ജനങ്ങളുടെ പ്രതീക്ഷ അഴിമതിമുക്ത നാട്ടുഭരണം
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്നലെ വളരെ ഭംഗിയായി നടന്നു. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള സത്യപ്രതിജ്ഞ ലളിതമായിരുന്നു പല സ്ഥലങ്ങളിലും. ജനപ്രതിനിധികള്‍ക്കൊപ്പം സത്യപ്രതിജ്ഞാ ഹാളിലേക്ക് പ്രവേശിക്കാനുള്ള അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയും നേരത്തെ കൊവിഡ് ബാധിച്ച് ഭേദമായ ജനപ്രതിനിധികളുണ്ടെങ്കില്‍ അവര്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയുമാണ് ചടങ്ങ് നടന്നത്. 1191 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സത്യപ്രതിജ്ഞകളാണ് നടന്നത്.
ഗ്രാമ വികസനമാണ് രാജ്യ വികസനത്തിന്റെ അടിസ്ഥാനമെന്ന ഗാന്ധിജിയുടെ സ്വപ്‌നമാണ് ഗ്രാമപഞ്ചായത്തുകളിലൂടെ സഫലമാകേണ്ടത്. സ്വന്തം സര്‍ക്കാര്‍ എന്ന ആശയം അടിസ്ഥാനമാക്കിയാണ് സ്വയംഭരണം എന്നര്‍ഥം വരുന്ന സ്വരാജ് എന്ന പദം ഗാന്ധിജി ഉപയോഗിച്ചത്. വിദേശ ശക്തികളില്‍ നിന്നുള്ള ഇന്ത്യയുടെ സ്വാതന്ത്ര്യമായിരുന്നു ഗാന്ധിജി ഉദ്ദേശിച്ചിരുന്നതെങ്കിലും സാമൂഹ്യ പരിഷ്‌കരണവും വികസനവും അതിന്റെ ഉള്ളടക്കമായിരുന്നു. അധികാര വികേന്ദ്രീകരണമായിരുന്നു അതിന്റെ കാതല്‍. എന്നാല്‍ സ്വാതന്ത്ര്യാനന്തര ഭാരതത്തിലും ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമ സ്വരാജ് സഫലമായില്ല. അധികാര വികേന്ദ്രീകരണത്തോടൊപ്പം അഴിമതിയും വികേന്ദ്രീകരിക്കപ്പെട്ടു.
ഒരു പാലമോ റോഡോ ഒരു വാര്‍ഡില്‍ പണികഴിപ്പിക്കണമെങ്കില്‍ വാര്‍ഡ് മെമ്പര്‍ക്ക് ഒരു നിശ്ചിത ശതമാനം കൈക്കൂലി കൊടുക്കണം, കുറെക്കൂടി വലിയ പദ്ധതിയാണെങ്കില്‍ വാര്‍ഡ് മെമ്പറില്‍ തീരില്ല. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും കോഴ തുല്യമായി വീതിച്ചു കൊടുക്കണം. അനധികൃതമായ കെട്ടിടങ്ങള്‍ക്കും ക്വാറികള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നതിനും പല പഞ്ചായത്ത് അംഗങ്ങള്‍ക്കും പ്രസിഡന്റിനും സെക്രട്ടറിക്കും വലിയ തോതില്‍ കോഴ കൊടുക്കേണ്ടി വരുന്നു. പല ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലും ഭരണ പക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടാകുന്നത് കോഴ വാങ്ങുന്ന കാര്യത്തിലാണ്. ഇതിനാലാണ് പല സ്ഥലങ്ങളിലും മൂന്നും നാലും തവണ മത്സരിച്ച് ജയിച്ചവര്‍ വീണ്ടും മത്സരിക്കാന്‍ ഉത്സുകരായി മുന്‍പോട്ട് വരുന്നത്. ഇവര്‍ക്കെതിരേ സ്വതന്ത്ര സ്ഥാനാര്‍ഥികളും പാര്‍ട്ടികളിലെ വിമതരും മത്സരിക്കുമ്പോള്‍, ജനങ്ങള്‍ ഇവരെ പരീക്ഷിക്കാന്‍ മുന്‍പോട്ട് വരുന്നത് അഴിമതിക്കെതിരായ ജനങ്ങളുടെ പോരാട്ടമായി വേണം വിലയിരുത്താന്‍. ജനങ്ങളുടെ ഈ മനോഭാവം മുതലെടുക്കാനായിരിക്കണം സി.പി.എം അടക്കമുള്ള പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളെല്ലാം പലയിടങ്ങളിലും അവരുടെ ഔദ്യോഗിക ചിഹ്നങ്ങള്‍ ഒഴിവാക്കി സ്വതന്ത്രരെ രംഗത്തിറക്കിയത്.
പഞ്ചായത്തിരാജ് സംവിധാനത്തില്‍ ഏറ്റവും താഴെ തട്ടിലുള്ള പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങളും പദ്ധതികളും കൈമാറുന്നതിനുള്ള പ്രധാന തടസമായി സംസ്ഥാന സര്‍ക്കാരും കേന്ദ്ര വകുപ്പുകളും എടുത്ത് കാട്ടുന്നത് പഞ്ചായത്തുകളുടെ കാര്യശേഷി ഇല്ലായ്മയാണ്. പദ്ധതി ഫണ്ടുകള്‍ യഥാസമയം ചെലവഴിക്കാതെ നഷ്ടപ്പെടുത്തുന്ന എത്രയോ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉണ്ട്. ഏതൊക്കെ ഫണ്ടുകള്‍ ഉണ്ടെന്ന കാര്യം പോലും അറിയാത്ത മെമ്പര്‍മാരുണ്ട്. പഞ്ചായത്തുകളുടെ കാര്യശേഷി വര്‍ധിപ്പിക്കാനും ശാക്തീകരണത്തിനും അതുവഴി ജനാധിപത്യ വികേന്ദ്രീകരണം ശക്തിപ്പെടുത്താനുമായി, ജനപങ്കാളിത്തത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയാണ് നേരത്തെ രാജീവ് ഗാന്ധി പഞ്ചായത്ത് ശാക്തീകരണ്‍ അഭിയാന്‍ (ആര്‍.ജി.പി.എസ്.എ) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇപ്പോള്‍ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ (ആര്‍.ജി.എസ്.എ) എന്ന പേരില്‍ നടപ്പാക്കുന്ന പദ്ധതി. 2013-14 മുതല്‍ ഈ പദ്ധതി നടപ്പിലുണ്ട്. മാത്രമല്ല, പുതിയ മെമ്പര്‍മാര്‍ക്ക് ഭരണപരമായ പരിചയം ഉണ്ടാകാന്‍ രാഷ്ട്രീയപ്പാര്‍ട്ടി തലങ്ങളിലും സര്‍ക്കാര്‍ നേതൃത്വത്തിലും പരിശീലനങ്ങളും നല്‍കുന്നു. എന്നിട്ടും ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ കുടിവെള്ളത്തിനും വൈദ്യുതിക്കും റോഡുകള്‍ക്കും പരിഹാരം കണ്ടെത്താന്‍ പല ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കഴിയുന്നില്ല.
ഇത്തരം പരിതാപകരമായ അവസ്ഥയിലാണ് ജനങ്ങള്‍ പരമ്പരാഗത രാഷ്ട്രീയപ്പാര്‍ട്ടികളെ ഉപേക്ഷിച്ച് ട്വന്റി 20 പോലുള്ള സംഘടനകളെ പരീക്ഷിക്കുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കുമെതിരേ ഒറ്റയ്ക്ക് നിന്ന് കഴിഞ്ഞ തവണ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരണം പിടിച്ചെടുത്തുകൊണ്ടാണ് ട്വന്റി 20 ശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്രാവശ്യം മൂന്ന് അയല്‍പക്ക പഞ്ചായത്തുകളുടെയും ഭരണം ട്വന്റി 20 നേടിയതോടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ അപകടം മണത്തു. അതിനാലായിരിക്കണം ഇരു മുന്നണികളും സംയുക്തമായി ട്വന്റി 20 ക്ക് വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ ആക്രമിച്ച് പരുക്കേല്‍പിച്ചിട്ടുണ്ടാവുക. ജനങ്ങള്‍ ഇഷ്ടപ്പെടുന്ന ഭരണം കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി 20ക്ക് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്ത് നാട് എന്നീ പഞ്ചായത്തുകളുടേയും ഭരണം ഇപ്രാവശ്യം ട്വന്റി 20 യുടെ കൈകളിലെത്തിയത്. ബ്ലോക്ക് പഞ്ചായത്തുകളിലും ട്വന്റി 20 സീറ്റുകള്‍ പിടിച്ചത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വെല്ലുവിളിയാണ്. ട്വിന്റി 20 മാതൃകയില്‍ വി 4 കൂട്ടായ്മ കൊച്ചി നഗരസഭയിലും പാലക്കാട് പട്ടാമ്പി നഗരസഭയിലും മത്സരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മുന്നണികള്‍ക്കെതിരായി രൂപംകൊണ്ട കൂട്ടായ്മകള്‍ മത്സരിക്കുകയും അവര്‍ ശ്രദ്ധേയരായിത്തീരുകയും ചെയ്യുന്നു. രാഷ്ട്രീയപ്പാര്‍ട്ടികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനാലാണ് ഇത്തരം കൂട്ടായ്മകള്‍ വെല്ലുവിളിയാകുന്നത്.
ട്വന്റി 20 പോലുള്ള കൂട്ടായ്മകള്‍ക്ക് ഏറെക്കാലം മുന്‍പോട്ട് പോകാനാവില്ലെന്നും അരാഷ്ട്രീയവും കോര്‍പറേറ്റ് സ്വഭാവവുമാണ് ഇത്തരം സംഘടനകളുടെ അടിസ്ഥാനമെന്നും രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വങ്ങളുടെ നിരീക്ഷണങ്ങള്‍ ശരിയായിരിക്കാം. ജനങ്ങള്‍ അതിനൊന്നും ചെവികൊടുക്കുന്നില്ല. അവരുടെ അടിസ്ഥാനാവശ്യങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ആര് നല്‍കുന്നുവോ അവര്‍ക്കൊപ്പം ജനങ്ങള്‍ പോകുമെന്നാണ് ട്വന്റി 20 പോലുള്ള കൂട്ടായ്മകളിലൂടെ മനസിലാക്കേണ്ടത്.
കിഴക്കമ്പലത്തെ ട്വന്റി 20 ഭരണം ലോകത്തെ ആദ്യ സംഭവമൊന്നുമല്ല. തൊഴിലാളി സമരങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും അടിച്ചമര്‍ത്താനായി സൗജന്യങ്ങള്‍ നല്‍കി വന്‍കിട കമ്പനികള്‍ പ്രദേശത്തിന്റെ ഭരണം പിടിച്ചെടുക്കുന്ന കഥയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. എന്നാല്‍ പോലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനാരോഹണം നടത്തിയ അംഗങ്ങള്‍ക്കും അവരുടെ പാര്‍ട്ടികള്‍ക്കും ട്വന്റി 20 വലിയ പാഠമാണ്. ഓരോ വാര്‍ഡിലേയും ജനങ്ങളുടെ ആവശ്യം കണ്ടറിയാനും അത് പരിഹരിക്കാനും അവരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാനും മെമ്പര്‍മാര്‍ക്ക് കഴിയണം. അഴിമതി ഭരണമല്ല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും നടക്കുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും കഴിയണം. അല്ലാത്തപക്ഷം കാലക്രമേണ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചുരുങ്ങിയ പക്ഷം ഗ്രാമങ്ങളിലും പട്ടണങ്ങളിലും നിരാകരിക്കപ്പെട്ടേക്കാം. ട്വന്റി 20 പോലുള്ള പ്രസ്ഥാനങ്ങള്‍ ജനാധിപത്യ സ്ഥാപനങ്ങളെ റാഞ്ചുന്ന അവസ്ഥകളുണ്ടാകുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ജനാധിപത്യ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് എങ്ങനെയാണ് ഒഴിഞ്ഞ് നില്‍ക്കാനാവുക?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."