സോന്‍ഭദ്ര വെടിവയ്പ്: യോഗിക്കെതിരേ പ്രിയങ്കാ ഗാന്ധി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗോത്രവര്‍ഗ വിഭാഗത്തില്‍പെട്ട 10 കര്‍ഷകര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെടാന്‍ ഇടയായ ഭൂമിതര്‍ക്കത്തെ ചൊല്ലി കോണ്‍ഗ്രസ് ജന.സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മില്‍ വാഗ്വാദം. സംഭവം വന്‍വിവാദത്തിലേക്ക് വഴിമാറിയത് യോഗി സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രിയങ്കാ ഗാന്ധി പ്രദേശം സന്ദര്‍ശിക്കാനായി എത്തിയതും അവരെ അറസ്റ്റ് ചെയ്ത് മാറ്റിയതുമെല്ലാം യോഗി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയിട്ടുമുണ്ട്. ഇതിനിടയിലാണ് പ്രിയങ്കയുമായി മുഖ്യമന്ത്രി കൊമ്പുകോര്‍ത്തത്.
സംഭവത്തില്‍ ജനങ്ങളെ പ്രീണിപ്പിച്ച് പ്രിയങ്കാ ഗാന്ധി മുതലക്കണ്ണീര്‍ ഒഴുക്കുകയാണെന്നാണ് ഇന്നലെ യോഗി ആദിത്യനാഥ് പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ഉത്തരവാദിത്തം തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക തിരിച്ചടിച്ചു.
കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും ബഹുജന്‍സമാജ് പാര്‍ട്ടിയുമാണ് സംഭവത്തിനു പിന്നിലെ ഉത്തരവാദികളെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിക്കുന്നത്. ഉംഭയില്‍ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാല്‍ മുഖ്യമന്ത്രി യോഗിയുടെ ആരോപണത്തിന് രൂക്ഷമായ മറുപടിയാണ് പ്രിയങ്കാ ഗാന്ധി നല്‍കിയത്. ഉംഭയില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നാണ് താനും രാജ്യത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. ഇപ്പോഴെങ്കിലും വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രി തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്. ഗുരുതരമായ ഒരു പ്രശ്‌നം നടന്നിട്ടും ഇക്കാര്യം സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല- പ്രിയങ്ക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."