എന്റെ അന്വേഷണം സത്യസന്ധമാണെന്ന് തെളിഞ്ഞു: നിറകണ്ണുകളോടെ വര്‍ഗീസ് പി തോമസ്
തിരുവനന്തപുരം:അഭയകൊലക്കേസിലെ വിധിയില്‍ സന്തോഷമറിയിച്ച് വര്‍ഗീസ് പി തോമസ്.അന്വേഷണം നീതിപൂര്‍വ്വമാണെന്ന് തെളിഞ്ഞെന്ന് അദ്ദേഹം പ്രതികരിച്ചു.തന്റെ അന്വേഷണം സത്യസന്ധമായിരുന്നു അതിനുള്ള തെളിവാണ് കോടതി വിധിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ കേസും നൂറ് ശതമാനം സത്യസന്ധമായാണ് അന്വേഷിച്ചിട്ടുള്ളത്. അതിന്റെ തെളിവാണ് കോടതിയുടെ ഈ വിധി.കുറ്റം തെളിഞ്ഞു എന്നുപറഞ്ഞാല്‍ സത്യം ജയിച്ചു എന്നാണ്. ഇനി ശിക്ഷ എന്തായാലും കൂടിപ്പോയാലും കുറഞ്ഞാലും പ്രശ്നമില്ല. കുറ്റം തെളിഞ്ഞപ്പോള്‍ തന്നെ എന്റെ അന്വേഷണം നീതിപൂര്‍വ്വമായിരുന്നു എന്നു തെളിഞ്ഞു. ഞാന്‍ സന്തുഷ്ടനാണെന്നും വര്‍ഗീസ് പി തോമസ് പറഞ്ഞു.
അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത് അന്ന് സിബിഐ ഡിവൈഎസ്പി ആയിരുന്ന വര്‍ഗീസ് പി തോമസായിരുന്നു. കൊലപാതകം ആത്മഹത്യ എന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അവസാനിപ്പിച്ചിടത്തു നിന്നാണ് സിബിഐ അന്വേഷണം ആരംഭിക്കുന്നത്. വര്‍ഗീസ് പി തോമസിന്റെ നേതൃത്വത്തില്‍ ആയിരുന്നു അന്വേഷണം. ആത്മഹത്യയാണെന്ന ക്രൈം ബ്രാഞ്ചിന്റെ വാദം തള്ളി ഇത് കൊലപാതകം എന്ന് ഈ അന്വേഷണത്തിലാണ് കണ്ടെത്തിയത്. അഭയയുടെ മരണം കൊലപാതകമാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ വര്‍ഗീസ് തോമസ് സമ്മര്‍ദ്ദങ്ങള്‍ വഴങ്ങാതെ വിആര്‍എസ് എടുക്കുകയായിരുന്നു.
സത്യത്തിന് വേണ്ടി നിലകൊണ്ട് അതിന് കൊടുത്ത വിലയാണ് എന്റെ വിആര്‍എസ്. പത്ത് വര്‍ഷം ബാക്കിയുള്ളപ്പോഴാണ് വിആര്‍എസ് എടുത്തത്- തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."