ജനിതകമാറ്റം വന്ന വൈറസിനെതിരേയും വാക്സിന്‍ ഫലപ്രദമാകുമെന്ന് ബയോണ്‍ടെക്
ലണ്ടന്‍: ബയോണ്‍ടെക് വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിന്‍ ബ്രിട്ടനില്‍ പടരുന്ന കൊറോണ വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെതിരേ ഫലപ്രദമാകുമെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഉഗുര്‍ സാഹിന്‍. പ്രത്യേക ആവശ്യമുണ്ടെങ്കില്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ കൂടുതല്‍ അനുയോജ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ബയോണ്‍ടെകിന്റെ വാക്സിന്‍ നല്‍കുന്ന രോഗപ്രതിരോധ പ്രതികരണത്തിന് വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദത്തിനെ നേരിടാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.
ബ്രിട്ടനില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ വകഭേദത്തിന് ഒന്‍പത് മ്യൂട്ടേഷകളാണ് സംഭവിച്ചിരിക്കുന്നത്. എന്നിരുന്നാലും വാക്സിന്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാരണം അതില്‍ ആയിരത്തിലധികം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ഒമ്പത് എണ്ണം മാത്രമേ മാറിയിട്ടുള്ളൂ, 99 ശതമാനം പ്രോട്ടീനും ഇപ്പോഴും സമാനമാണെന്നും അദ്ദേഹം പറഞ്ഞു.
വകഭേദത്തില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ സംരക്ഷണം നല്‍കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. പക്ഷേ പരീക്ഷണം നടത്തിയാല്‍ മാത്രമേ ഞങ്ങള്‍ക്കത് അറിയാന്‍ കഴിയൂ എന്നും ഗുര്‍ സാഹിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."