50 ദിനം 100 കുളം പദ്ധതി: എട്ടാം ഘട്ടത്തിന് തുടക്കം
കാക്കനാട്: ജില്ലാഭരണകൂടത്തിന്റെ 50 ദിനം 100 കുളം പദ്ധതിയുടെ എട്ടാംഘട്ടത്തിന് തുടക്കമായി. കാലടി ചിറ്റൂര്‍ കുളം, കുട്ടമ്പുഴ മണിവില്ലപ്പടിത്താഴം കുളം, നെല്ലിക്കുഴി പുറത്തേക്കുളം, കടമക്കുടി പള്ളിക്കുളം എന്നീ കുളങ്ങളാണ് ആദ്യദിനം വൃത്തിയാക്കിയത്. ഇതോടെ പദ്ധതിയില്‍ ആകെ വൃത്തിയാക്കിയ കുളങ്ങളുടെ എണ്ണം 127 ആയി.
മാണിക്കമംഗലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ്, ഗവ.എച്ച്എസ്എസ് കുട്ടമ്പുഴ, ഗവ.എച്ച്എസ്എസ് കടമക്കുടി എന്നീ സ്കൂളുകളിലെ എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ കുളം ശുചീകരണത്തില്‍ സജീവമായി പങ്കെടുത്തു.
ഐക്കരനാട് പുത്തന്‍ചിറ കുളം, ചേരാനെല്ലൂര്‍ കണ്ണന് കുളം, കളമശേരി വിടക്കുഴ ക്ഷേത്ര കുളം, കൊച്ചി രാമേശ്വരം ക്ഷേത്ര കുളം, കോട്ടപ്പടി പൂച്ചക്കുളം, കുന്നത്തുനാട് മങ്കുളം, മഴുവന്നൂര്‍ പോത്താനം ചിറ, മുളന്തുരുത്തി പമ്പ്ര മഹാദേവ ക്ഷേത്രം കുളം, ഞാറയ്ക്കല്‍ ലക്ഷം വീട് കോളനി കുളം, വടക്കന്‍ പറവൂര്‍ തോണിയക്കാവ് കുളം, ഒക്കല്‍ പുല്ലാനിക്കുളം, പായിപ്ര പുളിനാട് ചിറ, പാമ്പാക്കുട വെങ്കലത്തു ചാല് കുളം, പെരുമ്പാവൂര്‍ താലൂക്കിനു സമീപത്തെ കുളം, പൂത്രിക്ക പുരച്ചിറ കുളം, കുഴിക്കാട്ടു ചിറ, ഉദയംപേരൂര്‍ പാപ്പാനിക്കുളം, പുതുകുളം, വലിയ കുളം എന്നീ കുളങ്ങള്‍ ഇന്ന് വൃത്തിയാക്കും.
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് കുളം ശുചീകരണം നടപ്പാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പരിസരവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിത കേരള മിഷന്, ശുചിത്വ മിഷന്, നെഹ്റു യുവകേന്ദ്ര, തൊഴിലുറപ്പു പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. 30 വരെ തുടരുന്ന പദ്ധതിയില്‍ 150 കുളങ്ങള്‍ വൃത്തിയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."