മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണയുണര്‍ത്തി ചിത്രപ്രദര്‍ശനം
കണ്ണൂര്‍: എം.എസ്.എഫ് സംസ്ഥാന സമ്മേളന നഗരിക്ക് മാറ്റുകൂട്ടി പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതം കോര്‍ത്തിണക്കിയ ചിത്രപ്രദര്‍ശനം. തങ്ങളുടെ മഹത്വം വിളിച്ചോതുന്ന 300 ഓളം ചിത്രങ്ങളാണ് പേരാമ്പ്ര സ്വദേശി ദാസന്‍ കെ പെരുമണ്ണ കാഴ്ചക്കാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. സ്‌കൂള്‍ പഠനകാലത്ത് ശിഹാബ് തങ്ങളുടെ പ്രസംഗം കേട്ടാണ് ദാസന്‍ തങ്ങളുടെ ആരാധകനായത്. മുതലക്കുളത്തു വച്ച് നേരിട്ടു കാണാന്‍ അവസരവും ലഭിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ വാര്‍ത്തകളടങ്ങിയ പത്രങ്ങളിലെ ചിത്രം ശേഖരിച്ചു വയ്ക്കുന്നതിലായി താല്‍പര്യം. തങ്ങളുടെ മരണത്തിനു മുമ്പ് ഇക്കാര്യം നേരിട്ടുതന്നെ അറിയിക്കാനുള്ള ഭാഗ്യവും ദാസന് ലഭിച്ചിട്ടുണ്ട്. ആയിരത്തോളം ചിത്രങ്ങളാണ് ദാസന്റെ ശേഖരത്തിലുള്ളത്. രണ്ടാം വയസിലെ കുടുംബ ഫോട്ടോയും സാഹിത്യകാരന്‍ എസ്.കെ പൊറ്റക്കാടിന്റെ കൂടെയുള്ള ഫോട്ടയും വിവാഹ ഫോട്ടോയും പ്രദര്‍ശനത്തിലെ അപൂര്‍വതയാണ്. രാജീവ് ഗാന്ധി, സോണിയാഗാന്ധി, എ.പി.ജെ അബ്ദുല്‍ കലാം, ഇന്തോനേഷ്യന്‍ മുന്‍ പ്രസിഡന്റ് അബ്ദുല്‍ വഹീദ്, ഗള്‍ഫ് ഭരണാധികാരികള്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പമുള്ള ഫോട്ടോകളും ഏവരെയും ആകര്‍ഷിക്കുന്നതാണ്. 2009ല്‍ അദ്ദേഹ വിയോഗ വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാളം പത്രങ്ങളും ചിത്രങ്ങളും ചരിത്ര വിദ്യാര്‍ഥികള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്നവയാണ്. ബംഗളൂരുവില്‍ നടന്ന മുസ്‌ലിം ലീഗ് ദേശീയ സമ്മേളനത്തിലും കൊച്ചിയില്‍ നടന്ന ദേശീയ സെമിനാറിലുമടക്കം 200 ഓളം വേദികളില്‍ ദാസന്‍ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. നിരവധി ഡോക്യുമെന്ററികളും ദാസന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."