നശിപ്പിക്കപ്പെട്ട തെളിവുകള്‍, ആരോപണങ്ങളില്‍ വെന്ത ഇരകള്‍, മാറിമാറി വന്ന അന്വേഷണ സംഘങ്ങള്‍ മൂന്ന് പതിറ്റാണ്ടോളമെത്തിയ അഭയ കേസിന്റെ നാള്‍വഴികള്‍
തിരുവനന്തപുരം: ഒരു പക്ഷേ കേരളം ഇത്രമേല്‍ ഉറ്റു നോക്കുന്ന മറ്റൊരു കേസുണ്ടാവില്ല. വീടുകളുടെ അകത്തളങ്ങളില്‍ പോലും ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെട്ട കേസും മറ്റൊന്നുണ്ടാവില്ല. അത്രമേല്‍ പരിചിതമാണ് കന്യാസ്ത്ര വേഷമണിഞ്ഞ സിസ്റ്റര്‍ അഭയയുടെ ചിത്രം. കഥകളും നോവലുകളും സിനിമകളും ഏറെയിറങ്ങി ഈ കേസിനെ ചുറ്റിപ്പറ്റി. കൊലപാതകമെന്നു ലോകം മുഴുവന്‍ ഉറച്ചു വിശ്വസിച്ചിട്ടും അത് ഒരു നിലക്കും തെളിയിക്കാനാവാത്ത വിധം സങ്കീര്‍ണമായിരുന്നു അന്വേഷണ വഴികള്‍. ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ അഭയയുടെ വീട്ടുകാരെ മൊത്തം മാനസിക രോഗികളാക്കി അന്വേഷണ ഉദ്യോഗസ്ഥര്‍.
താന്‍ വര്‍ഷങ്ങളായി താലോലിച്ചു വന്ന ആത്മഹത്യയെന്ന സ്വപ്‌നം നടപ്പാക്കാന്‍ ആ പാതിരാവ് അഭയ സ്വയം തെരഞ്ഞെടുത്തതാണെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. അടുക്കളയില്‍ കണ്ട ബലപ്രയോഗത്തിന്റെ ലക്ഷണങ്ങള്‍ മാനസിക വിഭ്രാന്തിയുള്ള അഭയ ഇരുട്ടില്‍ നടന്നപ്പോള്‍ സംഭവിച്ചതായി മാറി. അടുക്കളയിലെത്തി ഫ്രിഡ്ജ് തുറന്നപ്പോള്‍ പെട്ടെന്ന് തോന്നിയതാണ് ആത്മഹത്യ ചെയ്യാന്‍. വിഷാദ രോഗികള്‍ക്ക് അങ്ങിനെയൊക്കെ തോന്നാം. എന്നും പറയുന്ന അദ്ദേഹം ആ അഭിമുഖത്തില്‍.
അങ്ങിനെ അപസര്‍പ്പകളെ കഥകളെ പോലും വെല്ലുന്ന ഒരുപാട് എപ്പിസോഡുകള്‍ക്കൊടുവില്‍ 28 വര്‍ഷത്തിന് ശേഷം അഭയ കോസില്‍ ഇന്ന് വിധി വരികയാണ്. കേരളം ഉറ്റുനോക്കുന്ന വിധി.
കേസിന്റെ നാള്‍വഴികള്‍
1992 മാര്‍ച്ച് 27: കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റ് അന്തേവാസിയും ബി.സി.എം കോളേജ് രണ്ടാം വര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ഥിനിയുമായ സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റ് വളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
1992 മാര്‍ച്ച് 31: ജോമോന്‍ പുത്തന്‍ പുരക്കല്‍ കണ്‍വീനറായി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
1992 ഏപ്രില്‍ 14: അഭയ കേസന്വേഷണം ക്രൈം ബ്രാഞ്ചിന്.
1993 ജനുവരി 30: സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്നു ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പിന്നാലെ ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയില്‍.
1993 മാര്‍ച്ച് 29: ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് സി.ബി.ഐക്ക്.
1993 ഏപ്രില്‍ 30: ഡിവൈ.എസ്.പി വര്‍ഗീസ് പി. തോമസിന്റെ നേതൃത്വത്തില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നു.
ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം ശരിയല്ലെന്നു സി.ബി.ഐയുടെ കണ്ടെത്തല്‍.
1993 ഡിസംബര്‍ 30: വര്‍ഗീസ് പി തോമസ് രാജിവെച്ചു.
1994 മാര്‍ച്ച് 27: അഭയ ആത്മഹത്യ ചെയ്തുവെന്നു റിപ്പോര്‍ട്ട് നല്‍കാന്‍ സി.ബി.ഐ എസ്.പി വി. ത്യാഗരാജന്‍ ആവശ്യപ്പെട്ടതായി പത്രസമ്മേളനത്തില്‍ വര്‍ഗീസ് പി. തോമസ്.
സര്‍വീസ് ഏഴുവര്‍ഷം ബാക്കിയുള്ളപ്പോള്‍ സി.ബി.ഐ ജോലി രാജിവെച്ചായിരുന്നു പത്രസമ്മേളനം. അഭയയുടെ മരണം ആത്മഹത്യയാണെന്നു റിപ്പോര്‍ട്ടെഴുതിയ ക്രൈം ബ്രാഞ്ച് അവരുടെ പക്കലുണ്ടായിരുന്ന തെളിവു സാധനങ്ങള്‍ സി.ബി.ഐയെ ഏല്‍പിക്കാതെ കത്തിച്ചുകളഞ്ഞതായും വര്‍ഗീസ് പി. തോമസിന്റെ ആരോപണം.
1994 ജൂണ്‍ 2: ജോയിന്റ് ഡയറക്ടര്‍ എം.എല്‍. ശര്‍മയുടെ നേതൃത്വത്തിലുള്ള പ്രത്യേക സി.ബി.ഐ സംഘത്തിന് അന്വേഷണച്ചുമതല.
അന്വേഷണത്തിന്റെ ഭാഗമായി വിശദമായ ഫൊറന്‍സിക് പരിശോധനകളും ഡമ്മി പരീക്ഷണവും. കൊലപാതകമെന്നു ഫൊറന്‍സിക് വിദഗ്ദ്ധര്‍ സി.ബി.ഐയ്ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചന.
1996 നവംബര്‍ 26: വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനു ശേഷം കേസ് എഴുതിത്തള്ളണം എന്നാവശ്യപ്പെട്ടു സി.ബി.ഐയുടെ റിപ്പോര്‍ട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍. റിപ്പോര്‍ട്ട് തള്ളിയ കോടതിയില്‍ നിന്നു സി.ബി.ഐയ്ക്കു വിമര്‍ശനം.
1997 ജനുവരി 18: സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് അഭയയുടെ പിതാവ് ഹരജി നല്‍കി.
സത്യസന്ധമായി വീണ്ടും കേസന്വേഷിക്കാന്‍ സി.ബി.ഐയ്ക്കു വീണ്ടും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി നിര്‍ദേശം.
1997 മാര്‍ച്ച് 20 കേസ് പുനരന്വേഷിക്കാന്‍ എറണാകുളം സി.ജെ.എം കോടതി നിര്‍ദ്ദേശം.
1999 ജൂലൈ 12: കൊലപാതകം തന്നെ എന്നു സി.ജെ.എം കോടതിയില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. നിര്‍ണായക തെളിവുകളെല്ലാം പൊലിസ് നശിപ്പിച്ചതിനാല്‍ പ്രതികളെ പിടിക്കാനാവുന്നില്ലെന്നും സി.ബി.ഐ വാദം.
2000 ജൂണ്‍ 23: പുനരന്വേഷണത്തിനു പുതിയ ടീമിനെ നിയമിക്കാന്‍ സി.ബി.ഐയ്ക്ക് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആന്റണി ടി. മൊറെയ്‌സിന്റെ നിര്‍ദേശം. ബ്രെയ്ന്‍ ഫിംഗര്‍ പ്രിന്റിംഗ് അടക്കം നൂതന കുറ്റാന്വേഷണ മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും ഉത്തരവ്.
2001 മേയ് 18: അഭയ കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ സി.ബി.ഐയ്ക്കു ഹൈക്കോടതിയുടെ നിര്‍ദേശം.
2001 ആഗസ്റ്റ് 16: സി.ബി.ഐ ഡി.ഐ.ജി നന്ദകിഷോറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം പുനരന്വേഷണത്തിനു കോട്ടയത്ത്.
2002 ഏപ്രില്‍ രണ്ട്: അഭയ കേസ് സി.ബി.ഐയെക്കൊണ്ടു വീണ്ടും സമ്പൂര്‍ണമായി അന്വേഷിപ്പിക്കണമെന്നു കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപത.
2005 ആഗസ്റ്റ് 30: കേസന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടി സി.ബി.ഐ മൂന്നാം തവണയും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍. മൂന്നാം തവണയാണ് ഈ ആവശ്യം ഉന്നയിച്ചത്.
2006 ആഗസ്റ്റ് 21: അന്വേഷണം അവസാനിപ്പിച്ചു പിന്‍മാറാന്‍ സി.ബി.ഐയ്ക്ക് അനുമതി നിഷേധിച്ച് വീണ്ടും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവ്. പൊലിസ് തെളിവു നശിപ്പിച്ചു എന്നു പറഞ്ഞു കൈകഴുകാനാകില്ലെന്നും കോടതി നിരീക്ഷണം.
2007 ഏപ്രില്‍ മേയ്: അഭയ കേസിലെ ആന്തരികാവയവ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നുവെന്ന വെളിപ്പെടുത്തലോടെ കേസ് വീണ്ടും സജീവമാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന രജിസ്റ്ററില്‍നിന്ന് അഭയയുടെ റിപ്പോര്‍ട്ട് കാണാതായെന്നു കോടതിയില്‍ പൊലിസ് സര്‍ജന്റെ റിപ്പോര്‍ട്ട്.
2007 മേയ് 22: ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ നടന്നതായി തിരുവനന്തപുരം സി.ജെ.എം കോടതി വ്യക്തമാക്കുന്നു.
2007 ജൂണ്‍ 11: അന്വേഷണം പുതി സി.ബി.ഐ സംഘത്തിന്
2007 ജൂലൈ ആറ്: കേസില്‍ ആരോപണ വിധേയരാവരേയും മുന്‍ എ.എസ്.ഐയേയും നാര്‍ക്കോ അനാലിസിസിന് വിധേയരാക്കാന്‍ കോടതി ഉത്തരവ്.
2007 ആഗസ്റ്റ് 3: നാര്‍ക്കോ പരിശോധന
2007 ഡിസംബര്‍ 11: സി.ബി.ഐ ഇടക്കാല റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
2008 ഒക്ടോബര്‍ 23: സിസ്റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കേരള ഘടകം അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
2008 നവംബര്‍ 18: സഞ്ജു മാത്യു വിശദമായ മൊഴി നല്‍കി
2008 നവംബര്‍ 18: കേസിലെ ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍, രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സി.ബി.ഐ സംഘം അറസ്റ്റ് ചെയ്തു.
2008 നവംബര്‍ 19: കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി പൊലിസ് കറ്റഡിയില്‍.
2008 നവംബര്‍ 19: അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കോടതി, സി.ബി.ഐ കസ്റ്റഡിയില്‍ വിടുന്നു.
2008 നവംബര്‍ 24: സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ്.ഐ വി.വി. അഗസ്റ്റിന്‍ ആത്മഹത്യ ചെയ്തു. ആത്മഹത്യക്കുറിപ്പില്‍ സി.ബി.ഐ. മര്‍ദിച്ചതായുള്ള ആരോപണം.
2008 ഡിസംബര്‍ 2: പ്രതികളെ പൊലിസ് കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി തീരുമാനിക്കുന്നു.
2008 ഡിസംബര്‍ 29: പ്രതികളുടെ ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് തള്ളിക്കളയുന്നു.
ജാമ്യാപേക്ഷ ഹൈക്കോടതി ജഡ്ജി ഹേമയുടെ പരിഗണനയില്‍.
സി.ബി.ഐയുടെ വാദങ്ങള്‍ കേസ് നാള്‍വഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളവയ്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് ഹേമ നിരീക്ഷിക്കുന്നു. കേസ് സ്ഥലം മാറ്റണമെന്ന സി.ബി.ഐയുടെ ആവശ്യം ഹൈക്കോടതി തള്ളിക്കളയുന്നു.
തിരുവനന്തപുരത്തു നിന്നുള്ള പത്രം വിവാദമായ ഒരു മുഖപ്രസംഗം എഴുതുന്നു. പത്രത്തിനെതിരെ കോടതിയലക്ഷ്യകേസ്.
2009 ജനുവരി 2: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ഹേമ പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിക്കുന്നു. കോടതിമുമ്പാകെ ഹാജരാക്കിയ നാര്‍ക്കോ പരിശോധനാസംബന്ധമായ സി.ഡികള്‍ സി.ബി.ഐ. തിരിമറി നടത്തിയവയായിരിക്കാമെന്ന് അവര്‍ നിരീക്ഷിക്കുന്നു. സി.ഡി.കളുടെ മൂലം ഹാജരാക്കാന്‍ കോടതി ഉത്തരവിടുന്നു.
ജസ്റ്റിസ് ഹേമയുടെ ഉത്തരവുകള്‍ കേസിനെ സ്തംഭിപ്പിച്ചുവെന്നാരോപിച്ച്, സി.ബി.ഐ. ജസ്റ്റിസ് ബാസന്തിന്റെ ഏകാംഗ ബഞ്ചിനെ സമീപിക്കുന്നു. തനിക്ക് മാത്രമാണ് കേസിന്റെ മേല്‍നോട്ടമെന്ന് ജസ്റ്റിസ് ബസന്ത് ഉത്തരവിടുന്നു.
എല്ലാ ഹൈക്കോടതി ജഡ്ജിമാരും തുല്യരാണെന്നും മുന്തിയ ബെഞ്ചിനുമാത്രമേ തന്റെ തീരുമാനങ്ങളെ മരവിപ്പിക്കാന്‍ അധികാരമുള്ളൂ എന്നും വാദിച്ച്, ജസ്റ്റിസ് ബസന്തിന്റെ ഉത്തരവുകള്‍ അടുത്ത ദിവസം ജസ്റ്റിസ് ഹേമ തള്ളിക്കളയുന്നു.
ജഡ്ജിമാരുടെ പരസ്യമായ തര്‍ക്കം മാധ്യമങ്ങളിലും, നിയമസമൂഹത്തിലും, പൊതുജനങ്ങള്‍ക്കിടയിലും ചര്‍ച്ചാവിഷയമാകുന്നു.
കേസിന്റെ മേല്‍നോട്ടത്തില്‍നിന്ന് ജസ്റ്റിസ് ബസന്ത് ഒഴിയുന്നു.
2009 ജനുവരി 14: കേസിന്റെ മേല്‍നൊട്ടം കേരള ഹൈക്കോടതിയുടെ ഒരു ഡിവിഷന്‍ ബെഞ്ച് ഏറ്റെടുക്കുന്നു. നാര്‍ക്കോ സംബന്ധമായ മൂലസി.ഡി.കള്‍ മുഖ്യ ജുഡീഷ്യന്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ.
2009 ഫെബ്രുവരി 20: ജോമോന്‍ പുത്തന്‍പുരക്കലിന്റെ ആത്മകഥാപരമായ അഭയകേസ് ഡയറി പുറത്തിറങ്ങുന്നു.
2009 മാര്‍ച്ച് 9: നാര്‍ക്കോ സി.ഡി.കള്‍ പരിശോധിക്കാനുള്ള സാങ്കേതിക പ്രശ്‌നം പറഞ്ഞ് അവ തിരികെ അയക്കുന്നു.
2009 മാര്‍ച്ച് 12: പ്രതികളുടെ ജാമ്യവ്യവസ്ഥകളില്‍ ഹൈക്കോടതി അയവുവരുത്തുന്നു. അതിന്റെ മുമ്പില്‍ അഭയകേസ് സംബന്ധമായുണ്ടായിരുന്ന എല്ലാ നടപടികളും ഹൈക്കോടതി അവസാനിപ്പിക്കുന്നു. എറണാകുളം മുഖ്യ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടപടികള്‍ തുടരുന്നു.
അഭയയുടെ കൂടെ മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ ഷെര്‍ളിയേയും രണ്ട് അടുക്കളജോലിക്കാരേയും നാര്‍ക്കോ പരിശോധനക്ക് വിധേയരാക്കാന്‍ സി.ബി.ഐ. അനുമതി ആവശ്യപ്പെടുന്നു. കോടതി അനുമതി കൊടുക്കുന്നു. ഈ ഉത്തരവ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുന്നു.
2009 മാര്‍ച്ച് 23: മുഖപ്രസംഗം സംബന്ധിച്ച് പത്രം നിരുപാധിക ഖേദം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പത്രത്തിനെതിരായുള്ള കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി അവസാനിപ്പിക്കുന്നു.
2012
കൊലക്കേസില്‍ കോട്ടയം ബി.സി.എം കോളേജിലെ മുന്‍ പ്രഫസര്‍ ത്രേസ്യാമ്മയുടെ വെളിപ്പെടുത്തല്‍ പ്രകാരം കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായിരുന്ന കുര്യാക്കോസ് കുന്നശ്ശേരിക്കു പങ്കുണ്ടെന്നു സി.ബി.ഐ കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
2013
പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി. മൈക്കിള്‍ നല്‍കിയ ഹരജിയിയില്‍ വാദം കേള്‍ക്കവെ കേസ് തുടരന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
2011 മാര്‍ച്ച് 16 ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രതികള്‍ വിടുതല്‍ ഹരജി നല്‍കി. കുറ്റപത്രം നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് പ്രതികള്‍ കോടതിയില്‍ വിടുതല്‍ ഹരജി നല്‍കിയത്.
2014 മാര്‍ച്ച് 19: അഭയ കേസില്‍ തെളിവ് നശിപ്പിച്ച ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.ടി. മൈക്കിള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ സി.ബി.ഐ തുടരന്വേഷണം നടത്തുവാന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജിയില്‍ ഹൈക്കോടതി ഉത്തരവ്.
2015 ജൂണ്‍ 30: അഭയ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിആയിരുന്ന കെ. സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ. കോടതിയില്‍ സി.ബി.ഐ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കി.
2018 ജനുവരി 22: അഭയ കേസില്‍ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് എസ്.പിആയിരുന്ന കെ.ടി. മൈക്കിളിനെ നാലാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി ജെ. നാസറിന്റെ ഉത്തരവ്.
2019 ഏപ്രില്‍ 9: അഭയ കേസിന്റെ വിചാരണ വേളയില്‍ ക്രിമിനല്‍ നടപടി ക്രമം 319 വകുപ്പ് പ്രകാരം കെ.ടി. മൈക്കിളിനെതിരെ വിചാരണ ഘട്ടത്തില്‍ തെളിവ് ലഭിച്ചാല്‍ സി.ബി.ഐ കോടതിക്ക് പ്രതിയാക്കാമെന്ന് ഹൈക്കോടതി ഉത്തരവ്
2019 ജൂലൈ 15: പ്രതികളുടെ ഹരജി തള്ളി കൊണ്ട് സി.ബി.ഐ കോടതിയില്‍ വിചാരണ നേരിടുവാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. പ്രതികളുടെ ഹരജി സുപ്രിം കോടതി തള്ളിയതിനെ തുടര്‍ന്ന് ഒന്നാം പ്രതി തോമസ് കോട്ടൂരിനും, മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും എതിരായ കുറ്റപത്രം തിരുവനന്തപുരം സി.ബി.ഐ കോടതി സ്‌പെഷ്യല്‍ ജഡ്ജി കെ. സനല്‍ കുമാര്‍ 2019 ആഗസ്റ്റ് 5 ന് പ്രതികളെ വായിച്ചു കേള്‍പ്പിച്ചു.
2019 ആഗസ്റ്റ് 26: സി.ബി.ഐ കോടതിയില്‍ അഭയ കേസിന്റെ വിചാരണ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."