പൊലിസ് വേട്ടയാടുമെന്ന് ഭയം; മിശ്രവിവാഹിതരായ ദമ്പതികള്‍ യു.പി വിട്ടു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞമാസം കൊണ്ടുവന്ന വിവാദമതപരിവര്ത്തന നിരോധന ബില്‍ പ്രകാരം പൊലിസ് വേട്ടയാടുമെന്ന് ഭയന്ന് ഇനി സംസ്ഥാനത്തേക്കില്ലെന്ന് മിശ്രവിവാഹിതരായ ദമ്പതികള്‍.
ബില്‍ നിയമമാവുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് ദമ്പതികളായ ശമീമും (25) സിമ്രാനും (21) ഡല്‍ഹിയിലെത്തിയത്. ജന്മനാടായ യു.പിയിലെ ഷാജഹാന്‍പൂരിലേക്ക് ഇനിയില്ലെന്നും ഡല്‍ഹിയില്‍ തന്നെ കഴിയുമെന്നും ദമ്പതികള്‍ പറഞ്ഞു. ഡല്‍ഹിയിലെത്തിയ ദമ്പതികള്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ രജിസ്റ്റര്‍ ഓഫിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.
സുരക്ഷവേണമെന്നും തങ്ങള്‍ നിലവില്‍ ഡല്‍ഹി ഹൈക്കോടതിയുടെ ജുഡീഷ്യല്‍ പരിധിക്കുള്ളിലാണെന്നും ചൂണ്ടിക്കാട്ടി ദമ്പതികള്‍ കഴിഞ്ഞമാസം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി പരിഗണിച്ച കോടതി, ദമ്പതികള്‍ക്ക് ആവശ്യമെങ്കില്‍ സുരക്ഷ നല്കാന് പൊലിസിന് നിര്‍ദേശം നല്കി. പുതിയ നിയമപ്രകാരം മതംമാറ്റം നടന്നിട്ടില്ലാത്ത മിശ്രവിവാഹിതരായ ദമ്പതികള്‍ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും അതിനാലാണ് ഷാജഹാന്‍പൂര്‍ വിട്ടതെന്നും ശമീം പറഞ്ഞു.
നാട്ടില്‍ വച്ചാണ് തങ്ങള്‍ വിവാഹം കഴിക്കുന്നതെങ്കില്‍ അതിനെ ലൗ ജിഹാദി ആയി വ്യാഖ്യാനിച്ച് ശമീം ഉപദ്രവിക്കപ്പെടുമെന്ന് സിമ്രാന് പറഞ്ഞു. ബി.ടെക് ബിരുദധാരിയായ ശമീം നിലവില്‍ ഓട്ടോമൊബൈല്‍ കണ്സല്‍ടന്റും സിമ്രാന് സ്വകാര്യസ്ഥാപനത്തില്‍ അക്കൗണ്ടന്റും ആണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."