ഭൂപ്രശ്‌നത്തിനു പരിഹാരമായില്ല; വില്ലേജ് ഓഫിസ് ഉപരോധിച്ചു
പയ്യന്നൂര്‍: എരമം, കണ്ണാപ്പള്ളിപ്പൊയില്‍, പുല്ലുപാറ എന്നീ പ്രദേശങ്ങളിലെ കര്‍ഷകരുടെ ഭൂമിസംബന്ധമായ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ റവന്യൂവകുപ്പ് തയാറായില്ലെന്ന് ആരോപണം. പ്രദേശത്തെ എഴുപതോളം കുടുംബങ്ങളാണ് താമസിക്കുന്ന ഭൂമിയില്‍ കൃഷി ചെയ്യാന്‍ കഴിയാതെ ദുരിതമനുഭവിക്കുന്നത്.
നിലവില്‍ ഇവരുടെ ഭൂമിക്ക് വില്ലേജ് ഓഫിസില്‍ നിന്നു നികുതി സ്വീകരിക്കുന്നില്ല. പ്രദേശത്ത് മിച്ചഭൂമി ഉള്‍പ്പെട്ടതിനാലാണ് നികുതി സ്വീകരിക്കാത്തത്. റീസര്‍വേയില്‍ ഇക്കാര്യം വ്യക്തമായിട്ടില്ലെങ്കിലും നികുതി സ്വീകരിക്കാന്‍ റവന്യൂ അധികൃതര്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പയ്യന്നൂര്‍ മണ്ഡലം പരിധിയില്‍ ഇന്നു വിവിധ ഭാഗങ്ങളിലെ ജനങ്ങള്‍ക്കു പട്ടയം വിതരണം ചെയ്യുന്നുണ്ട്. ഈ ഘട്ടത്തില്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് ഡെപ്യൂട്ടി കലക്ടറുടെ സാനിധ്യത്തില്‍ ഒരുമാസം മുന്‍പ് നടന്ന യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഇതു പാലിക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നു നാട്ടുകാര്‍ പറയുന്നു. റവന്യൂ വകുപ്പ് പ്രദേശത്തെ ജനങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ എരമം വില്ലേജ് ഓഫിസ് ഉപരോധിച്ചു. അടുത്തമാസം 15നകം പ്രശ്‌നത്തിനു പരിഹാരം കാണുമെന്നു റവന്യൂ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉച്ചയോടെ സമരം അവസാനിപ്പിച്ചു. ജൂണ്‍ ഒന്നിനു പുതിയ സര്‍വേ സംഘത്തെ സ്ഥലത്ത് നിയോഗിക്കാനും തീരുമാനിച്ചു. കെ. മോഹനന്‍, സി. കരുണാകരന്‍, കെ. രാജേഷ്, എം.എം വിജയന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."