മെഡിസെപ് തട്ടിപ്പെന്ന് ഇടത് അധ്യാപക സംഘടന
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി പ്രഖ്യാപിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ് ശുദ്ധ തട്ടിപ്പെന്ന് സി.പി.ഐയുടെ അധ്യാപക സംഘടനയായ എ.കെ.എസ്.ടി.യു.
അതിനാല്‍ പദ്ധതി പിന്‍വലിക്കണം. സംസ്ഥാനത്തെ പേരുകേട്ട ആശുപത്രികളൊന്നും പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഗുരുതര രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ഈ പദ്ധതി ഒരുതരത്തിലും പ്രയോജനപ്പെടില്ല. പ്രതിവര്‍ഷം 300 കോടി രൂപയുടെ തട്ടിപ്പാണ് റിലയന്‍സ് കമ്പനി നടത്തുന്നത്. ഈ കൊള്ളയ്ക്ക് ഇരകളാകാന്‍ ജീവനക്കാരെയും അധ്യാപകരെയും സര്‍ക്കാര്‍ വിട്ടുകൊടുക്കരുത്.
സംസ്ഥാന സര്‍ക്കാരിന് ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരോഗ്യ സുരക്ഷാ പദ്ധതി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ഏല്‍പ്പിക്കുകയും പദ്ധതി ശാസ്ത്രീയമാക്കുകയും വേണം. അല്ലെങ്കില്‍ പദ്ധതിയില്‍നിന്ന് കൂട്ടത്തോടെ പിന്‍മാറാന്‍ അധ്യാപകരും ജീവനക്കാരും നിര്‍ബന്ധിതരാകുമെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് ഒ.കെ ജയകൃഷ്ണനും ജനറല്‍ സെക്രട്ടറി എന്‍.ശ്രീകുമാറും പ്രസ്താവനയിലൂടെ അറിയിച്ചു.
മെഡിസെപ് പദ്ധതിക്കെതിരേ കഴിഞ്ഞദിവസം സി.പി.ഐ യുടെ ജീവനക്കാരുടെ സംഘടനയായ ജോയിന്റ് കൗണ്‍സിലും രംഗത്തെത്തിയിരുന്നു. ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന ആശുപത്രികള്‍ മതിയായ സൗകര്യമില്ലാത്തവയാണെന്നാണ് ജോയിന്റ് കൗണ്‍സില്‍ കുറ്റപ്പെടുത്തിയത്.
പ്രധാനപ്പെട്ട ആശുപത്രികള്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല. മെഡിസെപ്പില്‍ അംഗങ്ങളായ ജീവനക്കാരും പെന്‍ഷന്‍കാരും വഞ്ചിതരായിരിക്കുകയാണ്.
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത യോഗങ്ങളില്‍ ജോയിന്റ് കൗണ്‍സില്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. കുറഞ്ഞ തുക രേഖപ്പെടുത്തിയെന്ന കാരണത്താല്‍ റിലയന്‍സിനെ കരാര്‍ ഏല്‍പ്പിച്ചപ്പോള്‍ തന്നെ ഇത് അപകടത്തിലേക്കാണ് പോകുന്നതെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. നിരവധി ഇടപെടലുകള്‍ നടത്തിയിട്ടും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെ സര്‍ക്കാര്‍ ഗൗരവമായി കാണാത്തതില്‍ ഖേദമുണ്ടെന്നും ജോയിന്റ് കൗണ്‍സില്‍ കുറ്റപ്പെടുത്തിയിരുന്നു.
അപാകതകള്‍ പരിഹരിക്കണം:
കെ.എ.എം.എ
തിരുവനന്തപുരം: മെഡിസെപിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
മെഡിസെപില്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടികയില്‍ വിദഗ്ധ ചികിത്സ ലഭിക്കുന്നവയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്. അപാകതകള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കണം.
സംസ്ഥാനത്തെ സ്‌പെഷ്യാലിറ്റി ചികിത്സയുള്ള ആശുപത്രികളില്‍ പലതും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ഓരോ ജില്ലയിലും നാമമാത്രമായ ആശുപത്രികള്‍ മാത്രമേ പട്ടികയില്‍ ഇടംനേടിയിട്ടുള്ളൂ. പ്രധാനപ്പെട്ട പല ആശുപത്രികളും ഒഴിവാക്കപ്പട്ടിരിക്കുകയാണ്. മൂവായിരം രൂപയാണ് പ്രതിവര്‍ഷം ജീവനക്കാരില്‍നിന്ന് പ്രീമിയമായി ഈടാക്കുന്നത്.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ എല്ലാ ആശുപത്രികളെയും ഉള്‍പ്പെടുത്തി അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മെച്ചപ്പെട്ട ചികിത്സാസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.എ.എം.എ സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍, പ്രസിഡന്റ് എ.എ ജാഫര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."