ഈണങ്ങളുടെ കൂട്ടുകാരന്‍ ഇനി ഓര്‍മയില്‍
തിരുവനന്തപുരം: ഈണങ്ങളുടെ കൂട്ടുകാരന് നാട് കണ്ണീരോടെ വിട നല്‍കി. അന്തരിച്ച യുവസംഗീത സംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ മൃതദേഹം 11.15 ഓടെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
ഇന്നലെ രാവിലെ പത്തോടെ തിരുമലക്ക് സമീപം ഹിരണ്‍മയ വീട്ടില്‍ നിന്ന് അന്ത്യകര്‍മങ്ങള്‍ക്ക് ശേഷം വിലാപയാത്രയായാണ് തൈക്കാട് ശാന്തി കവാടത്തിലെത്തിച്ചത്. മന്ത്രിമാരായ ഇ.പി ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, സി. രവീന്ദ്രനാഥ്, കെ.കെ ശൈലജ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സുരേഷ് ഗോപി എം.പി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗീത ലോകത്തെ സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമുള്‍പ്പെടെ വന്‍ജനാവലി ബാലഭാസ്‌കറിന് അന്ത്യോപചാരം അര്‍പ്പിച്ചു. രാവിലെ പത്തരയോടെ ചടങ്ങുകള്‍ക്ക് ശേഷം തൈക്കാട് ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിലും സംഗീത സിനിമ ലോകത്തെ പ്രമുഖരും ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുമുള്‍പ്പെടെ വന്‍ ജനസഞ്ചയമാണ് പങ്കെടുത്തത്. ശാന്തികവാടം വരെയുള്ള യാത്രയിലുടനീളം തന്റെ പ്രിയപ്പെട്ട വയലിന്‍ ബാലഭാസ്‌കറിന്റെ നെഞ്ചോട് ചേര്‍ത്തുവെച്ചിരുന്നു.
പ്രിയതമന്റെയും മകള്‍ തേജസ്വിബാലയുടെയും വിയോഗമറിയാതെ ആശുപത്രിയിലെ വെന്റിലേറ്ററിലാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളായ ശാന്തകുമാരിയും സി.കെ ചന്ദ്രനും ലക്ഷ്മിയുടെ മാതാപിതാക്കളായ ഓമനകുമാരിയും സുന്ദരേശന്‍ നായരും സഹോദരി മീരയും ഉറ്റബന്ധുക്കളും അന്ത്യോപചാരം അര്‍പ്പിക്കവേ വിങ്ങിപ്പൊട്ടി. ഇവരുടെ ദുഃഖം കണ്ടുനിന്നവരുടെ കണ്ണുകളേയും ഈറനണിയിച്ചു. ദേശീയപാതയില്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ് ക്യാംപിനു സമീപം കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് ബാലഭാസ്‌കറും മകള്‍ തേജസ്വനിയും മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതം അനുഭവപ്പെടുകയും ബാലഭാസ്‌കറിന്റെ മരണം സംഭവിക്കുകയുമായിരുന്നു. ബാലഭാസ്‌കര്‍ പഠിച്ച യൂനിവേഴ്‌സിറ്റി കോളജില്‍ കലാകേരളം അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ശിരസ് നമിച്ചു. വൈകുന്നേരം പ്രത്യേക അനുസ്മരണ പരിപാടികള്‍ നഗരത്തിലുടനീളം സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."