ഒന്നര വയസുകാരിക്ക് അപൂര്‍വ രോഗം; ചികിത്സക്ക് പണമില്ലാതെ കുടുംബം
ആലപ്പുഴ: ആശുപത്രി കിടക്കയില്‍ വേദന സഹിക്കവയ്യാതെ നിലവിളിക്കുന്ന ഒന്നര വയസുകാരി ഫാത്തിമയെ സന്ദര്‍ശിക്കുന്നവര്‍ക്ക് കണ്ണീര്‍ തുടച്ചല്ലാതെ മടങ്ങാനാവില്ല. കരഞ്ഞ് കണ്ണീര്‍വറ്റിയ മാതാവ് തന്റെ പൊന്നോമനയുടെ ദുര്‍വിധിയോര്‍ത്ത് കേഴുന്നു. ആറ് കീമോതെറാപ്പി ശരീരത്ത് കഴിഞ്ഞാലുണ്ടാകുന്ന വേദന പറഞ്ഞറിയിക്കാനാവില്ല. ഫാത്തിമക്ക് രോഗം കാന്‍സറാണ്.
കുഞ്ഞിന്റെ കരളിനെയാണ് അസുഖം ബാധിച്ചിരിക്കുന്നത്. വൈദ്യശാസ്ത്രം ഈ അസുഖത്തിന് നല്‍കിയിരിക്കുന്ന പേര്- ഹിപ്പറ്റൊ ബ്ലാസ്‌റ്റോമ (കരള്‍ അമിതമായി വളരുന്ന രോഗം). എറണാകുളത്തെ ലേക്‌ഷോര്‍ ഹോസ്പറ്റിലില്‍ കുറെ ദിവസം കുട്ടിയെ ചികിത്സിച്ചു. പിതാവ് ഷജീറിനെ ഇതിന് സഹായിച്ചത് സുമനസുകളാണ്. പിന്നീട് ചികിത്സ തിരുവനന്തപുരം ആര്‍.സി.സിയിലേക്ക് മാറ്റി. അവിടെ ആറ് കീമൊതെറാപ്പി കഴിഞ്ഞപ്പോള്‍ കുട്ടി തീരെ അവശയായി.
ആര്‍.സി.സി അധികൃതര്‍ ഉപദേശിച്ചത് കുട്ടിയെ ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സിക്കാനാണ്. 30 ലക്ഷം രൂപാ ചികിത്സാ ചെലവ് എന്നത് ഫാത്തിമ്മയുടെ മാതാപിതാക്കളെ പാടെ തളര്‍ത്തി. മുഖത്തോടു മുഖം നോക്കി കരയുവാനെ അവര്‍ക്കായുള്ളൂ.
തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധാരന്റെ ചികിത്സയിലാണിപ്പോള്‍. സ്വന്തമായി ഒരു കൂര പോലുമില്ലാത്ത ഈ ദരിദ്ര ദമ്പതികളുടെ കുഞ്ഞിന്റെ തുടര്‍ന്നുള്ള ചികിത്സയ്ക്കും അതുവഴി അവളെ വേദനയുടെ ലോകത്തുനിന്ന് കരകയറ്റി സുഖനിദ്ര പ്രദാനം ചെയ്യാനും മനുഷ്യസ്‌നേഹികള്‍ മനസ് വെച്ചാല്‍ സാധിക്കും. ആലപ്പുഴ ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ആന്ധ്ര ബാങ്കില്‍ സുറുമിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് സുമനസുകളുടെ സഹായമെത്തിക്കണമെന്ന് അപേക്ഷ. അക്കൗണ്ട് നമ്പര്‍: 100810100065.IFSC CODE ANDB 0001008.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."