കന്നുകാലി അറവ് നിരോധനം: തലശ്ശേരിയില്‍ രണ്ടായിരത്തിലേറെ തൊഴിലാളികള്‍ പട്ടിണിയിലാവും
തലശ്ശേരി: കന്നുകാലികളെ കാലിച്ചന്തകളില്‍ നിന്നു അറുക്കാനായി വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് നടപ്പാവുന്നതോടെ തലശ്ശേരി നഗരത്തില്‍ മാത്രം രണ്ടായിരത്തിലേറെ തൊഴിലാളികള്‍ പട്ടിണിയിലാവും.
തലശ്ശേരി ഇറച്ചി മാര്‍ക്കറ്റില്‍ പോത്ത്, എരുമ, കാള ഉള്‍പ്പെടെ വില്‍പന നടത്തുന്ന 20 സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. മേഖലയിലാകെ 40ഓളം വില്‍പന കേന്ദ്രങ്ങളുണ്ട്. ദിനംപ്രതി ഇവിടെ ഹോട്ടലുകളില്‍ ഉള്‍പ്പെടെയായി 8000 മുതല്‍ 9000 കിലോ വരെ ഇറച്ചിയാണു വില്‍പന നടത്തുന്നത്. ബീഫ് മാര്‍ക്കറ്റിനെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികള്‍ ഇനി എന്തു ചെയ്യണമെന്ന ആശങ്കയിലാണ്. മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഇക്കാര്യത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്. അറുക്കാനുള്ള കന്നുകാലികളെ ഇപ്പോള്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏജന്റുമാര്‍ മാര്‍ക്കറ്റിലെത്തിക്കുന്ന പതിവാണിവിടെ. ഏജന്റുമാരില്‍ നിന്ന് ഇറച്ചി മാര്‍ക്കറ്റ് ഉടമകള്‍ നേരിട്ടു പോത്തുകള്‍ ഉള്‍പ്പെടെ വാങ്ങുകയും ചെയ്യുന്നുണ്ട്. നിരോധനം വരുന്നതോടെ ഈ മേഖല പ്രതിസന്ധിയിലാവും. നഗരത്തില്‍ മാത്രം 20 കടകള്‍ പൂട്ടുന്നതോടെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ മറ്റു മേഖലകളില്‍ തൊഴില്‍തേടി ഇറങ്ങേണ്ടി വരും. നിരോധനത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് ബീഫ് ഇറച്ചി മേഖലയില്‍ ജോലി ചെയ്യുന്നവര്‍. നിരോധനത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്നു മീറ്റ് മര്‍ച്ചന്റ്‌സ് യൂനിയന്‍ (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് എം. സുബൈര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."