അപ്പപ്പാറ വില്ലേജ് ഓഫിസില്‍ കൈവശക്കാര്‍ രാപ്പകല്‍ സമരം തുടങ്ങി
മാനന്തവാടി: റീ സര്‍വേ പൂര്‍ത്തിയായിട്ടും പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തിരുനെല്ലി വില്ലേജിലെ കൈവശ കര്‍ഷകര്‍ അപ്പപ്പാറ വില്ലേജ് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. കര്‍ഷക, കര്‍ഷകതൊഴിലാളി, ആദിവാസി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം.
മൂന്ന് പതിറ്റാണ്ടായി സ്ഥലത്ത് കൃഷി ചെയ്യുകയും വീട് വച്ച് താമസിക്കുകയും ചെയ്യുന്ന 250ഓളം കൈവശക്കാരാണ് പട്ടയമില്ലാതെ ദുരിതം അനുഭവിക്കുന്നത്. ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്.
തോല്‍പ്പെട്ടി, അരണപ്പാറ, ആക്കൊല്ലിക്കുന്ന്, സര്‍വാണി, തിരുനെല്ലി എരുവെക്കി പ്രദേശങ്ങളില്‍ താമസിക്കുന്നവരാണിവര്‍.
ഭൂരിഭാഗത്തിനും അഞ്ചുംപത്തും സെന്റ് ഭൂമിയാണുള്ളത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിലകൊടുത്ത് ഭൂമി വാങ്ങിയവരാണിവര്‍. കൈവശഭൂമിയുടെ നികുതിയും സ്വീകരിക്കുന്നില്ല. ഇതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും വായ്പയും അനുവദിക്കാറില്ല.
പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നെങ്കിലും നടപടിയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കര്‍ഷകസംഘം, കര്‍ഷകതൊഴിലാളി യൂനിയന്‍, ആദിവാസി ക്ഷേമസമിതി എന്നിവയുടെ നേതൃത്വത്തില്‍ സമരസമിതി രൂപീകരിച്ച് അപ്പപ്പാറയിലെ വില്ലേജ് ഓഫിസിന് മുന്നില്‍ രാപ്പകല്‍ സമരം ആരംഭിച്ചത്.
സി.പി.എം ജില്ലാസെക്രട്ടറിയറ്റ് അംഗം പി.വി സഹദേവന്‍ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്‍മാന്‍ എന്‍.ജെ മാത്യു അധ്യക്ഷനായി.
സി.കെ ശങ്കരന്‍, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് മായാദേവി, കെ.സി മണി സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ കെ.ടി ഗോപിനാഥന്‍ സ്വാഗതം പറഞ്ഞു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."