കാമം വിഴുങ്ങുന്ന കേരളം
കാമവും ക്രോധവുമാണ് ആണത്തത്തിന്റെ മുഖമുദ്രയെന്നു ചേര്‍ത്തും പേര്‍ത്തും പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഏതാണ്ട് നാലഞ്ചു ദശകങ്ങള്‍. അതിനുമുമ്പും മലയാളിയുടെ ജീവിതത്തില്‍ കാമത്തിനു സ്ഥാനമുണ്ടായിരുന്നു. പക്ഷേ, അത് അനുയോജ്യമായ അവസരങ്ങളില്‍ മാത്രമാണ് അനുഷ്ഠിക്കപ്പെട്ടത്. 'മൃഷ്ടാന്നഭോജനവും വെടിപറച്ചിലും സംബന്ധവുമായി' കാലം കഴിച്ചിരുന്ന അന്നത്തെ നമ്പൂതിരിമാര്‍ക്കിടയില്‍, ശൃംഗാരശ്ലോകരചനാമത്സരവും ആലാപനവും ബഹുകേമമായിരുന്നു. വെണ്മണി സാഹിത്യം ഉദാഹരണം.
'ഉമ്പര്‍കോനുടയ കൊമ്പനാനയുടെ കുംഭ'ത്തെ വെല്ലുന്ന കുചകുംഭമുള്ള തരുണീവര്‍ണനകളൊന്നും അന്ന് സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നില്ല. അത് സമ്പന്ന സവര്‍ണ വര്‍ഗങ്ങളില്‍ ഒതുങ്ങിനിന്നു. ഉദരനിമിത്തം ബഹുകൃത വേഷങ്ങളാടേണ്ടിവന്നതിനാല്‍, സാധാരണക്കാര്‍ കാമത്തിന് കാര്യമായ പ്രാധാന്യം നല്‍കിയില്ല. ചിലര്‍ 'കാമത്തിന് കണ്ണില്ലെ'ന്ന പഴമൊഴി അന്വര്‍ഥമാക്കിയിരുന്നുവെന്ന കാര്യം മറക്കാവതല്ല. പക്ഷേ, അത് അത്യപൂര്‍വം ചിലര്‍ മാത്രം.
ഇന്ന് ഈ സ്ഥിതിക്ക് ആകെ മാറ്റം വന്നിരിക്കുന്നു. 'സ്ത്രീ' എന്നാല്‍ സ്ത്രീശരീരം എന്നാണ് ഇന്ന് അര്‍ഥം. അതിനെ എങ്ങനെ അനുഭവിക്കാം, അതിന് എന്തെല്ലാം പ്രലോഭനങ്ങള്‍ വേണ്ടിവരും, പ്രേമാഭിനയമോ, ധനവാഗ്ദാനമോ, ജോലി വാഗ്ദാനമോ ഇത്യാദി ചിന്തയുമായി മാത്രം നടക്കുന്ന ബഹുഭൂരിപക്ഷം പുരുഷന്മാരുടെ വിഹാരരംഗമായി മാറിക്കഴിഞ്ഞു കേരളം(ഇന്ത്യയും).
പ്രേമം അഭിനയിച്ച്, വിവാഹവാഗ്ദാനം നല്‍കി, പ്രലോഭനങ്ങളില്‍ കുടുക്കി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുക. ലോഡ്ജുകളില്‍ താമസിപ്പിക്കുക. തന്റെയും സുഹൃത്തുക്കളുടെയും 'കാര്യസാധ്യ'ശേഷം പരപുരുഷന്മാര്‍ക്ക് കാഴ്ച വയ്ക്കുക. വിവരം പുറത്തുപറഞ്ഞാല്‍, ഇരയെ കൊന്ന് തെളിവു നശിപ്പിച്ചു തിരികെ വന്നു സമൂഹമധ്യത്തില്‍ മാന്യനായി നടക്കുക. ഭര്‍ത്താവും കുട്ടികളുമുള്ള യുവതികളെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി തന്റെയും സംഘാംഗങ്ങളുടേയും 'ആവശ്യം' കഴിഞ്ഞാല്‍, 'ചരക്കിനെ' നഗരത്തില്‍ ഉപേക്ഷിക്കുക. അതല്ലെങ്കില്‍ കൊല്ലുക. ഇതെല്ലാം ഇന്ന് നിത്യസംഭവങ്ങളായിക്കഴിഞ്ഞു.
ഈ അടുത്തകാലത്തായി ആത്മീയാചാര്യന്മാരും രാഷ്ട്രീയനേതാക്കളും വിദ്യാലയ മേധാവികളും എന്നുവേണ്ട കൗമാരപ്രായക്കാരായ വിദ്യാര്‍ഥികള്‍ പോലും അവരുടേതായ 'കാമസൂത്ര'ത്തില്‍ ഡോക്ടറേറ്റ് നേടുകയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ദശാബ്ദങ്ങളായി നമ്മുടെ സിനിമയും സാഹിത്യവും ചിത്രകലയുമെല്ലാം കാമ-ക്രോധ-ലോഭ-മദ മാത്സര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കിയതിന്റെ അനന്തര ഫലമാണിത്.
കുറ്റം ചെയ്യുന്നതിനേക്കാള്‍ കടുത്ത കുറ്റമാണ് കുറ്റം ന്യായീകരിക്കല്‍, 'മനുഷ്യനായാല്‍ തെറ്റ് സംഭവിക്കാ'മെന്നു ലാഘവബുദ്ധിയോടെ പ്രസ്താവനയിറക്കി കുറ്റം ന്യായീകരിക്കപ്പെടുന്നതും ഈയിടെ നാം കണ്ടു.
കേരളം അന്ധവിശ്വാസങ്ങളുടെ ആഴക്കടലില്‍ മുങ്ങിക്കിടന്ന കാലം. അന്ന് കേരളത്തെ നവോത്ഥാന വീഥിയിലൂടെ നയിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കൊപ്പം സാഹിത്യകാരന്മാരും അണിനിരന്നിരുന്നു. വള്ളത്തോള്‍, കേശവദേവ്, തകഴി, വൈക്കം മുഹമ്മദ് ബഷീര്‍, പൊന്‍കുന്നം വര്‍ക്കി, ഉറൂബ്, തോപ്പില്‍ ഭാസി....തുടങ്ങിയ ധാരാളം സര്‍ഗധനന്മാര്‍. ഇവര്‍ ഭാഷ സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള ആയുധമാക്കി. നല്ല തെളിവുള്ള ഭാഷ അതില്‍ ബഷീറിന്റെ ഭാഷാശൈലി പ്രശംസാര്‍ഹമാണ്. ഭാഷയ്ക്കുള്ളില്‍ ഹൃദയഹാരിയായ മറ്റൊരു ഭാഷയുണ്ടാക്കി, ബഷീര്‍. കാലാതിവര്‍ത്തികളായ ഈ സാഹിത്യകാരന്മാരാരും തന്നെ സ്വന്തം രചനകള്‍ കാമപൂരിതമാക്കിയില്ല. മറിച്ച് സാമൂഹ്യ പ്രശ്‌നങ്ങളുടെ 'സുനാമി'യാണ് അവയില്‍ അടക്കം ചെയ്തത്.
അത് അന്നത്തെ കേരളീയ സമൂഹത്തിന്റെ പരിച്ഛേദവുമായിരുന്നു. കലയും സാഹിത്യവും സദാചാരവും മതവും തത്വചിന്തയും എല്ലാം ചേര്‍ന്നു രൂപപ്പെടുത്തുന്ന സ്വഭാവവിശേഷമാണ് ഒരു ജനതയുടെ സംസ്‌കാരം. ആ സാംസ്‌കാരികധാരയില്‍ നിന്ന് അകന്നു പോകാനും ആ ധാരയെത്തന്നെ നശിപ്പിക്കാനും കച്ചകെട്ടിയിറങ്ങിയ ചിലരാണ്, കേവലം കാമവൈകൃതം രചിച്ച് ഗ്രന്ഥരൂപത്തിലാക്കി സമൂഹത്തിന് 'സമര്‍പ്പിക്കുന്നത്.
ഈയിടെ പ്രസിദ്ധീകരണം ഇടയ്ക്കുവച്ചു നിര്‍ത്തിയ ഒരു നോവലില്‍ (ആ നോവല്‍ വളരെ പെട്ടെന്ന് പുസ്തക രൂപത്തിലിറങ്ങി) നിര്‍ദേശിക്കുകയാണ്: പാമ്പുംണ്‍ (ഈ പദം ഇവിടെ ചേര്‍ക്കാന്‍ ഭൂഷണമല്ല) ഒത്തുകിട്ടിയാല്‍ ഉടനെ അടിച്ചേക്കണം. കാത്തുനിന്നാല്‍ രണ്ടും കൈ വിട്ടുപോകും. കൗമാരക്കാരായ കുട്ടികള്‍ക്ക് നല്‍കുന്ന സാരോപദേശം!
കൊടുങ്ങല്ലൂര്‍ പാട്ടിനെപോലും ലജ്ജിപ്പിക്കുന്ന വിധത്തിലാണ്, പല നോവലുകളും ചെറുകഥകളും ഇപ്പോള്‍ രചിക്കപ്പെടുന്നത്. പെണ്ണെഴുത്തുകാരെന്ന് സാഭിമാനം സ്വയം പുകഴ്ത്തുന്നവരും ഈ രംഗത്ത് പിറകിലല്ല. ഇത്തരം രചനകള്‍ക്ക് വന്‍ പരസ്യം നല്‍കാനും പ്രസിദ്ധീകരിക്കാനും ചില ദൃശ്യ,ശ്രാവ്യ മാധ്യമങ്ങള്‍ മത്സരത്തിലാണ്. ഈയിടെ അന്തരിച്ച ഹാസ്യകവി ചെമ്മനം ചാക്കോ മുമ്പൊരിക്കല്‍ സൂചിപ്പിച്ചതുപോലെ, 'മൊത്തം മാനസമലിനീകരണത്തിന്റെ ടെന്‍ഡര്‍ ഏറ്റെടുത്ത ചില മുഖ്യധാരാമാധ്യമ'ങ്ങളാണ് മത്സരാര്‍ഥികള്‍.
കാമം ജീവിതത്തിലെ അവശ്യവും അവിഭാജ്യവുമായ ഘടകമാണ്. മാതാപിതാക്കള്‍ സ്വന്തം സന്താനങ്ങളെ വിവാഹിതരാക്കുന്നു. (സ്വയം വിവാഹിതരാകുന്നവര്‍ വേറെയും) ഈ ദമ്പതിമാരാരും തന്നെ സ്വന്തം മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ മുന്നില്‍വച്ചു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, കിടപ്പറയിലെ കാര്യങ്ങള്‍ കടലാസിലാക്കാനും സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാനും ഇപ്പോള്‍ യാതൊരു മടിയുമില്ല.
സാമ്പത്തിക സ്വാതന്ത്ര്യം നേടിയവര്‍ ഇപ്പോള്‍ 'സ്വതന്ത്ര സെക്‌സി'നു (എൃലല ലെഃ ) വേണ്ടി മുറവിളികൂട്ടുകയാണ്. ഇത് പ്രാവര്‍ത്തികമായാല്‍ നമ്മുടെ സമൂഹത്തിന്റെ സദാചാരബോധവും സുരക്ഷിതത്വവും കുടുംബത്തിന്റെ കെട്ടുറപ്പും കുട്ടികളുടെ സുസ്ഥിതിയുമെല്ലാം തകര്‍ന്നടിയും.
താത്രിക്കുട്ടി അന്തര്‍ജനവുമായി കിടക്കപങ്കിട്ട രണ്ടു ഡസന്‍ നേതൃമാന്യന്മാരുടെ പേരുകള്‍, സ്മാര്‍ത്തവിചാരണവേളയില്‍, അവര്‍ പരസ്യമാക്കി. പിന്നേയും പേരുകള്‍ പരസ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മുഖ്യപുരോഹിതന്‍ പെട്ടെന്ന് വിചാരണ അവസാനിപ്പിച്ച്, താത്രിക്കുട്ടിയെ ഭ്രഷ്ട് കല്‍പ്പിച്ച് സ്വസമുദായത്തില്‍ നിന്ന് പുറത്താക്കിയ കഥ, അത്ര പഴയതൊന്നുമല്ല.
ഭ്രഷ്ടും ഊരുവിലക്കുമെല്ലാം ഇന്ന് പഴങ്കഥകളായി. വളരെ നല്ലത്. ഈ സ്വതന്ത്ര സമൂഹത്തിന്റെ ഉദയം, 'ഫ്രീ സെക്‌സു'കാര്‍ക്ക് നല്‍കിയ ഉണര്‍വും ഉന്മേഷവും സീമാതീതമാണ്.
നീളേയും കുറുകേയും തലങ്ങും വിലങ്ങും അഷ്ടദിക് മാര്‍ഗങ്ങളിലും ഇപ്പോള്‍ താത്രിക്കുട്ടിമാര്‍ ഉണ്ടാകുകയാണ്; ഉണ്ടാക്കപ്പെടുകയാണ്. ഒന്നുകില്‍ പ്രലോഭനങ്ങളിലൂടെ, അല്ലെങ്കില്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച്. അതുമല്ലെങ്കില്‍ സ്വഭാവഹത്യയിലൂടെ. 'അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന അവസ്ഥയാണിന്ന്. എന്താണിതിനര്‍ഥം കാമം കേരളത്തെ വിഴുങ്ങുകയാണോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."