ഇത് ചരിത്രനിമിഷം; ചന്ദ്രയാന്‍ 2 ഭ്രമണപഥത്തില്‍
ബംഗളൂരു: ചരിത്രത്തിലേക്ക് മിഴിതുറന്ന് ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാന്‍-2 ഭ്രമണപഥത്തിലെത്തി. കൃത്യം 2.43നാണ് ചന്ദ്രനെ ലക്ഷ്യമാക്കി രാജ്യത്തിന്റെ അഭിമാനമായ ദൗത്യം കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍നിന്ന് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ചന്ദ്രയാന്‍ രണ്ടിനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നത്. വിക്ഷേപണത്തിന്റെ 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് ആരംഭിച്ചിരുന്നു. അതേസമയം വിജയകരമായി പൂര്‍ത്തീകരിച്ച ആദ്യഘട്ടത്തിനു ശേഷം രണ്ടാമത്തെ ഘട്ടവും വിജയകരമായി പൂര്‍ത്തിയാവുകയാണ്.
ചന്ദ്രനെ വലംവയ്ക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രന്റെ ഉപരിതലത്തില്‍ ഗവേഷണം നടത്തുന്ന റോബോട്ടിക് റോവര്‍, സുരക്ഷിതമായി ചന്ദ്രനില്‍ ഇറങ്ങുന്ന ലാന്‍ഡര്‍ എന്നിവ അടങ്ങുന്നതാണ് ചന്ദ്രയാന്‍-2 ദൗത്യം. ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങുന്ന രീതിയായിരുന്നു നേരത്തെ വിക്ഷേപിച്ച ചന്ദ്രയാന്‍-ഒന്നിന്റേത്. ഇത്തവണ സോഫ്റ്റ് ലാന്‍ഡിങ്ങിനാണ് ശ്രമിക്കുന്നത്. അമേരിക്കയും റഷ്യയും ചൈനയും ഇതില്‍ നേരത്തേ വിജയിച്ചിരുന്നു. വായു സാന്നിധ്യമില്ലാത്തതുകൊണ്ട് എതിര്‍ദിശയില്‍ എന്‍ജിന്‍ പ്രവര്‍ത്തിച്ച് വേഗം നിയന്ത്രിച്ചായിരിക്കും ലാന്‍ഡറിനെ ചന്ദ്രനിലിറക്കുന്നത്. ദക്ഷിണ ധ്രുവത്തില്‍ കൂടുതല്‍ വെള്ളത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്.
ജൂലൈ 15ന് പുലര്‍ച്ചെ 2.51ന് പുറപ്പെടേണ്ടതായിരുന്നു. എന്നാല്‍, റോക്കറ്റിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിക്ഷേപണത്തിന് കഷ്ടിച്ച് ഒരുമണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നു. വിക്ഷേപണ തിയതി വൈകിയെങ്കിലും സെപ്റ്റംബര്‍ ഏഴിന് ചാന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറക്കാനാണ് ഐ.എസ്.ആര്‍.ഒയുടെ തീരുമാനം. നേരത്തെ 28 ദിവസം വലം വച്ച ശേഷം ലാന്ററിനെ ചന്ദ്രനില്‍ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. അതേസമയം ആദ്യപദ്ധതിപ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പ്ലാന്‍ പ്രകാരം 23 ദിവസമായി കൂടി. ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയം അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴ് ദിവസം ആക്കിയും തിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."