സാമ്പ്രാണിത്തുരുത്തിന്റെ കരുതലിന് നാടിനൊപ്പം വിദേശ കരങ്ങളും
കൊല്ലം: സാമ്പ്രാണിത്തുരുത്തില്‍ സന്ദര്‍ശനവും ശുചീകരണവും കൂട്ടായ്മയ്ക്ക് കരുത്തായി വിദേശ കരങ്ങളും.
നാടന്‍ വള്ളത്തില്‍ നിന്നിറങ്ങി മുട്ടറ്റം വെള്ളത്തില്‍ സാമ്പ്രാണിതുരുത്തിന്റെ മനോഹാരിതയിലേക്ക് എം. മുകേഷ് എം.എല്‍.എയ്‌ക്കൊപ്പം നടന്നു കയറുമ്പോള്‍ കസാഖിസ്ഥാന്‍ സ്വദേശി നടാലിയയും മകന്‍ സെര്‍ജിയും പറഞ്ഞു, 'ഇത് ദൈവത്തിന്റെ സ്വന്തം നാട്'.
പ്രളയാനന്തര കേരളത്തില്‍ ഉണര്‍വിന്റെ സന്ദേശം ടൂറിസം മേഖലയ്ക്ക് പകര്‍ന്ന് ഡി.റ്റി.പി.സിയും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും തുരുത്തില്‍ സംഘടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തകരുടേയും പ്രകൃതി സ്‌നേഹികളുടെയും സഞ്ചാരികളുടേയും സന്ദര്‍ശനവും ശുചീകരണവുമാണ് വിദേശ വനിതയ്ക്കും മകനും വ്യത്യസ്ത അനുഭവമായത്.
വേലിയേറ്റത്തില്‍ അടിയുന്ന പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നതിന് ക്ലീന്‍ ഡസ്റ്റിനേഷന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ആദ്യന്തം ഇരുവരും പങ്കെടുത്തു. ഡി.റ്റി.പി.സി ഓഫിസില്‍ നിന്ന് പരിപാടിയെക്കുറിച്ച് അറിഞ്ഞാണ് ഇവര്‍ സംഘത്തിനൊപ്പം ചേര്‍ന്നത്. പരിസ്ഥിതി സംരക്ഷണത്തിനായുള്ള കേരളത്തിലെ ജനകീയ കൂട്ടായ്മ മാതൃകാപരമാണെന്ന് ഇവര്‍ പറഞ്ഞു.
അഷ്ടമുടി കായലിലെ തുരുത്തുകളെ ബന്ധിപ്പിച്ച് ടൂറിസം പാക്കേജ് അരംഭിക്കണമെന്ന് ശുചീകരണം ഉദ്ഘാടനം ചെയ്ത എം. മുകേഷ് എം.എല്‍.എ നിര്‍ദേശിച്ചു. സഞ്ചാരികള്‍ക്ക് ആകര്‍ഷകമായ അനുഭവങ്ങള്‍ ഓരോയിടത്തും സൃഷ്ടിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്ക് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഗീരീഷ്‌കുമാര്‍, ഡി.റ്റി.പി.സി സെക്രട്ടറി സി. സന്തോഷ്‌കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ്, ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് ഗീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."