ഒടുവില്‍ നിസാനും സുല്ലിട്ടു ,വ്യവസായ സൗഹൃദമല്ല: അതൃപ്തിയറിയിച്ച് സര്‍ക്കാരിന് കമ്പനിയുടെ കത്ത്
.
ഡിജിറ്റല്‍ ഹബിന്റെ തുടര്‍വികസനം നടത്താന്‍ കഴിയാത്ത വിധത്തില്‍ നൂലാമാലകള്‍
ഓരോ വകുപ്പുകളും കയറിയിറങ്ങേണ്ട അവസ്ഥയെന്നും കമ്പനി
തിരുവനന്തപുരം: സാങ്കേതികവിദ്യാ പ്രവര്‍ത്തനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമുള്ള ആഗോള കേന്ദ്രമായി തിരുവനന്തപുരത്ത് ആരംഭിച്ച നിസാന്‍ ഡിജിറ്റല്‍ ഹബിന്റെ തുടര്‍വികസനം നടത്താന്‍ കഴിയാത്തതില്‍ അതൃപ്തിയറിയിച്ച് സര്‍ക്കാരിന് കമ്പനിയുടെ കത്ത്. ചെന്നൈക്ക് പകരമായി തിരുവനന്തപുരത്തെ തിരഞ്ഞെടുത്തുവെങ്കിലും ഏകജാലകത്തിലൂടെ പ്രത്യേക പരിഗണനയില്‍ പദ്ധതി ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചതിലെ തിരിച്ചടിയാണ് നിസാന്‍ കമ്പനി സര്‍ക്കാരിനയച്ച കത്തില്‍ അക്കമിട്ട് നിരത്തിയിരിക്കുന്നത്.
നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ ചീഫ് ഡിജിറ്റല്‍ ഓഫിസര്‍ ടി.വി സ്വാമിനാഥനാണ് ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം എന്നിവര്‍ക്കും മറ്റു നാല് വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്കും തങ്ങളുടെ ആശങ്ക അറിയിച്ച് നാല് പേജുള്ള കത്ത് കഴിഞ്ഞ ദിവസം അയച്ചത്. സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതു പോലെ സമയബന്ധിതമായി കാര്യങ്ങള്‍ നീങ്ങാന്‍ സഹായം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഡിജിറ്റല്‍ ഹബിന്റെ തുടര്‍വികസനം നടത്താന്‍ കഴിയാത്ത വിധത്തില്‍ നൂലാമാലകള്‍ ഉണ്ടെന്നു പറയുന്ന കത്തില്‍ ഹബ് സ്ഥാപിക്കുന്നതിനുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും കയറി ഇറങ്ങേണ്ട അവസ്ഥയാണുള്ളതെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
ഡിജിറ്റല്‍ ഹബ് സ്ഥാപിക്കാനായി ടെക്‌നോപാര്‍ക്കില്‍ എ ഗ്രേഡ് സ്‌പേസ് ഇല്ലാത്തതിനാല്‍ അവിടെത്തന്നെയുള്ള ഇന്‍ഫോസിസ് കാംപസില്‍ താല്‍ക്കാലികമായാണ് ഇപ്പോള്‍ നിസാന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി രജിസ്‌ട്രേഷന്‍ ഫീസില്‍ ഇളവ് നല്‍കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ വകുപ്പ് അതിന് തയാറായില്ല. ലോക നിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ആ നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഉതകുന്ന സാഹചര്യം ഇല്ലെന്നും നിസാന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
വിമാനങ്ങളുടെ കണക്ടിവിറ്റി ഒരു പ്രധാന പ്രശ്‌നമായി മാറുന്നു എന്നും കത്തിലുണ്ട്. തിരുവനന്തപുരത്തെ ഓഫിസില്‍നിന്ന് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് ജീവനക്കാര്‍ക്ക് യാത്ര ചെയ്യേണ്ടതുണ്ട്. എന്നാല്‍ ഡല്‍ഹി, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്ക് വിമാനങ്ങള്‍ കുറവാണെന്നത് കുഴക്കുന്നുണ്ട്. മാത്രമല്ല തിരുവനന്തപുരത്തു നിന്നുള്ള ഉയര്‍ന്ന വിമാനക്കൂലിയും മറ്റും ജീവനക്കാരെ ബാധിക്കുന്നതായും കമ്പനി കത്തില്‍ പറയുന്നു.
ലക്ഷ്യമിട്ടത് സാങ്കേതികവിദ്യക്കും
ഗവേഷണങ്ങള്‍ക്കുമുള്ള ആഗോള കേന്ദ്രം
നിസാന്‍ മോട്ടോര്‍ കോര്‍പ്പറേഷന്റെ സെക്യൂരിറ്റി ഓപ്പറേഷന്‍ സെന്ററായിട്ടാകും തിരുവനന്തപുരത്തെ ഹബ് പ്രവര്‍ത്തിക്കുകയെന്നാണ് കമ്പനി അറിയിച്ചിരുന്നത്. നിര്‍മിത ബുദ്ധി, മെഷീന്‍ ലേണിങ്, ഡാറ്റാ സയന്‍സ് തുടങ്ങിയവയാകും ശ്രദ്ധാകേന്ദ്രങ്ങള്‍. നിസാന്റെ ഡ്രൈവര്‍രഹിത വാഹനങ്ങളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും സാങ്കേതിക പിന്തുണയുള്‍പ്പെടെയുള്ള കാര്യങ്ങളും ഡിജിറ്റല്‍ ഹബില്‍ നിന്നുണ്ടാകും.
നിസാന്റെ വിവിധ രാജ്യങ്ങളിലുള്ള സോഫ്റ്റ്‌വെയര്‍, ഐ.ടി വികസനകേന്ദ്രങ്ങള്‍ക്ക് സമാനമായ പ്രവര്‍ത്തനങ്ങളും ഹബിലുണ്ടാകും. ലോകത്താകെയുള്ള നിസാന്റെ ഡിജിറ്റല്‍ മേഖലയിലെ ജീവനക്കാരില്‍ പകുതിയോളം പേരെ തലസ്ഥാനത്തെ ഡിജിറ്റല്‍ ഹബില്‍ നിയോഗിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരുന്നത്.
നിസാന്റെ ഡിജിറ്റല്‍ ഹബ് വരുന്നത് വലിയ നേട്ടമായി സര്‍ക്കാര്‍ പ്രചരിപ്പിച്ചെങ്കിലും അവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതില്‍ വിവിധ വകുപ്പുകള്‍ തടസം നില്‍ക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഈ തടസങ്ങള്‍ നീക്കി നിസാന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സാഹചര്യമൊരുക്കിക്കൊടുത്തില്ലെങ്കില്‍ അവര്‍ കേരളം വിട്ടുപോകുന്നതിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിനില്‍ക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."