യുദ്ധസമാന സാഹചര്യം; സഊദിയില്‍ യു.എസ് സൈനിക ക്യാംപ്
അബ്ദുസ്സലാം കൂടരഞ്ഞി
റിയാദ്: സഊദിയില്‍ അമേരിക്കയുടെ സൈനിക താവളത്തിന് അനുമതി നല്‍കിയതോടെ ഗള്‍ഫ് മേഖലയില്‍ യുദ്ധസമാന സാഹചര്യമാണെന്ന് നിരീക്ഷകര്‍. ഇറാനെതിരേ നീങ്ങുന്ന അമേരിക്കയ്ക്കു വേണ്ട ഒത്താശ ചെയ്യുന്ന സഊദി ഒരുപടികൂടി മുന്നോട്ടുവച്ചാണ് യു.എസ് സൈന്യത്തിനു രാജ്യത്ത് സൈനിക താവളം അനുവദിച്ചത്.
ഇതോടെ അമേരിക്കയും ഇറാനും യുദ്ധം തുടങ്ങിയാല്‍ ഇറാന്റെ പ്രധാന ലക്ഷ്യം സഊദിയാകുമെന്നതില്‍ സംശയമില്ല. 16 വര്‍ഷത്തിനു ശേഷം അമേരിക്കന്‍ സൈന്യം യുദ്ധ സജ്ജീകരണങ്ങളോടെ സഊദിയില്‍ എത്തുമ്പോള്‍ മുന്‍ ഭരണാധികാരികളുടെ നയം കൂടിയാണ് വീണ്ടും മാറ്റുന്നത്. 1990ല്‍ ഇറാഖിന്റെ കുവൈത്ത് അധിനിവേശത്തെ തുടര്‍ന്ന് കുവൈത്ത് വിമോചന യുദ്ധത്തിനു വേണ്ടിയാണ് സഊദിയില്‍ ആദ്യമായി അമേരിക്കന്‍ സൈനികരെ വിന്യസിച്ചത്. എന്നാല്‍, യുദ്ധം കഴിഞ്ഞിട്ടും 2003 വരെ 13 വര്‍ഷം അമേരിക്കന്‍ സൈന്യം സഊദിയില്‍ തമ്പടിച്ചിരുന്നു.
ഇറാഖിനെതിരേ ബാധകമാക്കിയ വ്യോമനിരോധനം നിരീക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു യു.എസ് സൈന്യം സഊദിയില്‍ തങ്ങിയിരുന്നത്. എന്നാല്‍, പിന്നീട് ഇതിനെതിരേ ശക്തമായ എതിര്‍പ്പുകളും മറ്റുമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2001ലെ അഫ്ഗാന്‍ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് സഊദിയില്‍നിന്ന് യുദ്ധം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അമേരിക്ക ആവശ്യപ്പെട്ടിരുന്നെങ്കിലും സഊദി ഭരണാധികാരികള്‍ അനുമതി നല്‍കാതിരിക്കുകയായിരുന്നു. ഇതോടെയാണ് ഖത്തറിലെ അല്‍ഉദൈദില്‍ അമേരിക്ക സൈനിക താവളം നിര്‍മിച്ചത്. 2003ല്‍ അമേരിക്ക ഇറാഖിലേക്കെത്തിയപ്പോഴും സഊദി തങ്ങളുടെ താവളങ്ങള്‍ വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല.
സദ്ദാമിനെ സ്ഥാനഭൃഷ്ടനാക്കിയ 2003ലെ ഇറാഖ് യുദ്ധത്തിന് സഊദി മണ്ണ് ഉപയോഗിക്കുന്നതിന് ഭരണാധികാരികള്‍ സമ്മതം നല്‍കാതിരിക്കുകയായിരുന്നു. ഇതിനു തൊട്ടുമുന്‍പാണ് അമേരിക്കന്‍ സൈന്യം സഊദി വ്യോമതാവളം ഒഴിഞ്ഞുപോയത്. കുവൈത്ത് താവളമാക്കിയാണ് അമേരിക്ക യുദ്ധം തുടങ്ങിയത്. 2001ലെ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തിന്റെ ഭാഗമായി സഊദി താവളം വിട്ടുനല്‍കാത്തതിനെ തുടര്‍ന്നാണ് ഖത്തറിലെ അല്‍ഉദൈദില്‍ അമേരിക്ക സൈനിക താവളം നിര്‍മിച്ചത്. പിന്നീട് സഊദിയിലെ അമേരിക്കന്‍ സൈനികരെ അല്‍ഉദൈദ് താവളത്തിലേക്ക് അമേരിക്ക മാറ്റുകയായിരുന്നു. അല്‍ഉദൈദ് വ്യോമതാവളത്തിലേക്ക് മാറ്റുന്നതിനു മുന്‍പ് പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തില്‍ 60,000 അമേരിക്കന്‍ സൈനികരുണ്ടായിരുന്നു എന്നാണ് കണക്ക്.
യുദ്ധവിമാനങ്ങളും വ്യോമ പ്രതിരോധ മിസൈലുകളും നൂറുകണക്കിന് സൈനികരെയും അമേരിക്ക സഊദിയിലേക്ക് അയക്കുന്നുണ്ടെന്ന് മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ഇറാന്‍ കസ്റ്റഡിയിലെടുത്തതിനുള്ള പ്രതികരണം എന്നോണമല്ല അമേരിക്കന്‍ സൈനികരെ സഊദിയില്‍ വിന്യസിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ ആഴ്ചകള്‍ക്കു മുന്‍പ് ആരംഭിച്ചതാണെന്നും മുതിര്‍ന്ന അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഹൊര്‍മുസ് കടലിടുക്കില്‍ ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ പിടിച്ച ഇറാന്റെ നടപടി ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് യു.കെ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ട് മുന്നറിയിപ്പ് നല്‍കി. ബ്രിട്ടീഷ് കപ്പലുകളെ മാത്രമല്ല, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തെ തന്നെ ബാധിക്കുന്നതാണ് ഹൊര്‍മുസ് കടലിടുക്കില്‍ ഇറാന്‍ വിപ്ലവ ഗാര്‍ഡ് കൈക്കൊണ്ട നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."