കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയിലേക്ക്
കോട്ടയം: യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും കടിഞ്ഞാണ്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലേക്ക്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭയിലും ആവര്‍ത്തിക്കാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് നീക്കത്തിനു പിന്നില്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനാക്കുന്നതിനെ കുറിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആശയവിനിമയം നടത്തുന്നുണ്ട്. മധ്യകേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകള്‍ യു.ഡി.എഫിന് ദഹിക്കുന്നതല്ല.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒരു നിയമസഭാ മണ്ഡലത്തിലും ജയിക്കാനായിട്ടില്ല. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഓരോ നിയമസഭാ സീറ്റുകളിലാണ് മേല്‍ക്കൈ കിട്ടിയത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ ജില്ലകളില്‍ കനത്ത തിരിച്ചടിയാണ് സംഭവിച്ചത്.
കേരള കോണ്‍ഗ്രസ് (എം) ജോസ് പക്ഷം മുന്നണി വിട്ടതോടെ സംഭവിച്ച വോട്ടുചോര്‍ച്ച തടയാന്‍ മധ്യകേരളത്തില്‍ ഉമ്മന്‍ചാണ്ടിയെ മുന്നില്‍ നിര്‍ത്തി രംഗത്തിറങ്ങുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം.
ഉമ്മന്‍ചാണ്ടിക്ക് കടിഞ്ഞാണ്‍ കൈമാറുന്നതിനൊപ്പം മധ്യകേരളത്തിലെ ഡി.സി.സി അധ്യക്ഷന്‍മാരെയും മാറ്റും. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരും. അതിനൊപ്പം ഉമ്മന്‍ചാണ്ടി പ്രചാരണം നയിക്കുക എന്നതാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.
നേതൃമാറ്റം തള്ളാതെ കെ.സി വേണുഗോപാല്‍
കണ്ണൂര്‍: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നേതൃമാറ്റം തള്ളാതെ എ.ഐ.സി.സി സംഘടനാജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. എ.ഐ.സി.സി സംഘം തോല്‍വി പരിശോധിക്കുന്നുണ്ട്. അതിനുശേഷം ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കേരളത്തില്‍ യു.ഡി.എഫിലെ കാര്യം മുസ്‌ലിം ലീഗ് തീരുമാനിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുഷ്ടലാക്കോടെയാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നതു യാഥാര്‍ഥ്യമാണ്. അതില്‍ ആശങ്കയുണ്ടാവാം. പക്ഷേ പരസ്യവിവാദം അവസാനിപ്പിക്കണം. തോല്‍വി സംബന്ധിച്ച് ഉള്ളുതുറന്നുള്ള ചര്‍ച്ച ഉണ്ടാകും. പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."