ഷീലാ ദീക്ഷിതിന് രാജ്യത്തിന്റെ യാത്രാമൊഴി
ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായ ഷീലാ ദീക്ഷിതിന് രാജ്യത്തിന്റെ യാത്രാമൊഴി.
ഭൗതിക ശരീരം ഡല്‍ഹിയിലെ പഴക്കംചെന്ന ശ്മശാനമായ യമുനാ തീരത്തെ നിഗംബോധ് ഘട്ടില്‍ സംസ്‌കരിച്ചു. ഷീലയുടെ ആഗ്രഹപ്രകാരം നിഗംബോധ് ഘട്ടിലെ സി.എന്‍.ജിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന യന്ത്രമുപയോഗിച്ചാണ് മൃതദേഹം ദഹിപ്പിച്ചത്. ഇവിടെ സി.എന്‍.ജി സൗകര്യം ഒരുക്കിയതും മുഖ്യമന്ത്രിയായിരിക്കെ ഷീലയുടെ ഉത്തരവ് പ്രകാരമായിരുന്നു.
നിസാമുദ്ദീനിലെ വീട്ടിലും പിന്നാലെ അക്ബര്‍ റോഡിലുള്ള എ.ഐ.സി.സി ആസ്ഥാനത്തും നടന്ന അന്തിമോപചാരമര്‍പ്പിക്കല്‍ ചടങ്ങിനു ശേഷമാണ് സംസ്‌കാരം നടന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിന് വി.ഐ.പികളും ആയിരക്കണക്കിന് സാധാരണക്കാരും ഷീലാ ദീക്ഷിതിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തി.
വിതുമ്പലോടെയാണ് ഡല്‍ഹി നിവാസികള്‍ തങ്ങളുടെ പ്രിയ നേതാവിന് യാത്രാമൊഴി നേര്‍ന്നത്. യു.പി.എ ചെയര്‍പേഴ്‌സന്‍ സോണിയാഗാന്ധി, ആഭ്യന്തരമന്ത്രി അമിത്ഷാ, കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി, ഛത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവര്‍ ഇന്നലെ അന്തിമോപചാരമര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച തന്നെ അന്തിമോപചാരമര്‍പ്പിച്ചിരുന്നു. കേരളത്തില്‍നിന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി കേരള സര്‍ക്കാരിനു വേണ്ടി ആദരാഞ്ജലി അര്‍പ്പിച്ചു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറും അന്തിമോപചാരം അര്‍പ്പിച്ചു.
വെള്ളപ്പൂക്കള്‍ക്കൊണ്ട് അലങ്കരിച്ച വാഹനത്തിലാണ് എ.ഐ.സി.സി ആസ്ഥാനത്തുനിന്ന് മൃതദേഹം നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോയത്. ആയിരങ്ങള്‍ കണ്ണീരോടെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."