കര്‍ണാടക: വിമതര്‍ക്ക് വന്‍ വാഗ്ദാനങ്ങള്‍, നേതൃത്വത്തിനെതിരേ ബി.ജെ.പിയില്‍ കലാപം
ബംഗളൂരു: കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാരിനെ വീഴ്ത്തി അധികാരം പിടിക്കാനുള്ള ബി.ജെ.പി നീക്കത്തിന് തിരിച്ചടി. കോണ്‍ഗ്രസ്, ജെ.ഡി.എസ് വിമതര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളും മറ്റും നല്‍കുന്നതിനെതിരേ ബി.ജെ.പിയില്‍ കലാപം ഉയര്‍ന്നതോടെ പാര്‍ട്ടി സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും വെട്ടിലായിരിക്കുകയാണ്.
വിശ്വാസ വോട്ടെടുപ്പിലൂടെ വിമതരുടെ സഹായത്തോടെ അധികാരം പിടിക്കാമെന്ന ആവേശത്തെ കെടുത്തുന്ന രീതിയിലാണ് ബി.ജെ.പിയില്‍ ഒരു വിഭാഗം നേതൃത്വത്തിനെതിരേ കലാപമുയര്‍ത്തുന്നത്. ബി.എസ്.യദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കാന്‍ തിരക്കിട്ട നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
അതിനിടയിലാണ് ബി.ജെ.പിയില്‍ ആഭ്യന്തര കലഹം തുടങ്ങിയത്. പുതിയതായി എത്തുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കുകയും പാര്‍ട്ടിക്കുവേണ്ടി നിലകൊള്ളുന്നവരെ തഴയുകയും ചെയ്യുന്ന നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഈ വിഭാഗം നേതാക്കള്‍ പറയുന്നത്.
സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ മന്ത്രിസഭയില്‍ സീറ്റ് ലഭിക്കുന്നതുള്‍പ്പെടെയുള്ള കടുത്ത നിബന്ധനകളാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമതര്‍ മുന്നോട്ട് വച്ചത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത്തരം ഉപാധികളില്‍ നേതൃത്വം വീഴരുതെന്നും ബി.ജെ.പിയുടെ നിയമസഭാംഗങ്ങള്‍ ഉള്‍പ്പെടെ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സഖ്യസര്‍ക്കാരിനെ വിഴ്ത്താന്‍ വലിയ വാഗ്ദാനങ്ങളാണ് യദ്യൂരപ്പയും കൂട്ടരും മുന്നോട്ട് വച്ചതെന്നാണ് വിവരം. സര്‍ക്കാര്‍ രൂപീകരിച്ചു കഴിഞ്ഞാല്‍ മറ്റ് ചില ആവശ്യങ്ങളും ഇവര്‍ ഉന്നയിക്കും.
എന്നാല്‍ അത് നിറവേറ്റിയിട്ടില്ലെങ്കില്‍ സര്‍ക്കാരിനെതിരേ വിമതര്‍ തിരിയില്ലെന്ന് എന്താണ് ഉറപ്പെന്നും ബി.ജെ.പിയില്‍ കലാപക്കൊടി ഉയര്‍ത്തുന്ന നേതാക്കള്‍ ചോദിക്കുന്നു.
വിമതരെ കൂട്ടുപിടിച്ച് എത്രനാള്‍ സര്‍ക്കാരിനെ നിലനിര്‍ത്താനാകുമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി, യദ്യൂരപ്പയുടെ നീക്കത്തിനെതിരേ നിയമസഭയില്‍ ചോദിച്ചിരുന്നു. ഈ പരാമര്‍ശം പരിഗണിക്കേണ്ടതാണെന്നും ഇതുസംബന്ധിച്ച തിരിച്ചറിവ് യദ്യൂരപ്പക്കുണ്ടാകേണ്ടതാണെന്നും ബി.ജെ.പി നേതാക്കള്‍ ഓര്‍മപ്പെടുത്തുന്നു.
മന്ത്രിസഭ രൂപീകരിച്ചാല്‍തന്നെ ജാതി-മത സമവാക്യങ്ങള്‍ക്ക് കീഴ്‌പ്പെട്ട് മാത്രമേ ബി.ജെ.പിക്ക് മുന്നോട്ടുപോകാനാകൂ. നിലവില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് വിമതരുടെ സഹായത്താല്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഇവരില്‍ ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമേ മന്ത്രിസ്ഥാനം നല്‍കാന്‍ കഴിയുകയുള്ളൂ. എല്ലാവരേയും മന്ത്രിമാരാക്കുകയെന്നത് പ്രായോഗികമല്ല.
വിമത അംഗങ്ങള്‍ക്ക് രാജിവയ്‌ക്കേണ്ടി വരികയാണെങ്കില്‍ അവരുടെ മണ്ഡലത്തിലേക്ക് കൂടുതല്‍ വികസന ഫണ്ട് നല്‍കേണ്ടിവരും. ഈ ആവശ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. ഇതിനു പുറമെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ മത്സരിക്കാന്‍ ടിക്കറ്റ് നല്‍കേണ്ടി വരും. ഇത്തരം ആവശ്യങ്ങള്‍ അധിക ബാധ്യതയായിരിക്കും പാര്‍ട്ടിക്കുണ്ടാക്കുകയെന്നും ബി.ജെ.പിയിലെ വിമര്‍ശകര്‍ പറയുന്നു.
എന്നാല്‍ പാര്‍ട്ടിയിലെ ഇത്തരക്കാരുടെ ആശങ്ക അസ്ഥാനത്താണെന്നും സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ് പ്രഥമ ലക്ഷ്യമെന്നുമാണ് മറുവിഭാഗം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."