ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യയെന്ന് മുല്ലപ്പള്ളി
കോഴിക്കോട്: എനിക്കു വേണ്ടി പിരിവെടുത്ത് കാര്‍ വാങ്ങേണ്ടതില്ലെന്ന് യൂത്ത് കോണ്‍ഗ്രസിനോട് രമ്യ ഹരിദാസ് എം.പി വ്യക്തമാക്കിയതിനു പിന്നാലെ എം.പിയെ പ്രശംസിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യയെന്നും
പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് കെ.പി.സി.സി ഉപദേശം മാനിച്ച് പിന്‍വാങ്ങുന്നു എന്ന എന്റെ കൊച്ചനുജത്തി രമ്യാ ഹരിദാസ് എം.പിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്നും ഫേസ്ബുക്കില്‍ മുല്ലപ്പള്ളി കുറിച്ചു.
പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനെ ചൊല്ലി വലിയ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയിലടക്കം നടന്നിരുന്നു. അതിനിടെയാണ് പിരിവെടുത്ത് കാര്‍ വാങ്ങുന്നതിനോട് യോജിപ്പില്ലെന്ന് മുല്ലപ്പള്ളി പരസ്യമായി വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരഭിപ്രായം പറഞ്ഞാല്‍ അതാണ് എന്റെ അവസാന ശ്വാസം. ഞാന്‍ കെ.പി.സി.സി പ്രസിഡണ്ടിന്റെ വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നുവെന്നും കാര്‍ വേണ്ടതില്ലെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനെ പ്രശംസിച്ചാണ് കെ.പി.സി.സി അധ്യക്ഷന്‍ രംഗത്തെത്തിയത്.
ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹസഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു ജേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചതെന്നും കുറിപ്പില്‍ മുല്ലപ്പള്ളി പറയുന്നു.
അതേസമയം യൂത്ത് കോണ്‍ഗ്രസിന്റെ രമ്യയോട് കാണിച്ച സന്മനസിനെ അഭിനന്ദിക്കാനും മുല്ലപ്പള്ളി മറന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."