ്പെടുത്തിയ ഭീകരാക്രണമക്കേസ് പ്രതി പ്രജ്ഞാസിങ് താക്കൂറിനെ സഭയിലിരുത്തിയാണ് യു.എ.പി.എ ഭേദഗതി ബില്‍ കൊണ്ടുവരുന്നത്. ഭീകരതയെ എതിര്‍ക്കുന്നവര്‍ തങ്ങള്‍ മാത്രമാണെന്നും തങ്ങളെ എതിര്‍ക്കുന്നവര്‍ ഭീകരരെ പിന്തുണയ്ക്കുന്നവരാണെന്നും അമിത്ഷാ പറയുമ്പോള്‍ ഭരണപക്ഷ നിരയിലിരിക്കുന്ന പ്രജ്ഞാസിങ്ങിനു നേരെ വിരല്‍ചൂണ്ടാനുള്ള ശേഷി പോലുമില്ല പ്രതിപക്ഷത്തിന്.
മനുഷ്യാവകാശത്തെക്കുറിച്ച് പറയുമ്പോള്‍ ഭ്രാന്തുപിടിച്ച ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിനിരയാവുന്നവരെക്കുറിച്ചും മോദിക്കെതിരാണെന്നതു കൊണ്ട് മാത്രം ജയിലില്‍ക്കിടക്കുന്നവരെക്കുറിച്ചുമുള്ള എതിര്‍ശബ്ദങ്ങള്‍ക്ക് പാര്‍ലമെന്റിലെ ഹിന്ദുത്വത്തിന്റെ വായ്ത്താരികളെ അതിജയിക്കാനുള്ള ശേഷിയില്ല. പൗരത്വപ്പട്ടിക, കശ്മിര്‍ എന്നിവയാണ് അമിത്ഷായുടെ പട്ടികയിലെ പ്രധാന അജന്‍ഡ. ബാക്കിയെല്ലാം ബില്ലുകള്‍ കൊണ്ട് വരുതിയില്‍ നിര്‍ത്താവുന്നതേയുള്ളൂവെന്ന് അമിത്ഷായുടെ കൗശലബുദ്ധിക്കറിയാം. തെരഞ്ഞെടുപ്പുകളെയും ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെയുമെല്ലാം ഇതിനകം അവര്‍ വരുതിയിലാക്കിയിട്ടുണ്ട്.
ജൂണ്‍ 26ന് കശ്മിര്‍ സന്ദര്‍ശിച്ച അമിത്ഷാ രണ്ടുകാര്യങ്ങളാണ് പരിശോധിച്ചത്. അതിലൊന്ന് അമര്‍നാഥ് തീര്‍ഥാടകര്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍, മറ്റൊന്ന് സുരക്ഷാ സൈനിക വിന്യാസത്തിലെ പോരായ്മകളുമാണ്. കശ്മിരികള്‍ അമിത്ഷായുടെ അജന്‍ഡയിലില്ലാത്തവരാണ്. കശ്മിരിലെ ഇന്ത്യാവിരുദ്ധ മനസ്സുകള്‍ പേടിക്കണമെന്ന് അമിത്ഷാ പാര്‍ലമെന്റില്‍ പറയുന്നത് അവിടെ വിന്യസിച്ച സൈന്യത്തെ ചൂണ്ടിക്കാട്ടിയാണ്. കൊല്ലുകയാണ് സൈന്യത്തിന്റെ ജോലി. മുത്വലാഖ് ബില്‍ ന്യൂനപക്ഷ പ്രതികരണത്തിന്റെ ശേഷിയളക്കാനുള്ള മാപിനി മാത്രമായിരുന്നു ബി.ജെ.പി സര്‍ക്കാരിന്. മുസ്‌ലിംസ്ത്രീകളുടെ ക്ഷേമമൊന്നും ബി.ജെ.പിയുടെ അജന്‍ഡയാകേണ്ട കാര്യമില്ല. വരാനിരിക്കുന്നത് വലുതാണ്. ദുരുപയോഗം കൊണ്ട് പിന്‍വലിക്കേണ്ടി വന്ന കരിനിയമങ്ങളായ പോട്ടയും ടാഡയും അമിത്ഷായുടെ ഗുഡ് ലിസ്റ്റിലുള്ളവയാണ്. എന്നാല്‍ അതൊന്നും തിരികെക്കൊണ്ടുവരുമെന്ന പേടി വേണ്ട. വേഷം മാറിയ പോട്ടയായി യു.എ.പി.എ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയെടുത്തിട്ടുണ്ട്. ഇനി രാജ്യസഭയുടെ ദുര്‍ബലമായ കടമ്പ കടക്കുകയേ വേണ്ടൂ. ഒരു ഭീകര സംഘടനയിലും അംഗമല്ലെങ്കിലും പൊലിസുകാര്‍ക്ക് സംശയം തോന്നുന്ന വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയാണ് യു.എ.പി.എ നിയമത്തിലുള്ളത്. ഭീകരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയനാണ്.
ഭീകരനായി പ്രഖ്യാപിക്കപ്പെടുന്നതോടെ പുറംലോകവുമായുള്ള ബന്ധമറ്റ് അയാള്‍ ജയിലിലാകും. പിന്നെങ്ങനെ നിരപരാധിത്വം തെളിയിക്കുമെന്ന ചോദ്യത്തിന് അമിത്ഷായുടെ നീതിയെക്കുറിച്ചുള്ള സങ്കല്‍പ്പത്തില്‍ പ്രസക്തിയൊന്നുമില്ല. വ്യക്തിയുടെ സ്വത്തുക്കള്‍ കോടതിയുത്തരവില്ലാതെ തന്നെ അന്വേഷണ ഏജന്‍സിക്ക് മരവിപ്പിക്കാമെന്നതാണ് മറ്റൊരു വ്യവസ്ഥ. നിരോധിത സംഘടനയില്‍ അംഗമാണെന്ന കാരണത്താല്‍ ഒരു വ്യക്തി ഭീകരനാവില്ലെന്ന സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധിയെ കൊല്ലുന്ന വ്യവസ്ഥയാണിത്. അന്വേഷണ ഏജന്‍സിയെന്നാല്‍ ഭീകരതയുമായി ബന്ധപ്പെട്ട കേസുകളില്‍ അത് എന്‍.ഐ.എ മാത്രമാണ്. ഇക്കാര്യം ബില്ലില്‍ വ്യക്തമായി പറയുന്നുണ്ട്.
കാലങ്ങളായി എന്‍.ഐ.എ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് രാജ്യം കണ്ടതാണ്. ഹിന്ദുത്വര്‍ നടത്തുന്ന ബോംബ് സ്‌ഫോടനങ്ങളും പശുക്കൊലകളും ഭീകരതയുടെ പരിധിയില്‍ വരില്ല. അതെല്ലാം ദേശീയതയോടോ രാജ്യതാല്‍പര്യത്തോടോ ചേര്‍ന്ന് നില്‍ക്കുന്ന ദുര്‍ബലമായ കുറ്റകൃത്യങ്ങള്‍ മാത്രമാവുകയേയുള്ളൂ.
ഇതെല്ലാം നടപ്പാക്കാനാവശ്യമായ കൂടുതല്‍ അധികാരങ്ങള്‍ ഇരുസഭകളിലും പാസാക്കിയ എന്‍.ഐ.എ ഭേദഗതി ബില്ലിലുണ്ട്. ഇതു പ്രകാരം എന്‍.ഐ.എക്ക് ഇഷ്ടംപോലെ കോടതികള്‍ സ്ഥാപിക്കാം. വിദേശത്ത് നടക്കുന്ന ആക്രമണങ്ങളില്‍ ഇന്ത്യയില്‍ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാം.
സാക്കിര്‍ നായിക്കിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ കഴിയാത്തത് ഇല്ലാത്തൊരു കേസിന്റെ പേരിലാണ്. എന്‍.ഐ.എ തന്നെ ഒരു പരാജയപ്പെട്ട സംവിധാനമാണ്. ഭീകരതയെ ഇല്ലാതാക്കാനല്ല, മുസ്‌ലിംകളെ ജയിലിലടക്കാനും ജയിലിലുള്ള ഹിന്ദുത്വഭീകരരെ നിയമവ്യവസ്ഥയുടെ പിടിയില്‍ നിന്ന് രക്ഷിച്ചെടുക്കാനുമാണ് കഴിഞ്ഞ കാലങ്ങളില്‍ അതിന്റെ ബുദ്ധിയും പരിശ്രമവും വിനിയോഗിച്ചത്. മറുവശത്ത് മുസ്‌ലിംകള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഭൂരിഭാഗവും വ്യാജവും സര്‍ക്കാര്‍ താല്‍പര്യത്തെ സംരക്ഷിക്കാനുള്ളതുമായിരുന്നു. പാനായിക്കുളം കേസുപോലെ വര്‍ഷങ്ങള്‍ക്കു ശേഷം തെളിവ് ഹാജരാക്കാനാവാതെ വെറുതെവിടപ്പെട്ട കേസുകള്‍ ഉത്തരേന്ത്യയിലും നിരവധിയുണ്ട്.
വിവരാവകാശ നിയമം കൂടി നോക്കൂ. പുതിയ ഭേദഗതിയോടെ വിവരാവകാശ കമ്മിഷനുള്ള സ്വയംഭരണാധികാരം ഇല്ലാതാവും. വിവരാവകാശ കമ്മിഷണര്‍ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവും. വിവരാവകാശ കമ്മിഷണര്‍മാര്‍ക്ക് നിലവിലുള്ള നിയമപ്രകാരമുള്ള തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടേതിന് തുല്യമായ പദവിയും ശമ്പളവുമുണ്ടാവില്ല. നിശ്ചിത ശമ്പളത്തിന് പകരം സര്‍ക്കാര്‍ നിയമിക്കുമ്പോള്‍ നിശ്ചയിക്കുന്ന ശമ്പളമാണുണ്ടാകുക. കമ്മിഷണര്‍മാരുടെ കാലാവധിയും സര്‍ക്കാരിന് നിശ്ചയിക്കാം.
നിലവില്‍ അഞ്ചു വര്‍ഷമാണ് കാലാവധി. വിവരാവകാശപ്രകാരം നല്‍കേണ്ട രേഖകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഇതേ ഉദ്യോഗസ്ഥരാണ്. മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതിയിലുമുണ്ട് ചതിക്കുഴികള്‍. മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമായി കുറയ്ക്കുന്നതാണ് ബില്ലിലെ ഒരു വ്യവസ്ഥ.
സുപ്രിംകോടതിയില്‍നിന്നു വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണാകേണ്ടതെന്ന നിയമം മാറ്റി എല്ലാ സുപ്രിംകോടതി ജഡ്ജിമാരെയും ഇതിനായി പരിഗണിക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതോടൊപ്പം സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാകേണ്ടത് വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കണമെന്ന വ്യവസ്ഥ മാറ്റി വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കണമെന്നതാക്കി. സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരായി സ്വന്തക്കാരെ നിയമിക്കാന്‍ കൂടുതല്‍ സൗകര്യം ചെയ്യുന്ന വ്യവസ്ഥകളാണിത്. സമാനമായ ബില്ലുകള്‍ ഇനിയും വരാനുണ്ട്. ന്യൂനപക്ഷ, പ്രത്യേകിച്ച് മുസ്‌ലിം വിരുദ്ധത ലക്ഷ്യമാക്കിയുള്ള ബി.ജെ.പിയുടെ വാഗ്ദത്ത രാമരാജ്യത്തിലേക്ക് വഴി തുറക്കുന്ന ബില്ലുകളാണിത്. ഈ ബില്ലുകളുടെ ഉരുക്കുമുഷ്ടികൊണ്ടാണ് അടുത്ത അഞ്ചുവര്‍ഷം ബി.ജെ.പി രാജ്യംഭരിക്കാന്‍ പോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."