തദ്ദേശ അധ്യക്ഷ-ഉപാധ്യക്ഷന്മാരെ കണ്ടെത്തല്‍ പാര്‍ട്ടികള്‍ക്ക് കീറാമുട്ടി
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ചു വിജയിച്ചവരില്‍ നിന്ന് അധ്യക്ഷരേയും ഉപാധ്യക്ഷരേയും കണ്ടെത്തുന്നത് മുന്നണികള്‍ക്ക് കീറാമുട്ടിയാകുന്നു. പ്രസിഡന്റെ്, വൈസ് പ്രസിഡന്റെ് തെരഞ്ഞെടുപ്പ് ഒരാഴ്ചക്കകം നടക്കുമെന്നിരിക്കെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങള്‍ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് അനുയോജ്യരെ കണ്ടെത്തുന്നതിന്റെ തിരക്കിലാണ് മുന്നണികള്‍. ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്‍പറേഷനുകളിലെ അധ്യക്ഷമാരെ സംബന്ധിച്ചുള്ള ധാരണ മിക്കയിടത്തും ആയെങ്കിലും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി പലയിടത്തും തര്‍ക്കത്തിലാണ്.
തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മുന്നണികള്‍ തമ്മില്‍ അധ്യക്ഷ പദവികളില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. എല്‍.ഡി.എഫില്‍ ഇത്തവണ കോട്ടയം, ഇടുക്കി ജില്ലകളില്‍ ജോസ് കെ.മാണിയുടെ കേരള കോണ്‍ഗ്രസിന് കൂടി പ്രാതിനിധ്യം ഉള്‍പ്പെടുത്തിയാണ് പദവികള്‍ നിശ്ചയിക്കുന്നത്. ഇത് എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റിയാണ് സ്ഥിരീകരിക്കുന്നത്. മറ്റു ജില്ലകളില്‍ 2015 ലെ പോലെ സി.പി.എം, സി.പി.ഐ വീതംവെക്കലിനാണ് തീരുമാനം. ഇവിടങ്ങളിലെല്ലാം ജില്ലാ കമ്മിറ്റികളാണ് ഔദ്യോഗികമായി അധ്യക്ഷരെ പ്രഖ്യാപിക്കുക. മുന്നണി ധാരണ പ്രകാരം സി.പി.എമ്മിനും സി.പി.ഐയ്ക്കും അധ്യക്ഷ-ഉപാധ്യക്ഷ പദവികള്‍ നല്‍കുമ്പോള്‍ ഘടക കക്ഷികള്‍ക്ക് സ്ഥിരം സമിതികളില്‍ പ്രാതിനിധ്യം നല്‍കും.
യു.ഡി.എഫില്‍ അധ്യക്ഷ പദവികളില്‍ മുസ്‌ലിം ലീഗ് കോണ്‍ഗ്രസ് ധാരണ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെയുണ്ടായിട്ടുണ്ട്. രണ്ടര വര്‍ഷം വീതം പ്രസിഡന്റെ്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിക്കും. സംവരണം ചെയ്ത തദ്ദേശ സ്ഥാപനങ്ങളില്‍ പ്രസിഡന്റെ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ട സ്ഥലങ്ങളില്‍ അധ്യക്ഷപദവി വെച്ചുമാറാനാണ് തീരുമാനം.
മുന്നണികള്‍ക്കിടയില്‍ ധാരണയുണ്ടെങ്കിലും പാര്‍ട്ടികള്‍ക്കുള്ളിലാണ് അധ്യക്ഷ പദവികളില്‍ തര്‍ക്കങ്ങളേറെയുളളത്. പരിചയ സമ്പന്നരും പുതുമുഖങ്ങളും തദ്ദേശ സ്ഥാപനങ്ങളിലെ പ്രത്യേക ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും അധ്യക്ഷരാവാന്‍ അവകാശവാദവുമായി മുമ്പിലെത്തിയിട്ടുണ്ട്. പ്രാദേശിക തലത്തില്‍ നിന്നുള്ള തര്‍ക്കങ്ങള്‍ ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ പരിഹരിച്ചു വരികയാണ്. അധ്യക്ഷ, ഉപാധ്യക്ഷ പദവികള്‍ ലഭിച്ചില്ലെന്ന അസംതൃപ്തരെ സ്ഥിരം സമിതി അധ്യക്ഷന്മാരാക്കി മാറ്റി തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് ശ്രമം. ജനുവരിയിലാണ് സ്ഥിരം സമിതി അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."