കരിഞ്ചോല മല ദുരിത ബാധിതരോട് അവഗണന: മുസ്‌ലിം ലീഗ് രാപകല്‍ സമരം നാളെ മുതല്‍
കോഴിക്കോട്: കരിഞ്ചോല മല ദുരിത ബാധിതര്‍ക്ക് നീതി ലഭ്യമാക്കണമെന്നാശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ രാപകല്‍ സമരം നാളെ തുടങ്ങും.
താമരശേരി താലൂക്ക് ഓഫിസ് പരിസരത്ത് നടക്കുന്ന 18 മണിക്കൂര്‍ രാപ്പകല്‍ സമരം നാളെ വൈകിട്ട് നാലിന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല അറിയിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യപ്രഭാഷണം നടത്തും. എം.കെ രാഘവന്‍ എം.പി സംസാരിക്കും. ആറിന് രാവിലെ 10ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായ കട്ടിപ്പാറ ഉരുള്‍പ്പൊട്ടലില്‍ 14 പേര്‍ മരിച്ച് 100 ദിവസം പിന്നിട്ടിട്ടും ഇരകള്‍ക്ക് അര്‍ഹമായ സഹായം ചെയ്യാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ലെന്നും ഉമര്‍ പാണ്ടികശാല പറഞ്ഞു. ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാസ്റ്റര്‍ പ്ലാനോ മറ്റ് കാര്യങ്ങളോ അധികൃതര്‍ ഇതുവരെ സാധ്യമാക്കിയിട്ടില്ല. കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായം നല്‍കിയിട്ടില്ല. ദുരന്തമുണ്ടായി ഇത്ര നാളായിട്ടും പ്രദേശം സന്ദര്‍ശിക്കാനോ ദുരിത ബാധിതരെ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തയാറാകാത്തത് ദുരിത ബാധിതരോടുള്ള കടുത്ത അവഗണനയാണ്. ദുരിത ബാധിതര്‍ക്കായി ഏര്‍പ്പെടുത്തിയ വീടിന്റെ വാടക നല്‍കാന്‍ പോലും അധികൃതര്‍ തയാറായിട്ടില്ല. കരിഞ്ചോല മല പ്രളയ ബാധിതര്‍ക്കായി ജനങ്ങള്‍ നല്‍കിയ 50 ലക്ഷം എം.എല്‍.എയുടെ അക്കൗണ്ടിലുള്ളപ്പോഴാണ് തികഞ്ഞ അവഗണനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുരന്തത്തില്‍ നട്ടെല്ലിനു സാരമായി പരുക്കേറ്റു കിടക്കുന്ന സലീമിനു ലഭിച്ചതും വളരെ തുച്ഛമായ ധനസഹായമാണ്. കരിഞ്ചോല മലക്ക് പ്രത്യേക പാക്കേജ് എന്ന ആവശ്യവും ഇതുവരെ പരിഗണിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രളയക്കെടുതിയില്‍ അകപ്പെട്ടവരോടും സര്‍ക്കാര്‍ ഇതേ സമീപനമാണ് വച്ചു പുലര്‍ത്തുന്നതെന്നും ഇതിനെതിരേ പ്രതിഷേധിക്കാനാണ് കക്ഷി രാഷ്ട്രീയ ഭേദമന്യേ രാപകല്‍ സമരം നടത്താന്‍ ലീഗ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെങ്കില്‍ 15ന് കലക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍, ജില്ലാ ഭാരവാഹികളായ നാസര്‍ എസ്റ്റേറ്റ് മുക്ക്, വി. കെ ഹുസൈന്‍കുട്ടി, ജില്ലാ പഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."