പരീക്ഷണ ഓട്ടം വിജയകരം, തൈക്കുടം വരെ കുതിക്കാന്‍ കൊച്ചി മെട്രോ
സ്വന്തം ലേഖകന്‍
കൊച്ചി: തൈക്കുടം വരെയുള്ള മെട്രോ റെയിലിന്റെ അടുത്തഘട്ടം തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ട്രയല്‍ റണ്ണിന് തുടക്കമായി. കഴിഞ്ഞ ദിവസം രാവിലെ ഏഴിനാണ് മഹരാജാസ് സ്റ്റേഷനില്‍ നിന്ന് മെട്രോയുടെ ട്രയല്‍ റണ്‍ ആരംഭിച്ചത്. കംപാര്‍ട്ട്മെന്റുകളില്‍ യാത്രക്കാരുടെ ഭാരത്തിന് ആനുപാതികമായി മണല്‍ച്ചാക്കുകള്‍ നിറച്ചായിരുന്നു യാത്ര.
മണിക്കൂറില്‍ അഞ്ചുകിലോമീറ്റര്‍ മാത്രം വേഗത്തില്‍ കടവന്ത്ര വരെയാണ് ട്രയല്‍ തീരുമാനിച്ചതെങ്കിലും സൗത്ത് റെയില്‍വേ ലൈനിന് മുകളിലെ പാതയില്‍ യാത്ര അവസാനിപ്പിച്ചു. മെട്രോയുടെ ഏറ്റവും സങ്കീര്‍ണമായ നിര്‍മാണജോലികള്‍ നടന്നത് സൗത്തിലെ ഈ പാതയിലാണ്.
90 മീറ്റര്‍ നീളത്തിലുള്ള ക്യാന്‍ഡി ലിവര്‍ പാലമുള്ളത് പുതിയ പാതയിലാണ്. തൂണുകള്‍ കുറച്ച് ദൂരംകൂട്ടിയുള്ള വളരെ പ്രത്യേകതയുള്ള പാലമാണ് ക്യാന്‍ഡി ലിവര്‍. ഈ ഭാഗത്താണ് ട്രെയിന്‍ ആദ്യഘട്ടത്തില്‍ ട്രയല്‍ റണ്‍ നടത്തിയത്.
വരുംദിവസങ്ങളില്‍ വേഗതകൂട്ടി കൂടുതല്‍ ഭാഗങ്ങളില്‍ പരീക്ഷണ ഓട്ടം നടത്തുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്.എല്‍) അധികൃതര്‍ അറിയിച്ചു. പരീക്ഷണ ഓട്ടം പൂര്‍ണമായി വിജയിച്ചാല്‍ രണ്ടാംഘട്ട സര്‍വിസ് വൈകാതെ തുടങ്ങും.
നിലവില്‍ ആലുവ മുതല്‍ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ സര്‍വിസ് നടത്തുന്നത്. ഈ മാസം അവസാനത്തോടെ 33 കോടി രൂപ വിലയുള്ള ഒരു മെട്രോ ട്രെയിന്‍കൂടി കെ.എം.ആര്.എല്ലിന് ലഭിക്കും. ഇതോടെ കെ.എം.ആര്.എല്ലിന്റെ കൈവശമുള്ള മെട്രോ ട്രെയിനുകളുടെ എണ്ണം ഇരുപത്തിയഞ്ചാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."