ഒഴുക്കില്‍പെട്ട് ഒരുകിലോമീറ്റര്‍ ദൂരം പോയ പെണ്‍കുട്ടിയെ രക്ഷിച്ചു
ഇരിട്ടി: മലവെള്ള പാച്ചിലില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട പെണ്‍കുട്ടിയെ വിദ്യാര്‍ഥിയും യുവാക്കളും ചേര്‍ന്ന് രക്ഷിച്ചു. കഴിഞ്ഞദിവസം വൈകുന്നേരം കച്ചേരിക്കടവ് പുഴയ്ക്കരികില്‍ താമസിക്കുന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് ഒഴുക്കില്‍പെട്ടത്.
ഇരിട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കോളജ് വിട്ടതിനു ശേഷം പുഴയില്‍ കുളുന്നതിനിടെ കാല് വഴുതി ഒഴുക്കില്‍പെടുകയായിരുന്നു. പെണ്‍കുട്ടി ഒഴുകിപോകുന്നത് കണ്ട് പുഴയില്‍ ചൂണ്ടയിടുന്നവര്‍ ബഹളമുണ്ടാക്കുകയും ഇതു കേട്ട ഇരിട്ടിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഡിഗ്രിക്ക് പഠിക്കുന്ന ജസ്ഫര്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ പുഴയില്‍ ചാടുകയും ചെയ്തു. പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിച്ച് കരയിലേക്ക് നീന്തുന്നതിനിടെ പുഴയിലെ വഞ്ചിയില്‍ കാല് തട്ടി ജസ്ഫറിന്റെ കൈവിട്ടു പെണ്‍കുട്ടി വീണ്ടും ഒഴുകിപ്പോയി. ഒരു കിലോമീറ്ററോളം ഒഴുകിയ പെണ്‍കുട്ടിയെ കച്ചേരിക്കടവ് പാലത്തിനു സമീപത്തു വച്ച് ഓട്ടോ ഡ്രൈവറായ ഹക്കീമും സുഹൃത്തുക്കളായ സമീറും ഷഫീക്കും പുഴയില്‍ ചാടി രക്ഷിക്കുകയായിരുന്നു. ബോധം നഷ്ടപ്പെട്ട പെണ്‍കുട്ടിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി. ഒഴുക്കില്‍ പെട്ട് കിലോമീറ്ററോളം ഒഴുകിയിട്ടും പെണ്‍കുട്ടി വെള്ളം കുടിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."