സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശനം; ഇന്ന് ഗൃഹസന്ദര്‍ശനം
കല്‍പ്പറ്റ: നവകേരള മിഷനുകളിലൊന്നായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ പ്രായമായ മുഴുവന്‍ കുട്ടികളെയും സ്‌കൂളുകളിലെത്തിക്കുക എന്ന ലക്ഷ്യത്തിനായി ആവിഷ്‌കരിച്ച സമ്പൂര്‍ണ സ്‌കൂള്‍ പ്രവേശന യജ്ഞത്തിന് ഇന്ന് തുടക്കമാകും.
പരിപാടിയുടെ ഭാഗമായി ഇന്ന് ജില്ലയിലെ മുഴുവന്‍ ജനപ്രതിനിധികളും സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ഗൃഹസന്ദര്‍ശനം നടത്തും. വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സംഘങ്ങളായി സര്‍വേയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രചാരണവും നടത്തും.
ഇന്ന് രാവിലെ സന്നദ്ധപ്രവര്‍ത്തകര്‍ സമീപ വിദ്യാലയത്തില്‍ 9.30ന് എത്തി സ്‌ക്വാഡുകളായി അതാത് വിദ്യാലയങ്ങളില്‍ നിന്ന് ലഭിക്കുന്ന സര്‍വേ ഫോറം, എം.എല്‍.എമാരുടെ കത്ത്, മഴക്കാല ശുചീകരണ ലഘുലേഖ എന്നിവ ശേഖരിച്ച് ഗൃഹസന്ദര്‍ശനം നടത്തണം. ഇത് പിന്നീട് പ്രധാന അധ്യാപകനെ ഏല്‍പ്പിക്കും. ഒ.ആര്‍ കേളു എം.എല്‍.എ ജി.എച്ച്.എസ്.എസ് തൃശ്ശിലേരിയിലെത്തി പ്ലാമൂല കോളനിയിലെ വീട് സന്ദര്‍ശിക്കും. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പുളിയാര്‍മല ജി.എല്‍.പി.എസിലെത്തി വാടോത്ത് കോളനി സന്ദര്‍ശിക്കും.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നടവയലില്‍ വീടുകള്‍ സന്ദര്‍ശിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി പനമരം ജി.എല്‍.പി.എസിലും എ.ഡി.എം കെ.എം രാജു പള്ളിക്കല്‍ ജി.എല്‍.പി.എസിലും എത്തി യജ്ഞത്തില്‍ പങ്കാളികളാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."