കരുത്താര്‍ജിച്ച് കൊവിഡ് വഴിയടച്ച് രാജ്യങ്ങള്‍
ലണ്ടന്‍: ജനിതകവ്യതിയാനം വന്ന കൊറോണ വൈറസ് ബ്രിട്ടനില്‍ അതിവേഗം വ്യാപിച്ചുതുടങ്ങിയതോടെ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളും ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി. ബ്രിട്ടനു പുറമെ ദക്ഷിണാഫ്രിക്ക, ആസ്‌ത്രേലിയ, ഇറ്റലി എന്നിവിടങ്ങളിലും പുതിയ വൈറസിനെ കണ്ടെത്തിയതോടെ ലോകരാജ്യങ്ങളെല്ലാം ഭീതിയിലാണ്. ഇതിനു മുമ്പും ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിനെ പല രാജ്യങ്ങളിലും കണ്ടെത്തിയിരുന്നെങ്കിലും അവയൊന്നും ഇത്ര വേഗം വ്യാപിച്ചിരുന്നില്ല.
ഈമാസം 31ന് യൂറോപ്യന്‍ യൂനിയന്‍ വിടാനിരിക്കുന്ന ബ്രിട്ടനെ പുതിയ വൈറസ് ബ്രെക്‌സിറ്റിനു മുമ്പേ ഒറ്റപ്പെടുത്തലിലെത്തിച്ചിരിക്കുകയാണ്. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ ഞായറാഴ്ച മുതല്‍ തന്നെ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വിസ് നിര്‍ത്തിവച്ചു. ഫ്രാന്‍സ് കര-കടല്‍-വായു മാര്‍ഗമുള്ള എല്ലാ പാതകളും 48 മണിക്കൂര്‍ നേരത്തേക്ക് ബ്രിട്ടനില്‍ നിന്നു വരുന്നവര്‍ക്കു മുന്നില്‍ കൊട്ടിയടച്ചു. അയര്‍ലന്‍ഡ് ബ്രിട്ടനില്‍നിന്നുള്ളവര്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് അറിയിച്ചു. ബെല്‍ജിയം വിമാന-ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി. നെതര്‍ലാന്‍ഡ്‌സ് ജനുവരി ഒന്നുവരെയാണ് വിമാന സര്‍വിസ് നിരോധിച്ചത്.
റഷ്യ ഒരാഴ്ചത്തേക്ക് ബ്രിട്ടനില്‍നിന്നുള്ള വിമാന സര്‍വിസ് റദ്ദാക്കി. ഹോങ്കോങ്, യു.എസ്, കാനഡ, ചിലി, അര്‍ജന്റീന, തുര്‍ക്കി, കുവൈത്ത്, ഒമാന്‍, ഇസ്‌റാഈല്‍ എന്നിവയും ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വിസ് റദ്ദാക്കി. സഊദി ഒരാഴ്ചത്തേക്ക് ബ്രിട്ടനുള്‍പ്പെടെ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന സര്‍വിസ് നിരോധിച്ചിരിക്കുകയാണ്.
ആസ്ട്രിയ, സ്വീഡന്‍, റുമാനിയ, ലിത്വാനിയ, ലാത്വിയ, എസ്‌തോണിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക് എന്നിവയും ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വിസ് റദ്ദാക്കാനൊരുങ്ങുകയാണ്. സ്‌കോട്ട്‌ലന്‍ഡ് ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്.
യു.കെ വിമാനങ്ങള്‍ക്ക്
31 വരെ ഇന്ത്യയില്‍ വിലക്ക്
ന്യൂഡല്‍ഹി: യു.കെയില്‍ കൊവിഡ് വൈറസിന്റെ വകഭേദം പടരുന്ന പശ്ചാത്തലത്തില്‍ യു.കെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഈ മാസം 31വരെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. ഇന്ന് അര്‍ധരാത്രി മുതലാണ് വിലക്ക്. ഇന്ന് രാത്രി 11.59 വരെ യു.കെയില്‍ നിന്ന് പുറപ്പെടുന്ന വിമാനങ്ങളെ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കും. എത്തുന്ന യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക ആര്‍.ടി-പി.സി.ആര്‍ പരിശോധന നടത്തും. നിരോധന കാലയളവില്‍ ഇന്ത്യയില്‍ നിന്ന് യു.കെയിലേക്കും വിമാനങ്ങള്‍ അനുവദിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയുള്‍പ്പടെ 10ലധികം രാജ്യങ്ങളാണ് യു.കെയിലേക്ക് വിമാനസര്‍വീസ് വിലക്കിയിരിക്കുന്നത്.
ക്രിസ്മസ് ഇളവ് റദ്ദാക്കി,
നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി
ലണ്ടന്‍: വൈറസിന്റെ സ്വഭാവത്തില്‍ മാറ്റം കണ്ടതോടെ രോഗബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നേക്കുമെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നറിയിപ്പു നല്‍കി. ക്രിസ്മസിനോടനുബന്ധിച്ച് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാനുള്ള തീരുമാനം റദ്ദാക്കിയതായി അദ്ദേഹം അറിയിച്ചു. ആരോഗ്യ വിദഗ്ധരുമായി നടത്തിയ അടിയന്തിര യോഗത്തെ തുടര്‍ന്നാണ് തീരുമാനം.
അതിനിടെ വിയുഐ-20201201 എന്നു പേരിട്ട പുതിയ വൈറസിന്റെ വ്യാപനം നിയന്ത്രണാതീതമാണെന്നും ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ബ്രിട്ടിഷ് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക് അറിയിച്ചു.
ലണ്ടനിലും തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലും ഞായറാഴ്ച ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ 1.6 കോടി ആളുകള്‍ വീടുകളില്‍ തന്നെ കഴിയുകയാണ്. ആളുകള്‍ ലണ്ടന്‍ വിട്ടു പോകാതിരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ പൊലിസുകാരെ വിന്യസിച്ചിട്ടുണ്ട്.
രാജ്യത്ത് ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പ് തുടങ്ങിയെങ്കിലും പുതിയ വൈറസിനെ ചെറുക്കാന്‍ അതിന് സാധിക്കുമോയെന്നു വ്യക്തമല്ല. ശനിയാഴ്ച വരെ മൂന്നര ലക്ഷം പേര്‍ക്ക് വാക്‌സിന്‍ കുത്തിവച്ചിട്ടുണ്ട്. ഇത് ഒരാഴ്ചയ്ക്കകം അഞ്ചുലക്ഷമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഹാന്‍കോക് അറിയിച്ചു.
പുതിയ വൈറസ് വുഹാനില്‍ കണ്ടെത്തിയ വൈറസിനെക്കാള്‍ പ്രഹരശേഷി കുറഞ്ഞതാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ ഞായറാഴ്ച മാത്രം 35,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം ആദ്യമായാണ് രാജ്യത്ത് രോഗവ്യാപനം ഇത്രയും ഭീകരമാകുന്നത്.
ആശങ്കയോടെ
ഇന്ത്യ
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദം യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നതായ റിപ്പോര്‍ട്ടുകളില്‍ ഇന്ത്യയില്‍ ആശങ്ക. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇന്ത്യയില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാനിരിക്കെയാണ് യു.കെയിലും ഇറ്റലിയിലും വൈറസിന്റെ പുതിയ വകഭേദം പടരുന്നതായി കണ്ടെത്തിയത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും പേടിക്കേണ്ട കാര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
യു.കെയിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥര്‍ അടിയന്തിര യോഗം ചേര്‍ന്നു. ജനുവരിയിലെ ഏതാഴ്ചയിലും വാക്‌സിന്‍ പ്രതീക്ഷിക്കാമെന്നും സുരക്ഷിതത്വത്തിലും ഫലപ്രാപ്തിയിലും വിട്ടുവീഴ്ചയില്ലെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."