പൈപ്പ്‌ലൈന്‍ പദ്ധതി കമ്മിഷനിങിന് സജ്ജമായി
കൊച്ചി: പശ്ചിമകൊച്ചിയില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലേക്ക് 15 ദശലക്ഷം ലിറ്റര്‍ കുടിവെള്ളം കൂടുതലായി എത്തിക്കുന്നതിനുള്ള പൈപ്പ്‌ലൈന്‍ പദ്ധതി കമ്മിഷനിങിന് സജ്ജമായി. സുരക്ഷാ പരിശോധനകളും ട്രയല്‍ റണ്ണും പൂര്‍ത്തിയായാലുടന്‍ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും.
നിലവില്‍ വിതരണം ചെയ്യുന്ന 25 ദശലക്ഷം ലിറ്ററിന് പുറമെ 15 ദശലക്ഷം ലിറ്റര്‍ കൂടി ലഭിക്കുന്നതോടെ ഈ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ജനറം കുടിവെള്ള പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ് പുതുതായി സ്ഥാപിച്ച 700 എം.എം പൈപ്പ്‌ലൈനിലൂടെ ഫോര്‍ട്ടുകൊച്ചിയിലേക്കും മട്ടാഞ്ചേരിയിലേക്കുമെത്തുക. 755 ലക്ഷം രൂപയാണ് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്. ജനറം പദ്ധതിയില്‍ നിന്നുള്ള വെള്ളം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സിഫ്റ്റ് ജംഗ്ഷനില്‍ നിന്നും ഹാര്‍ബര്‍ പാലം കടന്ന് തോപ്പുംപടി വഴി കരുവേലിപ്പടിയിലുള്ള ടാങ്കില്‍ എത്തിച്ചാണ് വിതരണം.
പശ്ചിമകൊച്ചി മേഖലയില്‍ അമ്പതിനായിരം കുടുംബങ്ങളിലായി ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."